Quantcast

'ഒറ്റയാൻ ആയിരുന്നു, കയ്യും കാലും ഇപ്പോഴും വിറക്കുന്നുണ്ട്'; കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ റജീന

'മണിയെ ആന മൂന്ന് തവണ തുമ്പിക്കൈ കൊണ്ട് ചുഴറ്റി എറിഞ്ഞു'

MediaOne Logo

Web Desk

  • Updated:

    2024-02-27 04:53:01.0

Published:

27 Feb 2024 3:21 AM GMT

Mani (Suresh Kumar), an auto driver, is killed by an elephant in Munnar
X

ഇടുക്കി: മൂന്നാറിൽ ഓട്ടോ ഡ്രൈവറായ മണി(സുരേഷ് കുമാർ)യെ ആക്രമിച്ച് കൊലപ്പെടുത്തിയത് ഒറ്റയാനായിരുന്നുവെന്ന് കാട്ടാനയാക്രമണത്തിൽ പരിക്കേറ്റ റജീന. മണിയെ ആന മൂന്ന് തവണ തുമ്പിക്കൈ കൊണ്ട് ചുഴറ്റി എറിഞ്ഞുവെന്നും സംഭവം ഓർക്കുമ്പോൾ ഇപ്പോഴും പേടി മാറിയിട്ടില്ലെന്നും ഇവർ പറയുന്നു. റജീനയുടെ ഭർത്താവ് എസക്കി രാജക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇവരുടെ മകൾ പ്രിയ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പിന്നാലെ ജീപ്പിൽ എത്തിയ ആളുകളാണ് രക്ഷപ്പെടുത്തിയത്.

ആക്രമണത്തിൽ പ്രതിഷേധിച്ച് മൂന്നാറിൽ ഹർത്താൽ തുടരുകയാണ്. എൽ.ഡി.എഫ് ആണ് കെ.ഡി.എച്ച് വില്ലേജ് പരിധിയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കും. ഇന്ന് മേഖലയിൽ മറ്റു പ്രതിഷേധങ്ങൾക്കും സാധ്യതയുണ്ട്.

ഇന്നലെ രാത്രി പത്തു മണിയോടെയാണ് കന്നിമല എസ്റ്റേറ്റിലെ ഓട്ടോ ഡ്രൈവർ മണി എന്ന സുരേഷ് കുമാർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒരു കുട്ടിയും ഇതരസംസ്ഥാന തൊഴിലാളികളുമടക്കം അഞ്ചുപേർ ഓട്ടോയിലുണ്ടായിരുന്നു. കന്നിമല ടോപ്പ് സ്റ്റേഷനിൽ ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയ്ക്കുനേരെ ആന പാഞ്ഞടുക്കുകയായിരുന്നു. ആക്രമണത്തിൽ മറിഞ്ഞ ഓട്ടോയുടെ അടിയിൽ അകപ്പെട്ട മണിക്ക് രക്ഷപ്പെടാനായില്ല. ഓട്ടോയിലുണ്ടായിരുന്ന മറ്റു രണ്ടുപേർക്കും പരിക്കേറ്റു. ഇവർക്കു പിറകെ എത്തിയ ജീപ്പിലുണ്ടായിരുന്നവരാണ് ആനയെ മാറ്റിയ ശേഷം ഇവരെ മൂന്നാറിലെ ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ജില്ലയിൽ നാലുപേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

അതേസമയം, കൊല്ലപ്പെട്ട സുരേഷ് കുമാറിന്റെ (മണി) കുടുംബത്തിന് ഉടൻ നഷ്ട പരിഹാരം നൽകണമെന്നും കുടുംബാംഗത്തിന് വനം വകുപ്പ് ജോലി നൽകണമെന്നും അഡ്വ. എ രാജ എം.എൽ.എ ആവശ്യപ്പെട്ടു. ഇടുക്കിയിലെ ശല്യക്കാരായ കാട്ടാനകളെ മറ്റൊരിടത്തേക്ക് മാറ്റണമെന്നും ആർആർടിയെ ശക്തിപ്പെടുത്തണമെന്നും എം.എൽ.എ പറഞ്ഞു.

TAGS :

Next Story