Quantcast

രൂപേഷിനെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റാൻ ശ്രമം: ഷൈന

സ്വേച്ഛാപരവും നിയമ വിരുദ്ധവുമായ ഇത്തരം നടപടികളിൽ നിന്ന് സർക്കാരും ജയിൽ വകുപ്പും പിന്മാറണമെന്നും അടിയന്തരമായി ഈ പെറ്റീഷൻ പിൻവലിക്കണമെന്നും ഷൈന ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    8 March 2025 3:20 PM

Attempts to shift Roopesh to high-security prison: Shaina
X

കോഴിക്കോട്: നോവൽ പ്രസിദ്ധീകരിക്കാൻ അനുമതി തേടിയ മാവോയിസ്റ്റ് നേതാവ് രൂപേഷിനെ കുപ്രസിദ്ധമായ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റാൻ ശ്രമം തുടങ്ങിയെന്ന് ഭാര്യ പി.ഐ ഷൈന. രൂപേഷിന്റെ രണ്ടാമത്തെ നോവലായ 'ബന്ധിതരുടെ ഓർമക്കുറിപ്പുകൾ'ക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് ഒരു ക്യാമ്പയിൻ നടക്കുകയും അതിൽ ഇടതുപക്ഷ-ജനാധിപത്യ മനസ്സുള്ള എഴുത്തുകാരും സാമൂഹ്യപ്രവർത്തകരും നോവലിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ടുവരികയും ചെയ്തതോടെയാണ് പുതിയ നീക്കം. നിയമവിരുദ്ധമായ ഇത്തരം നടപടികളിൽ നിന്ന് സർക്കാരും ജയിൽ വകുപ്പും പിന്മാറണമെന്നും അടിയന്തരമായി ഈ പെറ്റീഷൻ പിൻവലിക്കണമെന്നും ഷൈന ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

രൂപേഷിനെ കുപ്രസിദ്ധമായ ഹൈ സെക്യൂരിറ്റി പ്രിസണിലേക്ക് മാറ്റാനുള്ള ശ്രമത്തിനെ ചെറുക്കുക. നോവൽ പ്രസിദ്ധീകരണത്തിനുള്ള അനുമതി തേടിയതിനുള്ള ശിക്ഷയാണോ ഈ ജയിൽ മാറ്റം?

രൂപേഷിൻ്റെ രണ്ടാമത്തെ നോവലായ "ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ"ക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് ഒരു ക്യാമ്പയിൻ നടക്കുകയും അതിൽ ഇടതുപക്ഷ- ജനാധിപത്യ മനസ്സുള്ള എഴുത്തുകാരും സാമൂഹിക പ്രവർത്തകരും നോവലിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മുന്നോട്ട് വരികയും ചെയ്തിട്ടുണ്ട്. സ്വന്തം കേസുകൾ സ്വയം നടത്തുന്നതിനിടയിൽ വീണു കിട്ടുന്ന ചെറിയ, ചെറിയ ഇടവേളകളിൽ എഴുതിയതാണ് ഈ നോവൽ.

ഈ നോവലിൻ്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട സംവാദങ്ങൾ പൊതുസമൂഹത്തിൽ സജീവമായി നിലനിൽക്കെ ജയിൽ അധികൃതർ രഹസ്യമായി രൂപേഷിനെ അദ്ദേഹം ഇപ്പോഴുള്ള വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് കുപ്രസിദ്ധമായ ഹൈ സെക്യൂരിറ്റി ജയിലിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്.

