ട്രെയിനില്‍ തീയിട്ട അക്രമിയുടേതെന്ന് കരുതുന്ന ബാഗില്‍ മൊബൈല്‍ ഫോണും പെട്രോളും ആണികളും നോട്ട് ബുക്കും
കണ്ണട, നാണയങ്ങള്‍, ടീ ഷര്‍ട്ട് എന്നിവയും ബാഗിലുണ്ടായിരുന്നു
കോഴിക്കോട്: ആലപ്പുഴ - കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസില്‍ തീയിട്ട അക്രമിയുടേതെന്ന് കരുതുന്ന ബാഗ് വിദഗ്ധസംഘം പരിശോധിച്ചു. ബാഗില്‍ നിന്ന് മൊബൈല്‍ ഫോണും പെട്രോള്‍ നിറച്ച കുപ്പിയും കണ്ടെത്തി.
തിയ്യതി വെച്ച് ഡയറി പോലെ എഴുതിയ നോട്ട്ബുക്കും ബാഗിലുണ്ടായിരുന്നു. ഇംഗ്ലീഷിലാണ് എഴുതിയിരുന്നത്. നിരവധി ആണികളും ടിഫിൻ ബോക്സും കണ്ടെത്തി. ടിഫിന്‍ ബോക്സില്‍ ഭക്ഷണമാണ് ഉണ്ടായിരുന്നത്. കണ്ണട, നാണയങ്ങള്‍, ടീ ഷര്‍ട്ട് എന്നിവയും ബാഗിലുണ്ടായിരുന്നു. വിരലയടയാള പരിശോധനയിലൂടെ ഉടന്‍ പ്രതിയെ പിടികൂടാനാവുമെന്നാണ് പൊലീസിന്‍റെ കണക്കുകൂട്ടല്‍.
അക്രമം ആസൂത്രിതമാണെന്നാണ് പൊലീസിന്‍റെ നിഗമനം. ട്രെയിന്‍ എലത്തൂര്‍ പിന്നിട്ടപ്പോഴാണ് ഇന്നലെ രാത്രി 9.30ഓടെ അക്രമി ഡി1 കമ്പാര്‍ട്ട്മെന്‍റിലെ യാത്രക്കാര്‍ക്ക് നേരെ പെട്രോള്‍ സ്പ്രേ ചെയ്ത് തീ കൊളുത്തിയത്. ഇതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ മറ്റ് കമ്പാര്‍ട്ട്മെന്‍റുകളിലേക്ക് ഓടി. ആരോ ചങ്ങല വലിച്ചതോടെ കോരപ്പുഴ പാലത്തിനു മുകളില്‍ ട്രെയിന്‍ നിന്നു. ഇതോടെ അക്രമി ട്രെയിനില്‍ നിന്നിറങ്ങി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
തീ കൊളുത്തിയതിനു പിന്നാലെ ട്രെയിനില്‍ നിന്ന് കാണാതായ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. എലത്തൂരിലെ റെയിൽവെ ട്രാക്കിൽ രാത്രി ഒന്നരയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകൾ രണ്ട് വയസ്സുകാരി സഹ്റ, കണ്ണൂര്‍ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്. തീ കൊളുത്തുന്നതുകണ്ട് ഭയന്ന് പുറത്തുചാടിയവരാകാം മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊള്ളലേറ്റ് എട്ട് പേർക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Adjust Story Font
16