Quantcast

റിദാൻ കേസ് നീട്ടി കൊണ്ടുപോകാൻ ശ്രമം, അജിത്കുമാർ ക്രമാസമാധാന ചുമതലയിൽ തുടർന്നാൽ നീതി ലഭിക്കില്ല; പുതിയ ഫേസ്ബുക്ക് കുറിപ്പുമായി പി.വി അൻവർ

പരസ്യ പ്രസ്താവനകൾ നടത്തരുതെന്ന് സിപിഎം മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് അൻവറിന്റെ പുതിയ ആരോപണം

MediaOne Logo

Web Desk

  • Published:

    25 Sep 2024 6:31 PM GMT

റിദാൻ കേസ് നീട്ടി കൊണ്ടുപോകാൻ ശ്രമം, അജിത്കുമാർ ക്രമാസമാധാന ചുമതലയിൽ തുടർന്നാൽ നീതി ലഭിക്കില്ല; പുതിയ ഫേസ്ബുക്ക് കുറിപ്പുമായി പി.വി അൻവർ
X

മലപ്പുറം: എടവണ്ണ റിദാൻ കേസ് നീട്ടി കൊണ്ടു പോകാൻ ശ്രമമെന്ന് പി.വി അൻവർ എംഎൽഎ. എം.ആർ അജിത്കുമാർ ക്രമാസമാധാന ചുമതലയുളള എഡിജിപിയായി തുടർന്നാൽ കേസിൽ നീതി ലഭിക്കില്ലെന്നും അൻവർ ആരോപിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് എംഎൽഎ ഇക്കാര്യം ആരോപിച്ചത്. കേസ്‌ പ്രത്യേക അന്വേഷണ സംഘം പുനരന്വേഷിക്കണമെന്നും അൻവർ തന്റെ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

കൊല്ലപ്പെട്ട റിദാന്റെ കാണാതായ ഫോണുമായി ബന്ധപ്പെട്ട്‌ ചില സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി വിചാരണ നിർത്തി വെക്കാൻ പൊലീസ് നൽകിയ അപേക്ഷ കോടതി അം​ഗീകരിച്ചു. ഇത്രകാലവും ലഭിക്കാതിരുന്ന ഈ വിവരം താൻ ആരോപണം ഉയർത്തിയ ശേഷം എങ്ങനെ ലഭിച്ചു എന്നത്‌ അന്വേഷണവിധേയമാക്കേണ്ടതാണെന്നും അൻവർ ആവശ്യപ്പെട്ടു.

കോടതി വിചാരണ നിർത്തി വെച്ചു. പൊലീസിൻ്റെ തലപ്പുത്തുള്ളവർക്ക് സ്വർണ്ണക്കടത്തിൽ പങ്കുള്ളതിൻ്റെ തെളിവുകൾ റിദാൻ്റെ ഫോണിലുണ്ടായിരുന്നതായിരുന്നു എന്നും വിഷയം സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതായും അൻവർ തന്റെ കുറിപ്പിൽ പറയുന്നുണ്ട്.

‌പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന രീതിയിൽ തുടർച്ചയായി ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് പരസ്യ പ്രസ്താവനകൾ നടത്തരുതെന്ന് സിപിഎം മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് വീണ്ടും പുതിയ ആരോപണവുമായി അൻവർ രം​ഗത്തുവന്നത്. പാർട്ടിയുടെ അഭ്യർഥന കണക്കിലെടുത്ത് പരസ്യ പ്രസ്താവനകൾ താൽകാലികമായി അവസാനിപ്പിക്കുന്നതായി അൻവർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കുറിപ്പിന്‍റെ പൂർണ രൂപം

എടവണ്ണ റിദാൻ ബാസിൽ കൊലക്കേസിൽ ദുരൂഹത ഉണ്ടെന്നും,ഉന്നത പോലീസ്‌ ഉദ്യോഗസ്ഥർക്ക്‌ ഇതിൽ പങ്കുണ്ടെന്നും പല തവണ ആവർത്തിച്ചിരുന്നു.ഈ കേസ്‌ പ്രത്യേക അന്വേഷണ സംഘം നേരിട്ട്‌ വീണ്ടും അന്വേഷിക്കണം എന്നാവശ്യപ്പെട്ട്‌ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്‌ കത്തും നൽകിയിരുന്നു.

