"മുനമ്പത്ത് മുസ്‌ലിം സമുദായത്തിന്റെ പേര് പറഞ്ഞ് തമ്മിലടിപ്പിക്കാൻ ശ്രമം"; തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
"സമുദായത്തിന്റെ സ്വത്ത് സംരക്ഷിക്കാൻ വഖഫിനെ ആശ്രയിക്കുന്നതിൽ എതിർപ്പില്ല"
തലശേരി: മുനമ്പത്ത് മുസ്‌ലിം സമുദായത്തിന്റെ പേര് പറഞ്ഞ് തമ്മിലടിപ്പിക്കാൻ ശ്രമമെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. പാവപ്പെട്ട കർഷകരെയും ന്യൂനപക്ഷങ്ങളെയും ഭിന്നിപ്പിക്കാൻ ബോധപൂർവ്വമായ ശ്രമം നടത്തുകയാണ്. സമുദായത്തിന്റെ സ്വത്ത് സംരക്ഷിക്കാൻ വഖഫിനെ ആശ്രയിക്കുന്നതിൽ എതിർപ്പില്ല. മുനമ്പത്ത് സാധാരണക്കാരന്റെ ഭൂമി പിടിച്ചെടുക്കാമെന്ന് ആരും വ്യാമോഹിക്കരുതെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
വഖഫ് നിയമ ഭേദഗതി വഖഫ് ഭൂമി തട്ടിയെടുക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന്റെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. മുനമ്പം, ഒരു പ്രത്യേക വിഷയമായി സർക്കാർ പരിഗണിക്കുന്നു. കാലങ്ങളായി ഇവിടെ താമസിക്കുന്ന ആളുകൾ ഒഴിഞ്ഞുപോകേണ്ടി വരുമോ എന്ന ആശങ്കയിലാണ് എന്നാൽ അവരുടെ സംരക്ഷണം സർക്കാർ ഉറപ്പ് വരുത്തും. ആരെയും ഒഴിപ്പിക്കില്ല എന്നാണ് സർക്കാർ നയം. നിയമപരമായ നിലപാട് മാത്രമേ സർക്കാരിന് സ്വീകരിക്കാൻ കഴിയൂ,അത് സർക്കാർ പരിശോധിക്കും. നിയമോപദേശം ലഭിക്കേണ്ടതുണ്ട്, അതിനാണ് കമ്മീഷനെ നിയമിക്കാൻ തീരുമാനിച്ചത്. മൂന്ന് മാസം കൊണ്ട് റിപ്പോർട്ട് ലഭിക്കും.സ്റ്റേ നീക്കാൻ ഹൈക്കോടതിയെ സമീപിക്കും. ഇക്കാര്യങ്ങൾ സമരക്കാരെ സർക്കാർ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
Adjust Story Font
16