Quantcast

നിങ്ങൾ കടലുണ്ടിയിൽ പോയി ബാഗ് കൈ പറ്റുന്നതിനെക്കാള്‍ എളുപ്പത്തിൽ ഞങ്ങളതവിടെയെത്തിച്ച് തരാം; ട്രയിനില്‍ മറന്നുവച്ച ബാഗ് ആര്‍.പി.എഫ് ഇടപെടല്‍ മൂലം തിരികെ കിട്ടിയ അനുഭവം പങ്കുവച്ച് ഔസഫ് അഹ്സന്‍

എന്‍റെ ആവലാതി അവിടെയുള്ള ഇൻസ്പെക്ടർ ശ്രദ്ധാപൂർവ്വം കേട്ടു. ആശ്വസിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    8 Oct 2022 6:22 AM GMT

നിങ്ങൾ കടലുണ്ടിയിൽ പോയി ബാഗ് കൈ പറ്റുന്നതിനെക്കാള്‍ എളുപ്പത്തിൽ ഞങ്ങളതവിടെയെത്തിച്ച് തരാം; ട്രയിനില്‍ മറന്നുവച്ച ബാഗ് ആര്‍.പി.എഫ് ഇടപെടല്‍ മൂലം തിരികെ കിട്ടിയ അനുഭവം പങ്കുവച്ച് ഔസഫ് അഹ്സന്‍
X

ഇന്ത്യന്‍ റെയില്‍വെയെക്കുറിച്ച് സ്വതവെ പരാതികള്‍ കുറവാണ്. ദീര്‍ഘയാത്രയാണെങ്കില്‍ ഭൂരിഭാഗം പേരുടെയും ആദ്യത്തെ ചോയ്സ് ട്രയിന്‍ തന്നെയായിരിക്കും. ഇപ്പോഴിതാ ട്രയിനില്‍ ബാഗ് മറന്നുവച്ചപ്പോള്‍ അതു തിരികെ ലഭിക്കാന്‍ റെയില്‍വെയുടെ ഭാഗത്തുനിന്നുണ്ടായ സഹകരണത്തിന് നന്ദി പറയുകയാണ് കോഴിക്കോട് അദര്‍ ബുക്സിന്‍റെ മാനേജിംഗ് എഡിറ്റര്‍ ഔസഫ് അഹ്സന്‍. അഹ്സന്‍റെ മകളാണ് ലാപ്ടോപ്പും ഐപാഡുമടങ്ങുന്ന ബാഗ് തീവണ്ടിയില്‍ മറന്നുവച്ചത്. ആര്‍.പി.എഫിനെ വിവരം ധരിച്ചപ്പോള്‍ മണിക്കൂറുകള്‍ക്കകം ബാഗ് തിരികെ ലഭിക്കുകയും ചെയ്തു.

ഔസഫ് അഹ്സന്‍റെ കുറിപ്പ്

അല്ലെങ്കിലേ റെയിൽവെയ്സിനോട് മുടിഞ്ഞ പ്രണയമാണ്. ഇന്നത് ഡബിളായി. ഇക്കഥ പറഞ്ഞു തീരാൻ ബുദ്ധിമുട്ടാണ്. പറയാൻ തന്നെ എനിക്ക് കഴിയുമോ എന്നും സംശയമാണ്. വല്ലാത്തൊരനുഭവം. കോഴിക്കോട് റെയിൽവേ സ്റ്റേഷനാണ് രംഗം. രാവിലെ പത്തരമണിക്ക് എത്തേണ്ട മകളെ കാത്ത് ഞാൻ ലിങ്ക് റോഡിലെ അദർ ബുക്സിൽ. കൊയിലാണ്ടി കഴിഞ്ഞ വിവരം ലഭിച്ച ഉടനെ ഞാൻ സ്റ്റേഷനിലെത്തി. മംഗലാപുരത്ത് നിന്ന് കോഴിക്കോടേക്ക് വരുന്ന മംഗലാപുരം - ചെന്നൈ എഗ്മോർ എക്സ്പ്രസ് വണ്ടിയിലാണവളുടെ യാത്ര. തീവണ്ടി സമയത്തിനെത്തി. നമ്മൾ തമ്മിൽ കണ്ടു. കാർ അവളെ ഏൽപിച്ചു. ഞാൻ നഗരത്തിലെ പരിപാടികളിലേക്ക് നീങ്ങി.

