മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകനെതിരെ വധശ്രമത്തിന് കേസ്
കരിങ്കൊടി കാട്ടി പ്രതിഷേധിച്ചവർക്കെതിരെ വധശ്രമത്തിന് കേസെടുത്തിനെ നിയമപരമായി നേരിടുമെന്ന് കോൺഗ്രസ്
തിരുവനന്തപുരം:വിമാനത്തിൽ മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ നീക്കമുണ്ടായെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻറ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻ കുമാർ ആർ.കെ,യൂത്ത് കോൺ മട്ടന്നൂർ മണ്ഡലം സെക്രട്ടറി സുനിത്ത് എന്നിവർക്കെതിരെയാണ് വലിയതുറ പൊലീസ് കേസെടുത്തത്. അതേസമയം, സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് പരാതി നൽകുന്നതടക്കം സംഭവത്തിൽ കൂടുതൽ നിയമ നടപടിക്കൊരുങ്ങുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.
അസാധാരണമായ പ്രതിഷേധ സംഭവത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ് നടപടി. മുഖ്യമന്ത്രിയെ അപായപ്പെടുത്താനായിരുന്നു വിമാനത്തിൽ പ്രതിഷേധിച്ചവർ ശ്രമിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി വലിയതുറ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയിൽ അക്രമം കാട്ടൽ എന്നീ വകുപ്പുകളാണ് ചുമത്തിയത്. വിമാനത്തിലുണ്ടായിരുന്ന മൂന്ന് യൂത്ത് കോൺഗ്രസുകാരും പ്രതികളാണ്.
യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻറ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻ കുമാർ എന്നിവർ ഇപ്പോഴും മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. പേഴ്സണൽ സ്റ്റാഫംഗങ്ങളാണ് മുഖ്യമന്ത്രിക്കു നേരെയുണ്ടായത് അപായപ്പെടുത്തൽ ശ്രമമെന്ന മൊഴി പൊലീസിന് നൽകിയത്. അതേസമയം, കരിങ്കൊടി കാട്ടി പ്രതിഷേധിച്ചവർക്കെതിരെ വധശ്രമത്തിന് കേസെടുത്തിനെ നിയമപരമായി നേരിടുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഇ.പി ജയരാജൻ പ്രവർത്തകരെ കൈയേറ്റം ചെയ്തുവെന്നു കാട്ടി സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനും എയർപോർട്ട് അതോറിറ്റിക്കും പരാതി നൽകാനും കോൺഗ്രസ് തീരുമാനിച്ചു.
Adjust Story Font
16