Quantcast

കുംകിയാനകളെ ആക്രമിക്കാൻ ശ്രമം; വഴങ്ങാതെ അരിക്കൊമ്പൻ- ദൗത്യത്തിന് വെല്ലുവിളിയായി മഴയും കാറ്റും

കുംകിയാനകൾ അരിക്കൊമ്പനെ വാഹനത്തിൽ തള്ളിക്കയറ്റാൻ ശ്രമിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2023-04-29 11:27:34.0

Published:

29 April 2023 11:25 AM GMT

കുംകിയാനകളെ ആക്രമിക്കാൻ ശ്രമം; വഴങ്ങാതെ അരിക്കൊമ്പൻ- ദൗത്യത്തിന് വെല്ലുവിളിയായി മഴയും കാറ്റും
X

ചിന്നക്കനാൽ: ഇടുക്കിയെ വിറപ്പിച്ച അരിക്കൊമ്പനെ വാഹനത്തിലേക്ക് കയറ്റാൻ തീവ്രശ്രമം തുടരുന്നു. കുംകിയാനകൾ അരിക്കൊമ്പനെ വാഹനത്തിൽ തള്ളിക്കയറ്റാൻ ശ്രമിക്കുകയാണ്. എന്നാൽ ആന വാഹനത്തിൽ കയറാൻ തയ്യാറാവുന്നില്ല. കുംകിയാനകളെ ആക്രമിക്കാനും അരിക്കൊമ്പൻ ശ്രമം നടത്തി. അതേസമയം കനത്ത മഴയും കാറ്റും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ദൗത്യത്തിന് വെല്ലുവിളിയായി.

മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ നാലു കാലുകളിലും വടം കെട്ടി. ശേഷം ആനയുടെ കണ്ണുകളും തുണികൊണ്ട് മൂടുകയായിരുന്നു. നാല് കുംകിയാനകളും അരിക്കൊമ്പന് സമീപത്ത് തന്നെയുണ്ട്. ജെസിബി എത്തിച്ച് സ്ഥലം നിരപ്പാക്കിയ ശേഷമാണ് അരിക്കൊമ്പന് സമീപത്തേക്ക് ലോറി എത്തിച്ചത്. വടംകെട്ടാൻ ശ്രമിക്കുന്നതിനിടെ അരിക്കൊമ്പൻ ഉദ്യോഗസ്ഥർക്കെതിരെ തിരിയുകയുണ്ടായി. ആനയെ രഹസ്യ സങ്കേതത്തിലേക്ക് മാറ്റാനാണ് വനംവകുപ്പിന്റെ നീക്കം. അരിക്കൊമ്പനെ മയക്കുവെടിവെച്ചിട്ട് മണിക്കൂറുകൾ പിന്നിട്ടിരിക്കുകയാണ്. അഞ്ചു തവണ വടം കെട്ടാൻ ശ്രമിച്ചെങ്കിലും അരിക്കൊമ്പൻ നിസ്സഹകരണം തുടർന്നതോടെ ഉദ്യോഗസ്ഥർ വലഞ്ഞു.

മയക്കുവെടിയേറ്റ അരിക്കൊമ്പൻ പൂർണമായും മയങ്ങിയിരുന്നില്ല. ആനയെ ഉൾവന മേഖലയിൽ എത്തിക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ഇടുക്കി ജില്ലയിൽ അരിക്കൊമ്പനെ തുറന്നുവിടില്ല. എവിടെ എത്തിച്ചാലും ഉദ്യോഗസ്ഥർ ആനയെ തുടർന്നും നിരീക്ഷിക്കും. അരിക്കൊമ്പൻ ദൗത്യം വിജയത്തിലേക്ക് നീങ്ങുകയാണെന്നും വനംമന്ത്രി പറഞ്ഞു.

സിമന്റ് പാലത്തിന് സമീപമാണ് കാട്ടാനയെ ദൗത്യസംഘം മയക്കുവെടിവെച്ചത്. ഡോ: അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് വെടിവെച്ചത്. ആനയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചതായി വനംവകുപ്പ് അറിയിച്ചു. ആവശ്യമെങ്കിൽ വീണ്ടും വെടിവെക്കാനാണ് സംഘത്തിൻറെ തീരുമാനം. മണിക്കൂറുകളായി ആന ദൗത്യ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. സിങ്കുകണ്ടത്തിന് സമീപം സൂര്യനെല്ലി ഭാഗത്തേക്ക് കയറിപ്പോയ ആനയെ പടക്കം പൊട്ടിച്ചാണ് താഴേക്ക് ഇറക്കിയത്. ദൗത്യം വിജയകരമെന്ന് പ്രതികരിച്ച മന്ത്രി എ.കെ ശശീന്ദ്രൻ ദൗത്യസംഘത്തെ അഭിനന്ദിച്ചു.

2005ന് ശേഷം ചിന്നക്കനാൽ-ശാന്തൻപാറ ഭാഗത്ത് 34 പേർ ആന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഏഴ് പേരെ കൊന്നത് അരിക്കൊമ്പനാണ്. മൂന്നുമാസത്തിനിടെ 31 കെട്ടിടങ്ങളാണ് അരിക്കൊമ്പൻ തകർത്തത്. 2017ൽ മാത്രം തകർത്തത് 52 വീടുകളും ഷോപ്പുകളുമാണ്. 2017 ൽ അരിക്കൊമ്പനെ മൂന്നുതവണയായി അഞ്ചു പ്രാവശ്യം മയക്കുവെടി വെച്ചിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല.

TAGS :

Next Story