‘മർദനത്തെ തുടർന്ന് രക്തസമ്മർദം വർധിച്ച് ഹൃദയാഘാതമുണ്ടായി’; ഓട്ടോ ഡ്രൈവറുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
ബസ് ജീവനക്കാർക്കെതിരെ നരഹത്യാ കുറ്റം ചുമത്തും

മലപ്പുറം: കോഡൂരിലെ ഓട്ടോഡ്രൈവറുടെ മരണം മർദനത്തെ തുടർന്ന് രക്തസമ്മർദം വർധിച്ചുണ്ടായ ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോട്ടം റിപ്പോർട്ട്. ഇന്ന് രാവിലെയാണ് സ്വകാര്യ ബസ് ജീവനക്കാരുടെ മർദനമേറ്റതിന് പിന്നാലെ മാണൂർ സ്വദേശി അബ്ദുല്ലത്തീഫ് മരിച്ചത്.
തിരൂർ - മഞ്ചേരി റൂട്ടിലോടുന്ന PTB ബസിലെ ജീവനക്കാർ മർദിച്ചെന്നാണ് പരാതി. ബസ് കാത്തുനിന്ന യാത്രക്കാരെ ഓട്ടോറിക്ഷയിൽ കയറ്റിയത് ചോദ്യം ചെയ്ത് മർദിക്കുകയായിരുന്നു എന്നാണ് വിവരം. ആക്രമണത്തിന് പിന്നാലെ ഓട്ടോറിക്ഷയോടിച്ച് മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തിയ അബ്ദുൽ ലത്തീഫ് മരണത്തിന് കീഴടങ്ങി.
സംഭവത്തില്‍ പിടിബി ബസിലെ മൂന്ന് ജീവനക്കാരെ മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ നരഹത്യാ കുറ്റം ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
അബ്ദുല്ലത്തീഫിന് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് ഒതുക്കുങ്ങല്‍ നഗരത്തില്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ സ്വകാര്യ ബസുകള്‍ തടഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളജിലെ പോസ്റ്റുമോട്ടത്തിന് ശേഷം അബ്ദുല്ലത്തീഫിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Adjust Story Font
16