Quantcast

ഫ്‌ളോട്ടിങ് സംവരണ നിരോധനം: പിന്നാക്ക വിഭാഗത്തിന്റെ വിദ്യാഭ്യാസ അവകാശം സർക്കാർ അട്ടിമറിക്കുന്നു -എസ്.ഡി.പി.ഐ

‘ഇടതു സർക്കാർ മുന്നാക്ക വിഭാഗങ്ങളെ മാത്രം പ്രതിനിധീകരിക്കുന്നു’

MediaOne Logo

Web Desk

  • Published:

    10 March 2024 2:00 AM GMT

sdpi  flag
X

തിരുവനന്തപുരം: ഫ്‌ളോട്ടിങ് സംവരണം നിര്‍ത്തലാക്കുന്നത് പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശം അട്ടിമറിച്ച് അവരുടെ പ്രാതിനിധ്യം ഇല്ലാതാക്കാനുള്ള ഇടതു സർക്കാറിൻ്റെ ആസൂത്രിത നീക്കത്തിൻ്റെ ഭാഗമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രവർത്തക സമിതി. ഈ നീക്കത്തിലൂടെ സംവരണീയ വിഭാഗങ്ങളുടെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അവസരങ്ങൾ ഗണ്യമായി നഷ്ടപ്പെടും.

കഴിഞ്ഞ വർഷം സർക്കാർ മെഡിക്കൽ കോളജുകളിൽ ഫ്ളോട്ടിങ് സംവരണത്തിലൂടെ 174 സീറ്റുകളാണ് ലഭിച്ചത്. വിദ്യാഭ്യാസ- തൊഴിൽ രംഗത്ത് അർഹമായ പ്രാതിനിധ്യം പോലും ലഭിക്കാത്ത പിന്നാക്ക വിഭാഗങ്ങളെ വീണ്ടും പിന്നിലേക്ക് തള്ളുന്നതാണ് പുതിയ നടപടി.

മെറിറ്റിലും സംവരണത്തിലും സീറ്റിന് അര്‍ഹതയുള്ളവർക്ക് മെച്ചപ്പെട്ട കോളജിലേക്ക് പോകുവാനും അതുവഴി ആ സമുദായത്തിന് ഉണ്ടായേക്കാവുന്ന സംവരണ സീറ്റ് നഷ്ടം ഒഴിവാക്കാനുമാണ് ഫ്ളോട്ടിങ് സംവരണം എന്ന ആശയം നടപ്പാക്കിയത്. ഭരണഘടനാനുസൃതമായി പിന്നാക്ക വിഭാഗത്തിന് അനുവദിച്ച് കിട്ടിയ ഒരു അനുകൂല്യം ആവശ്യമായ പഠനമോ ചര്‍ച്ചകളോ നടത്താതെ പിന്‍വലിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമം നടത്തുന്നത് ഇത് രണ്ടാം തവണയാണ്.

2019ല്‍ നടപ്പാക്കാന്‍ സാധിക്കാതിരുന്നത് സൂത്രത്തില്‍ നടപ്പാക്കാനാണ് വീണ്ടും സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരള പൊതുസമൂഹത്തെ പ്രതിനിധീകരിക്കുന്ന സർക്കാറല്ല, മുന്നാക്ക വിഭാഗങ്ങളെ മാത്രം പ്രതിനിധീകരിക്കുന്ന സർക്കാറാണിതെന്ന സാക്ഷ്യപ്പെടുത്തൽ കൂടിയാണ്.

പുതിയ സാഹചര്യത്തില്‍ വിദ്യാര്‍ഥിയുടെ മെറിറ്റ് സീറ്റ് ഉപേക്ഷിച്ചുവേണം സംവരണ സീറ്റിലേക്കു മാറാന്‍. തന്മൂലം ആ സമുദായത്തില്‍പ്പെട്ട ഒരു വിദ്യാര്‍ഥിക്കു കൂടി അഡ്മിഷന്‍ കിട്ടാനുള്ള അവസരം നഷ്ടമാകും. മുന്നാക്ക സംവരണം നടപ്പാക്കിയതിലൂടെ സംവരണ വിഭാഗങ്ങളുടെ അവസരം നഷ്ടപ്പെടുത്തിയ, സര്‍ക്കാര്‍ ഈ നീക്കത്തിലൂടെയും അവരെ പിന്‍തള്ളാനാണ് ശ്രമിക്കുന്നത്.

ഭരണഘടനാ വിരുദ്ധ സാമ്പത്തിക സംവരണം നടപ്പാക്കിയവർ സാമൂഹിക സംവരണ വിഷയത്തിൽ കാണിക്കുന്ന അട്ടിമറി വംശീയതയും വിവേചനമാണ്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സവർണ വിഭാഗങ്ങളെ പ്രീണിപ്പിക്കാനുള്ള ഗൂഢതന്ത്രമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഫ്ളോട്ടിങ് സംവരണം റദ്ദാക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിൻമാറണമെന്നും യോഗം ആവശ്യപ്പെട്ടു.

ദേശീയ ജനറൽ സെക്രട്ടറി പി. അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി. അബ്ദുൽ ഹമീദ്, ജനറൽ സെക്രട്ടറിമാരായ റോയ് അറയ്ക്കൽ, അജ്മൽ ഇസ്മാഈൽ, പി.പി. റഫീഖ്‌, സംസ്ഥാന സെക്രട്ടറിമാരായ കെ.കെ. അബ്ദുൽ ജബ്ബാർ, പി.ആർ. സിയാദ്, ജോൺസൺ കണ്ടച്ചിറ, കൃഷ്ണൻ എരഞ്ഞിക്കൽ, ട്രഷറർ അഡ്വ. എ.കെ. സലാഹുദ്ദീൻ, സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങൾ എന്നിവർ സംസാരിച്ചു.

TAGS :

Next Story