ഓരോ വീടും അമ്പല മുറ്റം, ഭക്തിസാന്ദ്രമായി അനന്തപുരി; ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ച് ആയിരങ്ങള്‍
രാവിലെ 11 മണിയോടെയാണ് ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിന് തീ പകര്‍ന്നത്
ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിച്ച് ആയിരങ്ങള്‍. രാവിലെ 11 മണിയോടെയാണ് ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിന് തീ പകര്‍ന്നത്. ഇതേ സമയം നഗരത്തിലെ വിവിധ വീടുകളിൽ ഒരുക്കിയ പൊങ്കാല അടുപ്പുകൾകളിലും തീ പകർന്നു. ഉച്ചക്ക് 1.20നാണ് പൊങ്കാല നിവേദ്യം.
കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ഒൻപതാം ഉത്സവ ദിവസമായ ഇന്ന് രാവിലെ 10.20 ന് ശുദ്ധ പുണ്യാഹത്തോടെയാണ് പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിച്ചത്. തോറ്റംപാട്ടിൽ രൗദ്രഭാവം പൂണ്ട ദേവി പാണ്ഡ്യ രാജാവിനെയും വധിക്കുന്ന ഭാഗം പാടിത്തീർന്നതോടെയാണ് അടുപ്പു വെട്ട് ചടങ്ങ് നടന്നത്. തോറ്റംപാട്ട് അവസാനിച്ചപ്പോൾ തന്ത്രി ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തിക്കു നല്‍കി. മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിൽ തീ തെളിച്ചശേഷം അതേദീപം സഹമേൽശാന്തിക്കു കൈമാറി. തുടര്‍ന്ന് വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലെ പണ്ടാര അടുപ്പിലും 11 മണിയോടെ തീ പകർന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി.
ഇതോടെ വിവിധ ജില്ലകളിലെ പതിനായിരക്കണക്കിന് വീടുകളിലെ പൊങ്കാല അടുപ്പുകളിലും തീ പകര്‍ന്നു. 1,500 ഭക്തർക്കു ക്ഷേത്ര വളപ്പിൽ പൊങ്കാലയിടാൻ സർക്കാർ അനുവാദം നൽകിയെങ്കിലും മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ച് അതും ഒഴിവാക്കാനായിരുന്നു ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചത്. തലസ്ഥാന നഗരത്തിലെ വീഥികള്‍ യാഗശാലയായി മാറുന്ന കാഴ്ച ഇക്കൊല്ലവും അന്യമായിരുന്നെങ്കിലും ഓരോ വീടും അമ്പല മുറ്റമാകുന്നതാണ് കാണാന്‍ കഴിഞ്ഞത്. അടുത്ത കൊല്ലമെങ്കിലും ആറ്റുകാലമ്മയുടെ മുന്നിലെത്തി പൊങ്കാലയിടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭക്തര്‍.
Adjust Story Font
16