Quantcast

പുസ്തക പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കണം; റിപ്പര്‍ ജയാനന്ദന് രണ്ടുദിവസത്തെ പരോള്‍

തടവിൽ കഴിയവെ ജയാനന്ദൻ എഴുതിയ 'പുലരി വിരിയും മുമ്പേ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് പരോൾ അനുവദിച്ചത്

MediaOne Logo

Web Desk

  • Published:

    20 Dec 2023 2:34 PM GMT

Attend the book launch; Two-day parole for Ripper Jayanand
X

കൊച്ചി: അഞ്ച് കൊലപാതക കേസുകളിലെ പ്രതി റിപ്പർ ജയാനന്ദന് രണ്ട് പകൽ പരോൾ അനുവദിച്ച് ഹൈക്കോടതി. തടവിൽ കഴിയവെ ജയാനന്ദൻ എഴുതിയ 'പുലരി വിരിയും മുമ്പേ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പരോൾ അനുവദിച്ചത്. ഈ മാസം 22, 23 ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് പരോൾ. 23ന് കൊച്ചിയിൽ ആണ് പുസ്തക പ്രകാശനം. ജയാനന്ദന്റഞ ഭാര്യ ഇന്ദിരയാണ് പരോളിനായി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ 17 വർഷമായി തടവിൽ കഴിയുന്ന ജയാനന്ദൻ നിലവിൽ വിയൂർ അതീവ സുരക്ഷാ ജയിലിലാണുള്ളത്.

ആരായിരുന്നു റിപ്പര്‍ ജയാനന്ദന്‍?

സ്ഥലം എറണാകുളം ജില്ലയിലെ പറവൂര്‍. 2005 ഓഗസ്റ്റ് ഒന്നിന് രാത്രി പതിവ് പട്രോളിങ്ങിന് ഇറങ്ങിയ പൊലീസ് കണ്ടത് നഗരത്തിലെ ബിവറേജസ് ഔട്ട്ലെറ്റിനോട് ചേര്‍ന്ന് ഒരാള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നതാണ്. പൊലീസുകാര്‍ അയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് സംഭവസ്ഥലത്താകെ പരിശോധന നടത്തി. മരിച്ചത് ബിവറേജസ് ഔട്ട്ലെറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ സുഭാഷാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. മദ്യവില്‍പനശാലയുടെ പിന്നിലെ മതില്‍ ആരോ കുത്തിത്തുരന്നിട്ടുണ്ട്. ഒരു മോഷണ ശ്രമം നടന്നിരിക്കാം. അന്ന് ബിവ്റേജസ് ഔട്ട്ലെറ്റ് അവധിയായിരുന്നു. അതിനാല്‍ വലിയൊരു തുക ഷോപ്പിലുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതിറിഞ്ഞായിരിക്കാം അവരെത്തിയത്. മതില്‍ കുത്തിതുരക്കുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന സുഭാഷ് കണ്ടിട്ടുണ്ടാകാം. അയാള്‍ അത് തടയാന്‍ ശ്രമിച്ചതിനിടയിലാകാം കൊലപാതകമെന്നുള്ള നിഗമനത്തില്‍ പൊലീസ് എത്തി.

സംഭവസ്ഥലത്ത് നിന്നും പ്രതികളിലേക്കെത്താവുന്ന തെളിവുകളൊന്നും പൊലീസിന് ലഭിച്ചില്ല. പ്രതിയെ തിരിച്ചറിയാന്‍ സാക്ഷികളുമില്ല. സംഭവശേഷം നഗരത്തിലാകെ പൊലീസ് പരിശോധന നടത്തി. സംശയകരമായി ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനായില്ല. ഇതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ സമരങ്ങള്‍ ആരംഭിച്ചു. അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എന്നാല്‍, അവര്‍ക്കും കൊലപാതകിയെ കണ്ടെത്താനായില്ല.സ്ഥലം എറണാകുളം ജില്ലയിലെതന്നെ പുത്തന്‍വേലിക്കര.

