'കരിപ്പൂർ എംബാർക്കേഷൻ പോയിന്റ് അട്ടിമറിക്കാൻ ശ്രമം, പിന്നിൽ ഗൂഢസംഘം'; എം.കെ രാഘവൻ എം.പി
മറ്റ് വിമാനത്താവളങ്ങളേക്കാൾ കൂടുതൽ തുക ഈടാക്കുന്നത് ഇതിന്‍റെ ഭാഗമെന്നും എം.കെ രാഘവൻ മീഡിയവണിനോട്

ന്യൂഡല്‍ഹി:ഹജ്ജ് തീർത്ഥാടനത്തിൽ കോഴിക്കോട് വിമാനത്താവളത്തിനുള്ള എംബാർക്കേഷൻ പോയിന്റ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായി എം.കെ രാഘവൻ എംപി. മറ്റ് വിമാനത്താവളത്തേക്കാള്‍ ഉയർന്ന തുകയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഈടാക്കുന്നത്. വിഷയം വ്യോമയാന സെക്രട്ടറിയേയും ന്യൂനപക്ഷ വകുപ്പ് മന്ത്രിയേയും ധരിപ്പിക്കുമെന്ന് എം.കെ രാഘവൻ എംപി മീഡിയവണിനോട് പറഞ്ഞു.
സംസ്ഥാനത്തെ ഏക പൊതുമേഖലാ വിമാനത്താവളമായ കരിപ്പൂര്‍ വിമാനത്താവളത്തിനുള്ള എംബാർക്കേഷൻ പോയിന്റ് അട്ടിമറിക്കാൻ ചില ഗൂഢസംഘം പ്രവർത്തിക്കുന്നതയാണ് എം.കെ രാഘവൻ എം പി ആരോപിക്കുന്നത്. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ എയർ ഇന്ത്യ എക്സ്‍പ്രസാണ് ഹജ്ജ് സർവീസ് നടത്തുന്നത്. എന്നാൽ കോഴിക്കോട് നിന്ന് മാത്രം നാൽപതിനായിരം രൂപയാണ് അധികം ഈടാക്കുന്നത്. ഒരേ വിമാനത്തിൽ ഒരേ എയർ ഡിസ്റ്റൻസിൽ സർവീസ് നടത്തുമ്പോൾ 40,000 രൂപയുടെ വർധനവ് എങ്ങനെയെന്നും അദ്ദേഹം ചോദിക്കുന്നു.
നിരക്ക് വർധനവിന് കേന്ദ്ര ഹജ് കമ്മിറ്റിയും ന്യൂനപക്ഷ, വ്യോമയാന മന്ത്രാലയങ്ങളും മുന്നോട്ട് വെക്കുന്ന വാദഗതികൾ മുഴുവൻ വസ്തുതാപരമായി തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിരക്ക് ഏകീകരിക്കാൻ ക്രിയാത്മകമായി ഒരു ഇടപെടൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടനത്തിലെ പ്രതിസന്ധി ഒഴിവാക്കാൻ കേന്ദ്രമന്ത്രിയെ കാണാൻ ഒരുങ്ങുകയാണ് എംപിമാരായ എം.കെ രാഘവനും ഇ. ടി മുഹമ്മദ് ബഷീറും ഹാരിസ് ബീരാനും.
Adjust Story Font
16