അട്ടപ്പാടി മധു കേസ്; ഒന്നാം പ്രതിയുടെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി നടപടിക്കെതിരെ കുടുംബം സുപ്രിംകോടതിയിലേക്ക്
ഹുസൈന്റെ മർദനമാണ് മധുവിന്റെ മരണത്തിന് കാരണമായതെന്ന് മധുവിന്റെ സഹോദരി സരസു ആരോപിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്‍റെ കുടുംബം സുപ്രിംകോടതിയിലേക്ക്. ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി നടപടിക്കെതിരെയാണ് കുടുംബം സുപ്രിംകോടതിയെ സമീപിക്കുക. ഹുസൈന്റെ മർദനമാണ് മധുവിന്റെ മരണത്തിന് കാരണമായതെന്ന് മധുവിന്റെ സഹോദരി സരസു ആരോപിച്ചു.
'ആള്‍ക്കൂട്ടത്തിലേക്ക് ഓടിയെത്തിയ ഹുസൈൻ മധുവിനെ ചവിട്ടുകയായിരുന്നു. ചവിട്ടിയപ്പോള്‍ മധുവിന്‍റെ തലക്കേറ്റ അടിയാണ് മരണകാരണം. ഇത് മൊഴിയായി കോടതിയിൽ നൽകിയിട്ടുണ്ട്. കോടതി വിധിക്കെതിരെ ഞങ്ങള്‍ ശക്തമായി തന്നെ മുന്നോട്ട് പോകും'- സരസു.
ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും നീതികിട്ടാൻ എത് അറ്റംവരെയും പോകുമെന്നും മധുവിന്റെ അമ്മ മല്ലി പറഞ്ഞു.
മധു വധക്കേസിലെ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചിരുന്നു. മണ്ണാർക്കാട് എസ്.സി/ എസ്.ടി കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിൽ ആയിരുന്നു നടപടി. മധുവിനെ വനത്തിൽ നിന്ന് കൂട്ടിക്കൊണ്ടു പോരുമ്പോള്‍ ഹുസൈന്‍റെ സാന്നിധ്യം ഇല്ലായിരുന്നു എന്ന നിരീക്ഷണത്തിലാണ് ശിക്ഷ മരവിപ്പിച്ചത്. ആദ്യ 12 പ്രതികളുടെ ഹരജി തള്ളിയിരുന്നു. ശിക്ഷ മരവിപ്പിച്ചതിനാൽ അപ്പീലിൽ വിധി പറയുന്നത് വരെ ഒന്നാം പ്രതിക്ക് ജാമ്യത്തിൽ പുറത്തിറങ്ങാം.
ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യവും പാലക്കാട് റവന്യു ജില്ല പരിധിയിൽ കടക്കരുത് എന്ന നിബന്ധനയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. അപ്പീലിൽ വിധി വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് തടയണം എന്നായിരുന്നു പ്രതികളുടെ ആവശ്യം.കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ച് 2024 ജനുവരിയിൽ അപ്പീലുകളിൽ വാദം കേൾക്കും.
Adjust Story Font
16