2019 -ൽ ഹൈ സെക്യൂരിറ്റി പ്രിസണിലെ ആദ്യബാച്ച് ആയ 25 തടവുകാരിൽ ഒരാളായാണ് രൂപേഷിനെ വിയ്യൂർ സെൻട്രൽ പ്രിസണിൽ നിന്നും അവിടേക്ക് മാറ്റുന്നത്. എന്നാൽ അന്നു മുതൽ അങ്ങേയറ്റത്തെ മോശമായ ഇടപെടലാണ് രൂപേഷിന് അവിടെ നേരിടേണ്ടി വന്നത്. ബലപ്രയോഗത്തിലൂടെ വസ്ത്രങ്ങൾ അഴിച്ചു മാറ്റാനും ഉപദ്രവിക്കാനും ശ്രമങ്ങൾ ഉണ്ടായി. വധഭീഷണി മുഴക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ രൂപേഷ് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. കോടതിയിൽ പരാതി പെറ്റീഷനായി നൽകുകയും ചെയ്തു. രൂപേഷ് ഹൈ സെക്യൂരിറ്റി ജയിലിനെ പറ്റി ഉന്നയിച്ച ആരോപണങ്ങൾ യാഥാർത്ഥ്യമാണെന്ന് കണ്ടുകൊണ്ട് ജയിലിൽ പ്രവേശിപ്പിക്കുമ്പോഴുള്ള വിവേചനരഹിതമായ നഗ്നനാക്കിയുള്ള പരിശോധന, ടോയ്ലറ്റിൽ സി.സി.ടി.വി ക്യാമറ പിടിപ്പിച്ചിരിക്കുന്നത്, നിരന്തരമായി സെല്ലിനകത്ത് അടച്ചുപൂട്ടിയിടുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങൾ നിയമവിരുദ്ധമാണ് എന്നു കോടതി നിരീക്ഷിച്ചിരുന്നു. രൂപേഷിനെ ആദ്യം താൽക്കാലികമായി സെൻട്രൽ ജയിലിലേക്ക് തന്നെ കോടതി തിരിച്ചയച്ചു. പിന്നീട് രൂപേഷിൻ്റെ പരാതിയായ Crl. M. P No. 2069/ 2019 - ൽ 2020 ഒക്ടോബർ 30-ാം തീയതി പുറപ്പെടുവിച്ച ഓർഡർ പ്രകാരം മുൻപത്തെ താത്കാലിക ഉത്തരവ് ശരിവെച്ചു കൊണ്ട് ഇപ്പോഴത്തെ ഹൈക്കോടതി ജഡ്ജിയും മുൻ NIA കോടതി ജഡ്ജിയുമായ പി. കൃഷ്ണകുമാർ ഉത്തരവിട്ടു. അന്നു മുതൽ രൂപേഷ് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ്. ഈ ജയിൽ മാറ്റത്തിനെതിരെ 2021 - മാർച്ചിൽ ഏതാണ്ട് നാലര മാസത്തിനു ശേഷം കേരള സർക്കാർ 223/21 നമ്പറായി ഒരു അപ്പീൽ കൊടുത്തിരുന്നു. എന്നാൽ 2021-ൽ അഡ്മിഷന് വന്ന ഈ കേസ് ഇത്രയും കാലം യാതൊരു അനക്കവുമില്ലാതെ കിടക്കുകയായിരുന്നു. ഇപ്പോൾ ഈ നോവലിന് പ്രസിദ്ധീകരണാനുമതി തേടിയതിനു ശേഷം 20/2/2025- ൽ കേരളാ സർക്കാർ ഈ കേസിൽ ഉടനെ വാദം കേൾക്കാനായി ഒരു early hearing petition ഫയൽ ചെയ്യുന്നു. ഏതാണ്ട് പത്തു വർഷത്തെ തൻ്റെ ജയിൽ വാസത്തിനിടക്ക് രൂപേഷിനെതിരെ ഏതെങ്കിലും വിധത്തിൽ ജയിൽ നിയമങ്ങൾ ലംഘിച്ചതായോ ജയിൽ അച്ചടക്കത്തിനു വിരുദ്ധമായി പ്രവർത്തിച്ചതായോ ഒരു ആരോപണമോ നടപടിയോ ഉണ്ടായിട്ടില്ല. രൂപേഷിൻ്റെ ശിക്ഷാ കാലാവധി അടുത്ത മാസം അവസാനം കഴിയുമെന്നിരിക്കെ ഈ ജയിൽ മാറ്റത്തിന് ജയിലധികൃതരേയും സർക്കാരിനേയും പ്രേരിപ്പിച്ച കാരണം എന്തായിരിക്കും? എഴുതാനും വായിക്കാനും ഉള്ള തടവുകാരുടെ അവകാശങ്ങൾ നിരന്തരം തടയപ്പെടുന്നതിൻ്റെ പേരിൽ തടവുകാർ തുടർച്ചയായി പരാതിപ്പെടുന്ന ഹൈ സെക്യൂരിറ്റി പ്രിസണിലേക്ക് രൂപേഷിനെ മാറ്റണമെന്ന് എന്തിനാണ് ഇവർ വാശിപിടിക്കുന്നത്? എഴുതാനും വായിക്കാനുമുള്ള സൗകര്യങ്ങൾ തടയാൻ മാത്രമാണോ അതോ വീണ്ടും പുതിയ കേസുകൾ ചുമത്താനുള്ള ഗൂഢാലോചനയോ? രൂപേഷ് പരാതി നൽകിയ കാലത്തു നിന്നും ഹൈ സെക്യൂരിറ്റി ജയിലിലെ സാഹചര്യങ്ങൾക്ക് ഗുണപരമായി യാതൊരു മാറ്റവും ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല കൂടുതൽ വഷളായിരിക്കുകയും ചെയ്തിട്ടുണ്ട് എന്ന് വിവിധ കോടതികളിലായി അവിടത്തെ അന്തേവാസികളായ തടവുകാർ കൊടുത്ത അനവധി പരാതി പെറ്റീഷനുകളിൽ നിന്നും മനസ്സിലാകും.

സ്വേച്ഛാപരവും നിയമ വിരുദ്ധവുമായ ഇത്തരം നടപടികളിൽ നിന്ന് സർക്കാരും ജയിൽ വകുപ്പും പിന്മാറണമെന്നും അടിയന്തിരമായി ഈ പെറ്റീഷൻ പിൻവലിക്കണമെന്നും ആവശ്യപ്പെടുന്നു. നീതിക്കായുള്ള ഈ പോരാട്ടത്തിൽ ജനാധിപത്യ ശക്തികൾ ഐക്യപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

TAGS :

Next Story