'ബേബിയെ എസ്.എഫ്.ഐ ആക്രമിച്ചു'; കുസാറ്റ് വി.സി യെ വെട്ടിലാക്കി അധ്യാപക സംഘടന
അക്രമം നടന്നയുടൻ റിപ്പോർട്ട് ചെയ്തിട്ടും വൈസ് ചാൻസലർ നടപടിയെടുത്തില്ലെന്ന് വെളിപ്പെടുത്തൽ
കൊച്ചി: ലൈംഗിക പീഡനക്കേസിൽ പ്രതിയായ കുസാറ്റ് ജീവനക്കാരനെ എസ്എഫ്ഐക്കാർ ആക്രമിക്കുകയും ഓഫീസ് തകർക്കുകയും ചെയ്തെന്ന അധ്യാപക സംഘടനയുടെ വെളിപ്പെടുത്തൽ വൈസ് ചാൻസലറെ വെട്ടിലാക്കി. ആരോപണ വിധേയനായ സ്റ്റുഡൻറ്സ് വെൽഫെയർ ഡയറക്ടർ പി.കെ ബേബിയെ രക്ഷിച്ചെടുക്കാൻ ഇടത് അധ്യാപക സംഘടന പൊലീസിൽ നൽകിയ പരാതിയിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
അക്രമം നടന്നയുടൻ ഇക്കാര്യം സെക്യൂരിറ്റി വിഭാഗം റിപ്പോർട്ട് ചെയ്തിട്ടും വൈസ് ചാൻസലർ ഡോ പി.ജി ശങ്കരൻ അനങ്ങിയിരുന്നില്ല. വിദ്യാർഥിനിയെ കയറിപ്പിടിച്ചെന്ന കേസിലെ പ്രതി പി.കെ ബേബിയെ രക്ഷിക്കാനാണ് ഇരയെയും എസ്.എഫ്.ഐ യേയും കുറ്റപ്പെടുത്തി ഇടത് അധ്യാപക സംഘടന പൊലീസിൽ പരാതി നൽകിയത്. വിവാദ സംഭവത്തിന്റെ തൊട്ടടുത്ത ദിവസം എസ്.എഫ്.ഐ നേതാക്കളും ഇരയായ പെൺകുട്ടിയും പി.കെ ബേബിയെ ഓഫീസിൽ കയറി ആക്രമിച്ചെന്നും പരാതിയിലുണ്ട്.
യൂത്ത് വെൽഫെയർ ഓഫീസിൽ തള്ളിക്കയറി പി.കെ ബേബിയെ ക്രൂരമായി മർദ്ദിച്ചു, ഓഫീസ് തല്ലിത്തകർത്തു, ചെടിച്ചെട്ടികൾ വലിച്ചെറിഞ്ഞു, കാമ്പസിലെ ആക്രമണങ്ങൾക്ക് സ്ഥിരമായി നേതൃത്വം നൽക്കുന്നവർ ഇവരാണെന്നും പരാതിയിൽ പറയുന്നു. കുസാറ്റിലെ ഭൂരിഭാഗം അധ്യാപകരും അംഗങ്ങളായ സംഘടന തന്നെ വെളിപ്പെടുത്തിയ അക്രമം വി.സി ഒളിപ്പിച്ചത് എന്തിനാണെന്ന ചോദ്യം ഉയരുകയാണ്. രാഷ്ട്രീയ സ്വാധീനമുള്ള പി.കെ ബേബിക്കായി അന്ന് കണ്ണടച്ച വി.സി പുതിയ സാഹചര്യത്തിൽ കുരുക്കിലാവുകയാണ്. യുവജനോത്സവത്തിനിടെ പികെ ബേബി പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.
Adjust Story Font
16