Quantcast

'പ്രതിസന്ധിയുണ്ടാക്കുന്ന സർവ മരക്കുറ്റികളെയും പാഴ്മരങ്ങളെയും നിശേഷം പിഴുതെറിയണം'; ചർച്ചയായി ബഹാഉദ്ദീൻ നദ്‌വിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പരിസ്ഥിതിദിനത്തിന്റെ ഭാ​ഗമായുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് സമസ്തയിലെ 'ശജറ' വിഭാ​ഗത്തിനെതിരെ പരോക്ഷ വിമർശനം.

MediaOne Logo

Web Desk

  • Updated:

    2024-06-05 04:27:56.0

Published:

5 Jun 2024 3:23 AM GMT

The Kolathur Mohammed Moulavi endowment will be given to Dr. Bahauddeen Muhammed Nadwi
X

കോഴിക്കോട്: സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിനെതിരെ പരോക്ഷ വിമർശനവുമായി മുശാവറാംഗം ബഹാഉദ്ദീൻ നദ്‌വിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പരിസ്ഥിതിദിനത്തിന്റെ ഭാഗമായുള്ള പോസ്റ്റിലാണ് നദ്‌വി 'ശജറ വിഭാഗം' എന്നറിയപ്പെടുന്ന സമസ്തയിലെ ലീഗ് വിരുദ്ധർക്കെതിരെ പരോക്ഷ വിമർശനമുന്നയിക്കുന്നത്. മരം എന്നാണ് 'ശജറ' എന്ന അറബി പദത്തിന്റെ അർഥം.

'ജനങ്ങളുടെ ആവാസത്തിനും പ്രകൃതിയുടെ ഗമനത്തിനും വിഘ്നം സൃഷ്ടിക്കുന്ന മരങ്ങളുണ്ടെങ്കിൽ അവ സംരക്ഷിക്കപ്പെടേണ്ടതില്ല. സഞ്ചാരത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന സർവ മരക്കുറ്റികളെയും പാഴ്മരങ്ങളെയും നിശ്ശേഷം പിഴുതെറിയുകയും വേണം'-നദ്‌വി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം.

പരിസ്ഥിതി പ്രശ്‌നങ്ങളെ സംബന്ധിച്ച അവബോധനമുണ്ടാക്കാനും വിവിധ കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനും 1973 ലാണ് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി ഈ ദിനാചരണം ആരംഭിച്ചത്.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം അടിസ്ഥാനപരവും അവിച്ഛേദ്യവുമായതിനാല്‍ പ്രകൃതിസംരക്ഷണം ജീവിതത്തിലെ പ്രധാന ദൗത്യമാക്കണമെന്നാണ് ഇസ്‌ലാമിക കാഴ്ച്ചപ്പാട്. വിശുദ്ധ ഖുര്‍ആന്റെ പ്രാപഞ്ചിക വീക്ഷണത്തില്‍ നിന്നാണ് പ്രവാചകന്‍ (സ്വ) പരിസ്ഥിതിയുടെ അവകാശവും പ്രാധാന്യവും നിര്‍ണയിച്ചതും അത് വിശ്വാസത്തിന്റെ ഭാഗമാണെന്ന് പഠിപ്പിച്ചതും.

ഏതൊരു മനുഷ്യനെ സംബന്ധിച്ചും ജനനം മുതല്‍ മരണം വരെയുള്ള ജീവിതക്രമം പ്രകൃതിയോടും സസ്യജാലങ്ങളോടും ചേര്‍ന്നുനില്‍ക്കുന്നതാണ്. അതുകൊണ്ട് സവിശേഷമായ ഒരു പരിപ്രേക്ഷ്യം തദ്വിഷയകമായി ഇസ്‌ലാമിനുണ്ട്. ഒരാള്‍ തന്റെ കൃഷിയിടത്തില്‍ ജോലിയില്‍ വ്യാപൃതനായിരിക്കെ അന്ത്യനാളിന്റെ വിളിയാളം കേട്ടാലും തന്റെ കൈയിലുള്ള തൈ നടണമെന്നാണ് പ്രവാചകന്‍ (സ്വ) നിര്‍ദേശിച്ചത്. മനുഷ്യര്‍ക്ക് പിന്നെയും ജീവിതകാലമുണ്ട് എന്ന് അതിനു കാരണമായി തിരുമേനി വ്യക്തമാക്കുന്നുമുണ്ട്.

കാര്‍ഷിക വൃത്തിയെയും മരം നട്ടുപിടിപ്പിക്കലിനെയും പ്രോത്സാഹിപ്പിക്കുന്നതും അതിന്റെ ശ്രേഷ്ഠതകള്‍ വ്യക്തമാക്കുന്നതുമായ നിരവധി ഹദീസുകളുമുണ്ട്. മരങ്ങളും ചെടികളും കൃഷി ചെയ്ത്, അവയിലെ ഫലങ്ങള്‍ പക്ഷികള്‍ കൊത്തിയെടുത്ത് ഭക്ഷിച്ചാലും അവ ദാനം ചെയ്ത പ്രതിഫലം നിനക്കുണ്ടെന്നാണ് നബി വചനം.

ഒന്നാം ഖലീഫ അബൂബക്ർ (റ) സൈനിക നിയോഗം നടത്തിയപ്പോള്‍ ഇങ്ങനെയാണ് നിര്‍ദേശം നല്‍കിയത്: 'നിങ്ങള്‍ ഈന്തപ്പന മരങ്ങള്‍ വെട്ടുകയോ തീയിട്ടു നശിപ്പിക്കുകയോ അരുത്; ഫലം കായ്ക്കുന്ന ഒരു മരവും മുറിക്കരുത്. ആടുമാടുകളെ കൊന്നൊടുക്കരുത്' (ജാമിഉല്‍ അഹാദീസ്). ഇസ്‌ലാമിക സംസ്‌കാരം പ്രകൃതിയോട് സ്വീകരിക്കുന്ന നിലപാടെന്താണെന്ന് കൃത്യമായി വ്യക്തമാക്കുന്നതാണ് ഈ സംഭവം.

ജനങ്ങളുടെ ആവാസത്തിനും പ്രകൃതിയുടെ ഗമനത്തിനും വിഘ്‌നം സൃഷ്ടിക്കുന്ന മരങ്ങളുണ്ടെങ്കില്‍ അവ സംരക്ഷിക്കപ്പെടേണ്ടതില്ല. സഞ്ചാരത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന സര്‍വ മരക്കുറ്റികളെയും പാഴ്മരങ്ങളെയും നിശ്ശേഷം പിഴുതെറിയുകയും വേണം. പ്രകൃതിയെ സമ്പുഷ്ടമാക്കാനും പോറലേതുമില്ലാതെ ഭാവിതലമുറക്ക് കൈമാറാനും നമുക്ക് കൈകോര്‍ക്കാം, കരുതലോടെ നീങ്ങാം.

TAGS :

Next Story