Quantcast

ആറ്റുകാൽ പൊങ്കാല: വീട്ടിൽ പൊങ്കാല ഇടുമ്പോൾ കരുതൽ അത്യാവശ്യമാണ്

ബന്ധുക്കളും സുഹൃത്തുക്കളും അയൽപക്കക്കാരും ഒത്തുകൂടുന്ന സാഹചര്യമുണ്ടായാൽ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണം

MediaOne Logo

Web Desk

  • Updated:

    2022-02-16 11:51:00.0

Published:

16 Feb 2022 11:49 AM GMT

ആറ്റുകാൽ പൊങ്കാല: വീട്ടിൽ പൊങ്കാല ഇടുമ്പോൾ കരുതൽ അത്യാവശ്യമാണ്
X

കോവിഡ് സാഹചര്യത്തിൽ ആറ്റുകാൽ പൊങ്കാല വീടുകളിൽ ഇടുമ്പോൾ കരുതൽ ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വീട്ടിൽ പൊങ്കാലയിടുമ്പോൾ പ്രധാനമായും രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം. ബന്ധുക്കളും സുഹൃത്തുക്കളും അയൽപക്കക്കാരും ഒത്തുകൂടുന്ന സാഹചര്യമുണ്ടായാൽ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണം. രണ്ടാമത്തേത് തീയിൽ നിന്നും പുകയിൽ നിന്നും സ്വയം സുരക്ഷ നേടണം. കോവിഡ് കേസുകൾ വേഗത്തിൽ കുറഞ്ഞ് വരികയാണെങ്കിലും ഒമിക്രോൺ വകഭേദമായതിനാൽ വളരെ വേഗം പടരും. ഗുരുതരാവസ്ഥ കുറവാണെങ്കിലും കുട്ടികളും പ്രായമായവരും മറ്റു അസുഖമുള്ളവരും വീട്ടിലുണ്ടെങ്കിൽ അവരെ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

വീട്ടിൽ പൊങ്കാലയിടുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

· പുറത്ത് നിന്നുള്ളവർ വീടുകളിൽ എത്തുന്നുണ്ടെങ്കിൽ എല്ലാവരും മാസ്‌ക് ധരിക്കുക

· പ്രായമായവരുമായും മറ്റസുഖമുള്ളവരുമായും അടുത്തിടപഴകരുത്

· പുറത്ത് നിന്നും വരുന്നവർ കുഞ്ഞുങ്ങളെ എടുത്ത് ലാളിക്കുന്നത് ഒഴിവാക്കുക

· തൊണ്ടവേദന, മൂക്കൊലിപ്പ്, ജലദോഷം, പനി തുടങ്ങിയ അസുഖമുള്ളവർ സന്ദർശനങ്ങൾ ഒഴിവാക്കുക

· സോപ്പുപയോഗിച്ച് കൈ കഴുകാതെ വായ്, കണ്ണ്, മൂക്ക് എന്നിവ സ്പർശിക്കരുത്

· ചൂടുകാലമായതിനാൽ തീപിടിക്കാതിരിക്കാൻ അതീവ ശ്രദ്ധ വേണം

· സാനിറ്റൈസർ തീയുടെ അടുത്ത് സൂക്ഷിക്കരുത്.

· കുട്ടികളെ തീയുടെ അടുത്ത് നിർത്തരുത്

· കോട്ടൻ വസ്ത്രങ്ങൾ ഉപയോഗിക്കുക

· അലക്ഷ്യമായി വസ്ത്രം ധരിക്കരുത്

· ഇടക്കിടയ്ക്ക് വെള്ളം കുടിക്കണം

· അടുപ്പിനടുത്ത് പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങൾ വയ്ക്കരുത്

· വീട്ടിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് തൊട്ടടുത്ത് അടുപ്പ് കൂട്ടരുത്

· തൊട്ടടുത്ത് ഒരു ബക്കറ്റ് വെള്ളം കരുതി വയ്ക്കണം

· അടുപ്പിൽ തീ അണയും വരെ ശ്രദ്ധിക്കണം

· ചടങ്ങുകൾ കഴിഞ്ഞ് അടുപ്പിൽ തീ പൂർണമായും അണഞ്ഞു എന്നുറപ്പാക്കണം

· തീപൊള്ളലേറ്റാൽ പ്രഥമ ശുശ്രൂഷ ചെയ്യേണ്ടതാണ്

· പൊള്ളലേറ്റ ഭാഗം വെള്ളം ഉപയോഗിച്ച് തണുപ്പിക്കേണ്ടതാണ്

· വസ്ത്രമുള്ള ഭാഗമാണെങ്കിൽ വസ്ത്രം നീക്കാൻ ശ്രമിക്കരുത്

· പൊള്ളലേറ്റ ഭാഗത്ത് അനാവശ്യ ക്രീമുകൾ ഉപയോഗിക്കരുത്

· ആവശ്യമെങ്കിൽ ഡോക്ടറുടെ സേവനം തേടുക

· ദിശ 104, 1056, ഇ സഞ്ജീവനി എന്നിവ വഴി ഡോക്ടറുടെ ഉപദേശം തേടാവുന്നതാണ്.

TAGS :

Next Story