എ.ഡബ്ല്യൂ.എച്ച്.ഒ സൈനിക ഫ്ലാറ്റിന്റെ ബലക്ഷയം; ഏജൻസികളോട് സംയുക്ത റിപ്പോർട്ട് ആവശ്യപ്പെട്ട് കലക്ടർ
രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് പരിശോധന നടത്തിയ വിവിധ ഏജൻസികൾക്ക് ലഭിച്ച നിർദേശം.
കൊച്ചി: വൈറ്റിലയിലെ എ.ഡബ്ല്യൂ.എച്ച്.ഒ സൈനിക ഫ്ലാറ്റിന്റെ ബലക്ഷയം സംബന്ധിച്ച് പരിശോധന നടത്തിയ ഏജൻസികളോട് സംയുക്ത റിപ്പോർട്ട് ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷ്. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് വിവിധ ഏജൻസികൾക്ക് കലക്ടർ നിർദേശം നൽകിയിരിക്കുന്നത്. ഫ്ലാറ്റിന്റെ ബലക്ഷയം സംബന്ധിച്ച് തൃപ്പൂണിത്തുറ നഗരസഭയും ജി.സി.ഡി.എയും പി.ഡബ്ല്യൂ.ഡിയും നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഈ ഏജൻസികളോട് സംയുക്ത റിപ്പോർട്ട് നൽകാനാണ് ജില്ലാ കലക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്.
ഫ്ലാറ്റിന്റെ ബലക്ഷയം സംബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയർ നടത്തിയ പഠന റിപ്പോർട്ടാണ് ഒടുവിൽ പുറത്തുവന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ എക്സിക്യൂട്ടീവ് എഞ്ചിനിയർ കലക്ടർക്ക് കൈമാറിയ റിപ്പോർട്ടിൽ ഫ്ലാറ്റിലെ താമസക്കാരെ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് നിർദേശമുണ്ടായിരുന്നു.
താമസക്കാരുടെ പരാതിയെത്തുടർന്ന് തൃപ്പൂണിത്തുറ നഗരസഭയും ജി.സി.ഡി.എയും ഫ്ലാറ്റിൽ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലും ഫ്ലാറ്റിന് ഗുരുതര ബലക്ഷയമാണ് കണ്ടെത്തിയത്. എ.ഡബ്ല്യൂ.എച്ച്.ഒയുടെ നേതൃത്വത്തിൽ അഞ്ച് വർഷം മുൻപാണ് 28 നിലകളിലായി 208 ഫ്ലാറ്റുകളുടെ നിർമാണം പൂർത്തിയാക്കിയത്. രണ്ട് വർഷം മുമ്പാണ് ഫ്ലാറ്റിന്റെ ബലക്ഷയം പ്രകടമായത്.
Adjust Story Font
16