2006 ഒക്ടോബര്‍ മൂന്നിന് നെടുമ്പിള്ളി രാമകൃഷ്ണന്റെ ഭാര്യ ബേബിയെ കിടപ്പു മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കിടപ്പുമുറിയില്‍ ഭാര്യ ബേബിയുടെ മൃതദേഹത്തിന് അരികെ അബോധാവസ്ഥയില്‍ രാമകൃഷ്ണനെയും കണ്ടെത്തി. രാമകൃഷ്ണനെ അക്രമികള്‍ ഗുരുതരമായി പരിക്കേല്‍പ്പിച്ചിരിന്നു. ബേബിയുടെ കൈയ്യും വെട്ടിയെടുത്തിട്ടുണ്ട്. പൊലീസെത്തി പരിശോധിച്ചപ്പോള്‍ മസിലായത് വീട്ടില്‍ കവര്‍ച്ച നടന്നിട്ടുണ്ട്. പണവും ആഭരണങ്ങളുമെല്ലാം കവര്‍ന്നിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ മുറിയില്‍ മണ്ണെണ്ണ ഒഴിച്ചു, പാചക വാതക സിലിണ്ടര്‍ തുറന്നിട്ടു.

പ്രതിയെക്കുറിച്ച് എത്തുപിടിയും പൊലീസിന് ലഭിച്ചില്ല. ഇതരസംസ്ഥാന മോഷണ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലായിരുന്നു പൊലീസ് എത്തിയത്. അപ്പോഴും പറവൂര്‍ സുഭാഷ് കൊലക്കേസില്‍ അന്വേഷണം തുടരുന്നുണ്ടായിരുന്നു. പുത്തന്‍വേലിക്കര ബേബിയെ കൊന്നകേസില്‍ പ്രതിയെന്ന് സംശയിച്ച് കൊടും ക്രിമിനലായ ഒളാട്ടുപുറത്ത് ഷിബുവിനെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി. അന്വേഷിച്ചപ്പോള്‍ കേസില്‍ ഇയാള്‍ക്ക് പങ്കില്ലെന്ന് തെളിഞ്ഞു. പക്ഷെ ക്രിമിനല്‍ സ്വഭാവമുള്ള നിരവധിയാളുകളെക്കുറിച്ച് ഇയാളില്‍ നിന്നും പൊലീസിന് വിവരം ലഭിച്ചു. മാളക്ക് സമീപം കൃഷ്ണന്‍കോട്ടയില്‍ വിവിധ കേസുകളില്‍പ്പെട്ട പ്രതിയായ തമ്പിയെ കുറിച്ച് അറിയുന്നത് അങ്ങനെയാണ്.

റിപ്പര്‍ ജയാനന്ദന്‍ പൊലീസ് പിടിയില്‍

പറവൂര്‍ പൊലീസ് തമ്പിക്ക് പിന്നാലെ കൂടി. തമ്പിയില്‍ നിന്നാണ് ജയാനന്ദനെക്കുറിച്ച് പൊലീസ് കൂടുതല്‍ അറിയുന്നത്. പൊലീസ് ജയാനന്ദനെ രഹസ്യമായി നിരീക്ഷിച്ചുതുടങ്ങി. മൂന്നു വര്‍ഷം മുമ്പ് മോഷണക്കേസില്‍ പ്രതിയായതിന് ശേഷം നാട്ടില്‍ ആരുമായും ജയാനന്ദന് അടുപ്പമില്ലായിരുന്നു. ഭാര്യയും മക്കളും ഉണ്ടെങ്കിലും വീട് മിക്കവാറും അടഞ്ഞുകിടന്നു. പകല്‍സമയം കൂടുതലും ജയാനന്ദന്‍ വീട്ടില്‍ തന്നെയുണ്ടാകും. ഇത് പൊലീസിന്റെ സംശയം വര്‍ധിപ്പിച്ചു. ഇയാളെ ചോദ്യംചെയ്യാന്‍ തന്നെ പൊലീസ് തീരുമാനിച്ചു. ജയാനന്ദനെ അറസ്റ്റ് ചെയ്തു. ആദ്യം ഒന്നും പറയാന്‍ തയ്യാറായില്ലെങ്കിലും പിന്നീട് കൊലപാതകങ്ങള്‍ ഓരോന്നായി പ്രതി ഏറ്റുപറഞ്ഞു.ജയാനന്ദന്റെ ആറാമത്തെ കൊലപാതമായിരുന്നു ബിവറേജസ് ജീവനക്കാരനായ സുഭാഷിന്റേത്.