എഡിജിപി ലോ ആൻഡ്‌ ഓർഡർ ചുമതലയിൽ,ഈ കേസുമായി ബന്ധമുണ്ടെന്ന് ഞാൻ സംശയിക്കുന്ന വ്യക്തി തുടരുന്നിടത്തോളം കാലം ഈ കേസിൽ നീതിപൂർവ്വമായ അന്വേഷണം ഉണ്ടാകില്ലെന്ന് ഇന്നത്തോടെ വ്യക്തമായിട്ടുണ്ട്‌.

നിലവിൽ വിചാരണ നടന്നുകൊണ്ടിരിക്കുന്ന ഈ കേസിൽ എടവണ്ണ പോലീസ്‌ പുതിയൊരു നീക്കം നടത്തിയിട്ടുണ്ട്‌.കൊല്ലപ്പെട്ട റിദാന്റെ കാണാതായ ഫോണുമായി ബന്ധപ്പെട്ട്‌ ചില സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും,അതിന്റെ അന്വേഷണത്തിനായി വിചാരണ നിർത്തി വയ്ക്കണം എന്നും ആവശ്യപ്പെട്ട്‌ അന്വേഷണ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം കോടതിയെ സമീപിക്കുകയും,കോടതി അത്‌ അനുവദിക്കുകയും ചെയ്തിട്ടുണ്ട്‌.

ഇത്രകാലവും ലഭിക്കാതിരുന്ന ഈ വിവരം കഴിഞ്ഞ ദിവസം തന്നെ,അതായത്‌ ഞാൻ ഈ ആരോപണം ഉയർത്തിയ ശേഷം എങ്ങനെ ലഭിച്ചു എന്നത്‌ അന്വേഷണവിധേയമാക്കേണ്ടതാണ്.

പോലീസിന്റെ തലപ്പത്തുള്ള ചില ആരോപണവിധേയർക്ക്‌ കരിപ്പൂരിലെ സ്വർണ്ണക്കടത്ത്‌ ഇടപാടുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ റിദാന്റെ ഐഫോണിൽ ഉണ്ടായിരുന്നെന്നും,ആ തെളിവ്‌ നശിപ്പിക്കാൻ വേണ്ടി റിദാനെ കൊലപ്പെടുത്തുകയും,പിന്നീട്‌ ഈ ഫോൺ കാണാതാവുകയും ചെയ്തിട്ടുണ്ട്‌.ഇത്‌ തന്നെയാണ് ഈ കേസ്സിലെ ദുരൂഹതയും. അന്വേഷണം അട്ടിമറിക്കാനുള്ള കൃത്യമായ ഗൂഡാലോചന നടക്കുന്നുണ്ട്‌.

ഈ വിഷയം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്താതെ നിർവ്വാഹമില്ല.പുതിയ പ്രത്യേക അന്വേഷണ സംഘം ഈ കേസ്സിന്റെ പുനരന്വേഷണം നടത്തുകയും വേണം.പി.വി.അൻവർ ഇടപെട്ടു എന്നതിന്റെ പേരിൽ റിദാന്റെ കുടുംബത്തിനു നീതി നിഷേധിക്കപ്പെടരുത്‌ എന്ന നിർബന്ധം എനിക്കുണ്ട്‌.നാളെ ഒരു കാലത്ത്‌ പി.വി.അൻ വർ ഇക്കാര്യം വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയില്ല എന്ന പരാതി ഉയരാൻ പാടില്ല എന്നതിനാൽ ഈ വിഷയം നിങ്ങൾ പൊതുസമൂഹത്തിന്റെ കൂടി ശ്രദ്ധയിപ്പെടുത്തുന്നു എന്ന് മാത്രം.

TAGS :

Next Story