Quantcast

അതിജീവിതയെ സ്വാധീനിക്കാൻ ശ്രമം; ജീവനക്കാരെ തിരിച്ചെടുത്തതിൽ വിശദീകരണം തേടി വനിതാ കമ്മീഷൻ

കോഴിക്കോട് മെഡിക്കൽ കോളേജിൽ പീഡനത്തിനിരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച അഞ്ച് ജീവനക്കാരുടെ സസ്‌പെൻഷൻ കഴിഞ്ഞ ദിവസമാണ് റദ്ദാക്കിയത്

MediaOne Logo

Web Desk

  • Published:

    4 Jun 2023 11:44 AM GMT

kozhikode medical college sexual harassment
X

കോഴിക്കോട്: മെഡിക്കൽ കോളേജ് പീഡനക്കേസിലെ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച ജീവനക്കാരെ തിരിച്ചെടുത്ത സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ കോഴിക്കോട് മെഡിക്കൽ കോളേജിനോട് വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി. ജീവനക്കാരുടെ സസ്‌പെൻഷൻ മാറ്റിയത് ഏത് സാഹചര്യത്തിലെന്ന് വിശദീകരിക്കണമെന്നാണ് പരാതികാരിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന സംഭവത്തിൽ നേരത്തെ ആവശ്യപ്പെട്ട റിപ്പോർട്ട് മെഡിക്കൽ കോളേജ് നൽകിയിട്ടില്ലെന്നും വനിതാ കമ്മീഷൻ വിമർശിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ പീഡനത്തിനിരയായ യുവതിയെ സിഐ സ്വാധീനിക്കാൻ ശ്രമിച്ച അഞ്ച് ജീവനക്കാരുടെ സസ്‌പെൻഷൻ കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളേജ് റദ്ദാക്കിയത്. ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി മെഡിക്കൽ കോളേജിനോട് റിപ്പോർട്ട് തേടിയിരുന്നു. എന്നാൽ, ഇതുവരെ റിപ്പോർട്ട് നൽകാൻ മെഡിക്കൽ കോളേജ് അധികൃതർ തയ്യാറായില്ല. തുടർന്നാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനോട് വിശദീകരണം തേടിയിരിക്കുന്നത്. എന്ത് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ഇപ്പോൾ തിരിച്ചെടുത്തിരിക്കുന്നതെന്ന് വിശദീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, സസ്പെന്ഷൻഷനിലായ ജീവനക്കാരെ തിരിച്ചെടുത്തതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ജീവനക്കാരെ തിരിച്ചെടുത്ത നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്മെന്റ് മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തി.. വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു.. അക്രമികൾക്ക് അംഗീകാരം നൽകുന്നതിനെ സർക്കാർ സ്ത്രീസൗഹൃദം എന്ന് പേരിട്ടുവിളിക്കുകയാണെന്ന് അവർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അഞ്ച് ജീവനക്കാരുടെ സസ്‌പെൻഷൻ പിൻവിച്ചത്. ജീവനക്കാർക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല എന്നാണ് ഉത്തരവിൽ പറയുന്നത്. സസ്‌പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കുമെന്നും ഉത്തരവിൽ പറയുന്നു.

ആശുപത്രിയിൽ യുവതി പീഡനത്തിനിരയായ സംഭവത്തിൽ അറസ്റ്റിലായ മെഡിക്കൽ കോളജ് ജീവനക്കാരൻ എം.എം ശശീന്ദ്രനെ രക്ഷിക്കാൻ സഹപ്രവർത്തകരിൽ ചിലർ യുവതിയെ ഭീഷണിപ്പെടുത്തി എന്നായിരുന്നു പരാതി. ഇതുസംബന്ധിച്ച് യുവതി മെഡിക്കൽ കോളജ് സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകിയിരുന്നു.

നഴ്‌സിങ് അസിസ്റ്റന്റ്, ആശുപത്രി അറ്റൻഡന്റ് ഗ്രേഡ് ഒന്ന്, അറ്റൻഡന്റ് ഗ്രേഡ് രണ്ട് തുടങ്ങിയവർ മുറിയിൽവന്ന് മൊഴിമാറ്റാൻ നിർബന്ധിച്ചു എന്നായിരുന്നു പരാതി.

TAGS :

Next Story