Quantcast

ഡിസംബർ 6ന് മാത്രമല്ല, ജനുവരി 22നും ബാബരി ഓർമകളിൽ നിറഞ്ഞുനിൽക്കണം -സോളിഡാരിറ്റി

‘പ്രതിഷ്ഠ നടക്കുന്ന ദിവസം ബാബരിക്കെതിരായ അനീതിയെ ഓർക്കുന്ന ദിവസമാക്കി മാറ്റണം’

MediaOne Logo

Web Desk

  • Published:

    6 Jan 2024 1:56 PM GMT

solidarity about babri masjid and ayodhya ram temple
X

അധികാരത്തിലിരിക്കുന്ന സമയത്തേ ആർ.എസ്.എസിന്റെ രാമക്ഷേത്ര പദ്ധതിയെ തുറന്നെതിർക്കുകയോ എതിര് നിൽക്കുകയോ ചെയ്തിട്ടില്ല എന്ന് മാത്രമല്ല അതിനെ സഹായിക്കുന്ന നിലപാടുകൾ പലപ്പോഴും സ്വീകരിച്ച കോൺഗ്രസ്, രാമക്ഷേത്രം യാഥാർത്ഥ്യമാകുന്ന സമയത്ത് അതിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിൽ ആശ്ചര്യപ്പെടാനില്ലെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് സുഹൈബ് സി.ടി.

പ്രതിഷ്ഠ നടക്കുന്ന ദിവസം പള്ളികളിലും മദ്റസകളിലും ജയ് ശ്രീറാം വിളിക്കണമെന്നും വീടുകളിൽ ദീപം തെളിയിക്കണമെന്നുമാണ് സംഘ്പരിവാർ തിട്ടൂരം. അതിന് നിന്നുകൊടുക്കില്ലെന്ന് മാത്രമല്ല, ബാബരിക്കെതിരായ അനീതിയെ ഓർക്കുന്ന ദിവസമാക്കി മാറ്റുക എന്നതാണ് സംഘ്പരിവാർ വിരുദ്ധ നിലപാടുള്ളവർ ചെയ്യേണ്ടത്. ഇനി മുതൽ ഡിസംബർ 6 മാത്രമല്ല, ജനുവരി 22നും ബാബരി ഓർമകളിൽ നിറഞ്ഞ് നിൽക്കട്ടെയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫോസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

അയോദ്ധ്യയിൽ രാമക്ഷേത്രമെന്നത് അടിസ്ഥാനപരമായി ഒരു ആർ.എസ്.എസ് പദ്ധതിയായിരുന്നുവെങ്കിലും ഇന്നത് ഹിന്ദുസമൂഹത്തിന്റെ പൊതുവികാരം എന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്. ‘ബ്രാഹ്മണികമായ ആധ്യാത്മിക ബോധമാണ്’ ഹിന്ദുക്കളിൽ പൊതുവെ നിലനിൽക്കുന്നത് എന്നത് കൊണ്ട് തന്നെ സംഘ്പരിവാറിന്റെ ശ്രീരാമൻ എല്ലാ ഹിന്ദുക്കളുടെയും ശ്രീരാമ സങ്കൽപമായി മാറുന്നു എന്നത് ജാതിസാമൂഹിക ഘടനയിലെ സ്വാഭാവിക പരിണാമമാണ്.

ബാബരി മസ്ജിദ് തകർത്തിടത്ത് നിർമിക്കപ്പെട്ടത് അനീതിയുടെ മന്ദിരമാണെന്ന് വിളിച്ച് പറയാൻ മുഖ്യധാരാ പാർട്ടികൾക്കും മറ്റും സാധിക്കുന്ന തരത്തിലുള്ള ഒരു മതേതര ബോധവും ഇവിടെയില്ല. ഇവിടെയുള്ള മതേതരത്വം പണ്ടുമുതലേ സവർണ ഹിന്ദു മതബോധം തന്നെയായിരുന്നു. എല്ലാ മതസ്ഥരേയും തുല്യരായി കാണലാണ് ഇന്ത്യൻ മതേതരത്വത്തിന്റെ പ്രത്യേകതയെന്നും അതങ്ങനെ തന്നെ ആയിത്തീരണമെന്നാഗ്രഹിക്കുകയും ചെയ്യുന്നവർ സംഘ്പരിവാറിന്റെ പദ്ധതികൾ ആഘോഷിക്കുന്നതിൽ നിന്ന് സംഘ് ഇതര ഹിന്ദുക്കളോട് ആഹ്വാനം ചെയ്യാൻ തയ്യാറാകണം.