ഒരു ബന്ധുവിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് പറവൂരിലെ ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ മദ്യവില്‍പനശാലയിലെ വിറ്റുവരവ് ലക്ഷങ്ങളാണെന്ന് അറിഞ്ഞത്. മോഷണ ശ്രമത്തിനിടെയാണ് സുഭാഷിനെ കൊന്നതെന്നും ജയാനന്ദന്‍ തുറന്നു പറഞ്ഞു. ഏഴാമത്തെ കൊലപാതകം പുത്തന്‍വേലിക്കരയില്‍ ആയിരുന്നു. രാമകൃഷ്ണനെ തലക്ക് കമ്പിക്ക് അടിച്ചുവീഴ്ത്തിയ ശേഷം ഉറങ്ങുകയായിരുന്ന ബേബിയെ തലക്കടിച്ചു കൊല്ലുകയായിരുന്നെന്നും, സ്വര്‍ണവള ഊരിയെടുക്കാന്‍ പ്രയാസമായതിനാലാണ് കൈ വെട്ടിമാറ്റി വളയെടുത്തതെന്നും പ്രതി ഏറ്റുപറഞ്ഞു.


ജയാനന്ദന്‍റെ കുറ്റസമ്മതം

2003 സെപ്തംബറില്‍ തൃശ്ശൂര്‍ ജില്ലയിലെ മാള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കൊലപാതകമായിരുന്നു ജയാനന്ദന്റെ തെളിയിക്കപ്പെട്ട ആദ്യ കേസ്. പഞ്ഞിക്കാരന്‍ ജോസ് എന്നയാളായിരുന്നു കൊല്ലപ്പെട്ടത്. രാത്രിയില്‍ ജോസിന്റെ വീട്ടില്‍ അതിക്രമിച്ചു കടന്ന ജയാനന്ദന്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അയാളുടെ തലക്ക് ഇരുമ്പുപാരകൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. സംഭവസ്ഥത്ത് പരിശോധന നടത്തിയ പൊലീസിന് ഒരു തുമ്പും ലഭിച്ചില്ലിരുന്നില്ല. വിരലടയാളങ്ങളോ സാക്ഷികളോ മറ്റ് തെളിവുകളോ ഒന്നും ലഭിച്ചില്ല. പൊലീസിന്റെ പരാജയം വലിയ വിജയമായാണ് ജയാനന്ദന്‍ കണക്കാക്കിയത്. കേസില്‍ പൊലീസ് തന്നിലേക്ക് എത്താതിരുന്നത് ജയാനന്ദന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഒരിക്കലും താന്‍ പിടിക്കപ്പെടില്ലെന്നും അയാള്‍ കരുതി.2004 മാര്‍ച്ച് 26നാണ് രണ്ടാം കൊലപാതകം. മാള പള്ളിപ്പുറം കളത്തിപ്പറമ്പില്‍ നബീസ മരുമകള്‍ ഫൗസിയ എന്നിവരെയും കമ്പിപ്പാരകൊണ്ട് തലക്കടിച്ചാണ് ജയാനന്ദന്‍ കൊന്നത്. മറ്റൊരു മരുമകളായ നൂര്‍ജഹാനും അന്ന് ആക്രമിക്കപ്പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