ഒരു ഫോൺ കോളോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. ലാപ്ടോപ്പും ഐപാഡുമടങ്ങുന്ന അവളുടെ ബാഗ് വൃത്തിക്ക് വണ്ടിയിൽ വച്ച് മറന്നിട്ടാണവൾ വീട്ടിലെത്തിയതെന്ന വിവരം അടുത്ത് നടന്ന എല്ലാ സന്തോഷങ്ങളെയും മരവിപ്പിച്ചു. പറഞ്ഞ് കേട്ട എല്ലാ ക്രൈസിസ് മനേജ്മെന്‍റ് ടെക്നിക്കുകളും ബേജാർ മാറാനുള്ള ദിക്റ് ദുആകളും മനസ്സിലും ബുദ്ധിയിലും ഉദിക്കുന്നതിന് മുമ്പ് തന്നെ ഞാൻ സ്റ്റേഷനിലേക്ക് വെടിയുണ്ട പോലെ പാഞ്ഞു. പാച്ചിലിനിടയിൽ Hudaയിരുന്ന ബർത്ത് നമ്പറും കയറിയ ബോഗി നമ്പറും ബാഗ് മറന്ന് വെച്ച വണ്ടി നമ്പറും വാട്ട്സ് അപ്പിൽ വരുത്തി വാങ്ങി. പ്ലാറ്റ് ഫോം ടിക്കറ്റെടുത്തില്ലെങ്കിൽ UAPA എന്ന് പറഞ്ഞാൽ പോലും ഞാനതിന് പുല്ല് വില കല്പിക്കില്ലായിരുന്നു. ആരോട് സങ്കടം ബോധിപ്പിക്കണമെന്ന ആധിയോടെ ഒന്നാം പ്ലാറ്റ് ഫോമിൽ ഹാജറയെപ്പോലെ ഞാനങ്ങുമിങ്ങുമോടി. പല തവണ കണ്ടു പരിചയിച്ച ഒരു സീനിയർ റെയിൽവേ ഉദ്യോഗസ്ഥനോട് ഞനെന്ത് ചെയ്യണമെന്ന് ഉപദേശം തേടി. "ഏതാണ് വണ്ടി"? അദ്ദേഹമത് ചോദിച്ചതും എല്ലാ വിവരങ്ങളും ഞാനൊറ്റ ശ്വാസത്തിൽ പറഞ്ഞതും ഞൊടിയിടയിലായിരുന്നു. "ഉടനെ ആര്‍.പി.എഫിൽ പറയൂ, എനിക്കൊരു കേസുണ്ട് , മറ്റെന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ കാണാം." അയാളുടെ നല്ല പെരുമാറ്റത്തിൽ സന്തോഷിക്കാനോ വ്യസനിക്കാനോ സമയമില്ലാത്ത ഞാനോടി. പണി നടന്ന് കൊണ്ടിരിക്കുന്ന പഴയ നടപ്പാലത്തിലൂടെ ധൃതിപിടിച്ച് ആര്‍.പി.എഫ് ഓഫീസിന്‍റെ പിറക് വശത്തെത്തി. അതിനിടിയിൽ റസീന തിരൂരിലെ സുഹൃത്ത് ഉസ്മാനെ വിവരമറിയിക്കുകയും അദ്ദേഹം അവിടത്തെ സ്റ്റേഷനുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.

എന്‍റെ ആവലാതി അവിടെയുള്ള ഇൻസ്പെക്ടർ ശ്രദ്ധാപൂർവ്വം കേട്ടു. ആശ്വസിപ്പിച്ചു. ട്രെയിൻ എവിടെയെന്ന് കണ്ടുപിടിച്ചു. കടലുണ്ടി സ്റ്റേഷൻ എത്തുന്നേയുള്ളൂ എന്നറിയിച്ചു. അവിടെയുള്ള ഓരോരുത്തരുടെയും പെരുമാറ്റം ഹൃദ്യമായിരുന്നു. അല്പ നേരം കഴിഞ്ഞപ്പോൾ ബാഗ് കിട്ടിയെന്നവരറിയിച്ചു. ഇടമുറിയാതെ വിളിച്ചു കൊണ്ടിരുന്ന വീട്ടുകാരെ കാര്യമറിയിച്ചു. തീർന്നില്ല. "നിങ്ങൾ കടലുണ്ടിയിൽ പോയി ബാഗ് കൈ പറ്റുന്നതിനെക്കാള്‍ എളുപ്പത്തിൽ ഞങ്ങളതവിടെയെത്തിച്ച് തരാം". ആനന്ദലബ്ദിക്കിനിയെന്ത് വേണം. കൂട്ടരെ, കഴിഞ്ഞ രണ്ട് മാസക്കാലം ഒരു കടലാസിനായി പല ഓഫീസുകൾ കയറി പലപ്പോഴും അപമാനിതനായി ഇറങ്ങേണ്ടി വന്ന എനിക്ക് ഇത് പ്രതീക്ഷയുടെ നാമ്പാണ്. അത്രക്ക് കിടയറ്റതായിരുന്നു അവരുടെ പെരുമാറ്റം. ആര്‍.പി.എഫിന് എന്‍റെയും കുടുംബാംഗങ്ങളുടെയും ഒരു പാട് നന്ദി.

PS-എല്ലാം കഴിഞ്ഞ് പകപ്പ് മാറാതെ സ്വയം വിശ്വസിപ്പിക്കാനാവാതെ മൂന്നാം പ്ലാറ്റ്ഫോമിലൂടെ നടന്ന് മടങ്ങുന്നേരം ഒരു മുറിയുടെ മുന്നിൽ ഒരാൾക്കൂട്ടം. ഞാനൊന്നേന്തി പാളി നോക്കിയപ്പോൾ ആദ്യം കണ്ട ഓഫീസർ അവിടെയിരുന്ന് കേസുകൾക്ക് തീർപ്പാക്കുന്നു. മജിസ്ട്രേറ്റാണെന്ന് ആളുകൾ പിറുപിറുക്കുന്നത് കേട്ടു. വാതിൽക്കൽ നിന്ന് 'എക്സ്ക്യൂസ്മി' പറഞ്ഞതും അദ്ദേഹം എഴുന്നേറ്റ് വന്ന് കാര്യങ്ങൾ അന്വേഷിച്ചറിയുകയും കൂടെ വരാൻ പറ്റാതിരുന്നത് കേസുകളുടെ തിരക്കുണ്ടായതിനാലാണെന്ന് മനസറിഞ്ഞ് പറയുകയും ചെയ്തതോടെ ഞാൻ 'ക്ലൗഡ് നൈനില്‍' ആയി.

TAGS :

Next Story