ഗൃഹനാഥനെ കരുതൽ തടവിലാക്കി വീട് ജപ്തി ചെയ്ത് ബാങ്ക് അധികൃതർ
ഇരുപതിലധികം വരുന്ന പൊലീസ് സംഘത്തിനൊപ്പമാണ് അധികൃതർ വീട്ടിലെത്തിയത്
തൃശൂർ: ഗൃഹനാഥനെ കരുതൽ തടവിലാക്കി പൊലീസ് സന്നാഹത്തോടെ വീട് ജപ്തി ചെയ്ത് ബാങ്ക് അധികൃതർ. തൃശ്ശൂർ പുത്തൻപീടിക സ്വദേശി ചക്കിത്തറ വീട്ടിൽ സുരേഷിന്റെ വീട് ആണ് ജപ്തി ചെയ്തത്. ആത്മഹത്യ ഭീഷണി മുഴക്കിയ ഭാര്യയേയും മക്കളേയും വാതിൽ ചവിട്ടിപ്പൊളിച്ച് പുറത്തിറക്കിയ ശേഷമാണ് നടപടികൾ പൂർത്തിയാക്കിയത്.
ബാങ്ക് അധികൃതർ ജപ്തി നടപടികൾക്കായെത്തിയാൽ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിക്കും എന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗൃഹനാഥനെ രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുപതിലധികം വരുന്ന പൊലീസ് സംഘത്തിനൊപ്പമാണ് അധികൃതർ വീട്ടിലെത്തിയത്. ഭാര്യയും മക്കളും വാതിലടച്ച് ആത്മഹത്യക്ക് ശ്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ വാതിൽ തകർത്ത് പോലീസ് അകത്തുകയറുകയായിരുന്നു.
വീടിനകത്ത് ഉണ്ടായിരുന്നവരെ പുറത്തിറക്കിയാണ് ജപ്തി നടപടി പൂർത്തിയാക്കിയത്. ദേശസാൽകൃത ബാങ്കിൽ നിന്നും ഒരു കോടിയിലധികം രൂപയുടെ വായ്പയായിരുന്നു സുരേഷ് എടുത്തിരുന്നത്. വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് സ്ഥലം ഒരു സുഹൃത്തിന് കൈമാറി. സുഹൃത്തും വായ്പ തിരിച്ചടവ് മുടക്കിയതോടെയാണ് ബാങ്ക് ജപ്തി നടപടിയിലേക്ക് കടന്നത്. പൊലീസ് നടപടിയിൽ പരാതി നൽകാനുള്ള നീക്കത്തിലാണ് കുടുംബം.
Adjust Story Font
16