32 പവനോളം ആഭരണങ്ങളും അവിടെനിന്നും ജയാനന്ദന്‍ കവര്‍ന്നു. മറ്റ് കൊലപാതകങ്ങള്‍ പോലെതന്നെ തെളിവുകള്‍ അവിടെയും അവശേഷിപ്പിച്ചിരുന്നില്ല. അതിനാല്‍ തന്നെ പ്രതി ജയാനന്ദനാണെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. പിന്നീട് സിബിഐ എത്തിയിട്ടും കേസ് തെളിയിച്ചില്ല.2004 ഒക്‌ടോബറില്‍ വീണ്ടും രണ്ടുപേരെ കൊലപ്പെടുത്തി. കളപ്പുര സഹദേവനും ഭാര്യ നിര്‍മ്മലയുമായിരുന്നു ഇരകള്‍. അവിടെ നിന്ന് പതിനൊന്ന് പവന്‍ സ്വര്‍ണവും പ്രതി കവര്‍ന്നു. 2005 മെയ് മാസത്തിലായിരുന്നു അടുത്ത കൊലപാതകം. വടക്കേക്കരയിലുള്ള ഏലിക്കുട്ടി എന്ന വയോധികയായിരുന്നു കൊല്ലപ്പെട്ടത്. രാത്രിയില്‍ വീട്ടില്‍ കടന്ന ജയാനന്ദന്‍, ശബ്ദം കേട്ട് ഉണര്‍ന്ന ഏലിക്കുട്ടിയെ തല്ക്കടിച്ചു കൊല്ലുകയായിരുന്നു. പിന്നീടാണ് പറവൂര്‍ ബീവറേജസ് ജീവനക്കാരന്‍ സുഭാഷിനെ കൊലപ്പെടുത്തിയത്. അവസാന കൊലപാതകമായിരുന്നു 2006 ഒക്‌ടോബറില്‍ നടന്ന പുത്തന്‍വേലിക്കരയിലെ രാമകൃഷ്ണന്റെ ഭാര്യ ബേബിയുടേത്. ഈ കാലയളവില്‍ എറണാകുളം തൃശൂര്‍ അതിര്‍ത്തി മേഖലകളില്‍ നടന്ന പല മോഷണങ്ങളുടേയും പിന്നില്‍ ജയാനന്ദനായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ ധരിച്ച സ്ത്രീകളായിരുന്നു ലക്ഷ്യം.

കൊലപാതക രീതി?

എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമേ ജയാനന്ദനുണ്ടായിരുന്നുള്ളൂ. സിനിമകളിലെ അക്രമരംഗങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പല മോഷണങ്ങളും കൊലപാതകങ്ങളും നടത്തിയതെന്നായിരുന്നു ജയാനന്ദന്റെ മൊഴി. വിരലടയാളം പതിയാതിരിക്കാന്‍ കൈയ്യില്‍ സോക്സ് ധരിച്ചാണ് കൃത്യം നടത്തിയിരുന്നത്. മണ്ണെണ്ണ സ്പ്രേ ചെയ്തും ഗ്യാസ് തുറന്നുവിട്ടും തെളിവ് നശിപ്പിക്കുന്ന രീതിയും സിനിമയില്‍ നിന്നാണ് പഠിച്ചതെന്ന് ജയാനന്ദന്‍ പൊലീസിനോട് പറഞ്ഞു.ആദ്യം വധശിക്ഷക്ക് വിധിച്ച ജയാനന്ദനെ പിന്നീട് ജീവിതാവസാനം വരെ ജയില്‍ശിക്ഷക്ക് വിധിച്ചു.

ജയിലിലും അടങ്ങിയിരുന്നില്ല ജയാനന്ദന്‍. രണ്ടുതവണ ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ ജയാനന്ദനെ ഊട്ടിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. പിന്നീട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് സഹടവുകാരനോടൊപ്പം ജയില്‍ചാടി. പിന്നീട് തൃശൂരില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ജയാനന്ദന്‍ ജയില്‍ചാടുന്നതും പിന്നീടിയാളെ പൊലീസ് പിടികൂടുന്നതും സിനിമയെ വെല്ലുന്ന കഥയാണ്. ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ് ജയാനന്ദന്‍ എന്ന റിപ്പര്‍ ജയാനന്ദന്‍.

TAGS :

Next Story