അധികാരത്തിലിരിക്കുന്ന സമയത്തേ ആർ.എസ്.എസിന്റെ രാമക്ഷേത്ര പദ്ധതിയെ തുറന്നെതിർക്കുകയോ എതിര് നിൽക്കുകയോ ചെയ്തിട്ടില്ല എന്ന് മാത്രമല്ല അതിനെ സഹായിക്കുന്ന നിലപാടുകൾ പലപ്പോഴും സ്വീകരിച്ച കോൺഗ്രസ്, രാമക്ഷേത്രം യാഥാർത്ഥ്യമാകുന്ന സമയത്ത് അതിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിൽ ആശ്ചര്യപ്പെടാനൊന്നുമില്ല.

അധികാര രാഷ്ട്രീയ താൽപര്യത്തിനപ്പുറം മറ്റൊരു നിലപാടു സ്വീകരിക്കാൻ മാത്രം ആർ.എസ്.എസിനോടും ഹിന്ദുത്വയോടും എതിര് നിൽക്കാനുള്ള ആദർശമൊന്നും കോൺഗ്രസിനില്ല. ഭൂരിപക്ഷ മത സമൂഹത്തിന്റെ വൈകാരികതക്കൊപ്പം നിൽക്കുക എന്ന ജനാധിപത്യത്തിന്റെ മൗലിക ദൗർബല്യത്തെ മുതലെടുക്കുന്നതിൽ നിന്നും മാറിനിൽക്കാനാവാത്ത നിസ്സഹായാവസ്ഥയായിരിക്കും അതിലെ ചില ആദർശ വാദികൾക്കെങ്കിലും പറയാനുണ്ടാകുക.

മുസ്ലിംകളുടെ അവകാശങ്ങളെല്ലാം പിടിച്ച് വാങ്ങി വേണേൽ കുറച്ച് ഔദാര്യം തരാം എന്ന് ഉറപ്പിക്കുകയായിരുന്നു ബാബരി വിധിയിലൂടെ നീതിപീഠം ചെയ്തത്. മുസ്ലിംകളുടെ ആത്മാഭിമാനത്തിന് കോടതി അഞ്ചേക്കർ വിലയിട്ടപ്പോൾ നിശ്ശബ്ദത പാലിക്കാതിരുന്ന കുറച്ച് പേരെങ്കിലുമുണ്ടായിരുന്നു. എന്നാൽ അനീതിയിൽ പടുത്തുയർത്തിയതാണീ മന്ദിരം എന്ന് പറയാൻ അത്ര പോലും ആളുകളുണ്ടാകാൻ സാധ്യതയില്ല. അപ്പോളജിക്കൽ മുസ്ലിംസ് ഇതിനകം രാമക്ഷേത്രത്തോട് എതിർപ്പില്ലെന്ന നിലപാടുകളുമായി രംഗത്തെത്തിക്കഴിഞ്ഞു.

'പൊതു മനസാക്ഷി'യെയും ഭൂരിപക്ഷ ഹിതത്തെയും തൃപ്തിപ്പെടുത്തുന്ന വിധിതീർപ്പുകൾ അനീതിയെ അനീതിയല്ലാതാക്കുന്നില്ല . പ്രതിഷ്ഠ നടക്കുന്ന ദിവസം പള്ളികളിലും മദ്റസകളിലും ജയ് ശ്രീറാം വിളിക്കണമെന്നും വീടുകളിൽ ദീപം തെളിയിക്കണമെന്നുമാണ് സംഘ്പരിവാർ തിട്ടൂരം . അതിന് നിന്ന് കൊടുക്കില്ലെന്ന് മാത്രമല്ല ബാബരിക്കെതിരായ അനീതിയെ ഓർക്കുന്ന ദിവസമാക്കി മാറ്റുക എന്നതാണ് സംഘ്പരിവാർ വിരുദ്ധ നിലപാടുള്ളവർ ചെയ്യേണ്ടത്. ഇനി മുതൽ ഡിസംബർ 06 മാത്രമല്ല, ജനുവരി 22ഉം ബാബരി ഓർമകളിൽ നിറഞ്ഞ് നിൽക്കട്ടെ.

TAGS :

Next Story