ആവിക്കൽതോട് സമരം; എം.എൽ.എയെ തടഞ്ഞതിന് 75 പേർക്കെതിരെ കേസ്
വാഹനം തടയൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നേതാക്കളും പ്രവർത്തകരും അടക്കമുള്ളവർക്കെതിരെ കേസെടുത്തിരിക്കുന്നത്
കോഴിക്കോട്: ആവിക്കൽതോട് ജനവാസമേഖലയിൽ മലിനജല പ്ലാന്റ് നിർമിക്കുന്നതിനെതിരെ സമരത്തിനിറങ്ങിയവർക്കെതിരെ കേസ്. 75 ൽ അധികം സമരക്കാർക്കെതിരെയാണ് കേസെടുത്തത്. ഇന്നലെ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ വിളിച്ച ജനസഭക്കിടെ സമരക്കാർ പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടർന്നാണ് കേസെടുത്തത്. വാഹനം തടയൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നേതാക്കളും പ്രവർത്തകരും അടക്കമുള്ളവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്രദേശത്തെ ജനങ്ങളുടെ ആശങ്ക കേൾക്കാൻ പോലും കോഴിക്കോട് കോർപ്പറേഷൻ തയ്യാറാകുന്നില്ലെന്നും അവരുടെ പ്രശ്‌നങ്ങൾ കേൾക്കേണ്ടത് അധികൃതരുടെ ബാധ്യതയാണെന്നും എം.കെ രാഘവൻ എം.പി പറഞ്ഞു. പ്രശ്‌നത്തിൽ മാന്യമായ പരിഹാരം കാണുകയാണ് ചെയ്യേണ്ടതെന്നും എത്രകാലം പൊലീസിനെ ഉപയോഗിച്ച് സമരത്തെ നേരിടാനാകുമെന്നും അദ്ദേഹം ചോദിച്ചു. ചർച്ച നടത്തി മാത്രമാണ് വിഷയം പരിഹരിക്കാനാകുകയെന്നും സമരക്കാരുടെ ആവശ്യം ന്യായമാണെങ്കിൽ അംഗീകരിക്കണമെന്നും അല്ലെങ്കിലും അതവരെ ബോധ്യപ്പെടുത്തണമെന്നും എം.പി പറഞ്ഞു.
വിഷയത്തിൽ ജനങ്ങളുടെ അഭിപ്രായം കേൾക്കാൻ കോഴിക്കോട് കോർപ്പറേഷൻ അധികൃതരോ മറ്റുള്ളവരോ തയ്യാറായിട്ടില്ലെന്നും ജനസഭ സി.പി.എം നേതൃത്വത്തിൽ സംഘടിപ്പിച്ചതായിരുന്നുവെന്നും വാർഡ് കൗൺസിലർ സൗഫിയ അനീഷ് പറഞ്ഞു.
Adjust Story Font
16