Quantcast

കുറ്റപത്രം സമർപ്പിച്ചില്ല; മുട്ടിൽ മരംകൊള്ളക്കേസ് പ്രതികൾക്ക് ജാമ്യം

സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

MediaOne Logo

Web Desk

  • Updated:

    2021-09-30 12:37:24.0

Published:

30 Sep 2021 10:35 AM GMT

കുറ്റപത്രം സമർപ്പിച്ചില്ല; മുട്ടിൽ മരംകൊള്ളക്കേസ് പ്രതികൾക്ക് ജാമ്യം
X

മുട്ടിൽ മരംക്കൊള്ളക്കേസ് പ്രതികൾക്ക് ജാമ്യം. ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. പ്രതികൾ അറസ്റ്റിലായി 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത പശ്ചാത്തലത്തിലാണ് ജാമ്യം.

സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മുട്ടില്‍ മരം മുറി കേസില്‍ നാല്‍പ്പത്തിമൂന്ന് കേസുകളായിരുന്നു മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം.കെ സമീറിന്‍റെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 36 കേസുകളിലും പ്രധാന പ്രതികളായിരുന്നു മുട്ടില്‍ അഗസ്റ്റിന്‍ സഹോദരങ്ങള്‍.

പത്തു വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കേസുകളിൽ 60 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകേണ്ടതുണ്ടെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സുൽത്താൻ ബത്തേരി ഡി.വൈ.എസ്.പി വി.വി ബെന്നിയെ സ്ഥലം മാറ്റിയതോടെ കേസിൽ അന്വേഷണം നിലച്ച മട്ടാണ്. പിടിച്ചെടുത്ത ഈട്ടിത്തടികളുടെ സാമ്പിള്‍ ശേഖരിക്കൽ, വനം - റവന്യൂ ഉദ്യോഗസ്ഥരുടെ പങ്ക് പരിശോധിക്കൽ തുടങ്ങിയ നടപടികൾ സ്വീകരിക്കാനാരിക്കെയായിരുന്നു അപ്രതീക്ഷിത സ്ഥലംമാറ്റം.

വനംവകുപ്പ് രജിസ്റ്റർ ചെയ്ത ചില കേസുകളിൽ കൂടി ജാമ്യം ലഭിക്കാനുള്ളതിനാൽ പ്രതികൾ ഉടൻ ജയിൽ മോചിതരാകില്ല. താരതമ്യേന നിസ്സാര വകുപ്പുകളായതിനാൽ വനംവകുപ്പ് കേസുകളിലും ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രതികൾ.

അതിനിടെ, മുട്ടിൽ മരം മുറി കേസില്‍ സസ്പെന്‍ഡ് ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥരെയും തിരിച്ചെടുത്തു. ലക്കിടി ചെക്ക് പോസ്റ്റിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.എസ് വിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശ്രീജിത്ത് എന്നിവരെയാണ് തിരിച്ചെടുത്തത്.

സംസ്ഥാനത്തെ മരം മുറി അന്വേഷണത്തിനായി അഞ്ച് സംഘങ്ങളെയാണ് നിയമിച്ചിരുന്നത്. മുട്ടിലിൽ മരം മുറിക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ എന്ത് നടപടി എടുത്തു എന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. മരംകൊളളയിൽ ഉന്നതർക്ക് പങ്കുണ്ടെന്ന് സർക്കാർ സമ്മതിച്ചതിന് പിന്നാലെയായിരുന്നു കോടതിയുടെ ചോദ്യം.

TAGS :

Next Story