വിദ്യാഭ്യാസ വായ്പ കുടിശ്ശികയായി: കടക്കെണിയിൽ നിപ ബാധിച്ച് മരിച്ച യുവാവിന്റെ കുടുംബം
എഞ്ചിനീയറിംഗ് ബിരുദധാരിയായ സ്വാലിഹിന്റെ പഠനത്തിനായി 2012ലാണ് വായ്പയെടുക്കുന്നത്
കോഴിക്കോട്: വിദ്യാഭ്യാസ വായ്പ കുടിശ്ശികയായതോടെ കടക്കെണിയിലായി നിപ ബാധിച്ചു മരിച്ച യുവാവിന്റെ കുടുംബം. പന്തിരിക്കരയിൽ മരിച്ച സൂപ്പിക്കട സ്വദേശി സ്വാലിഹിനായെടുത്ത വായ്പയാണ് കുടിശ്ശികയായത്. നാല് ലക്ഷം രൂപയുടെ വായ്പ പലിശയടക്കം 10 ലക്ഷം ആയി തിരിച്ചടയ്ക്കണമെന്നാണ് ബാങ്കിന്റെ ആവശ്യം. വായ്പ എഴുതിത്തള്ളാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് സ്വാലിഹിന്റെ മാതാവ് മറിയം മുഖ്യമന്ത്രിക്ക് കത്തു നൽകി.
കേരളത്തിൽ നിപ ആദ്യമായി റിപ്പോർട്ട് ചെയ്തത് സ്വാലിഹിന്റെ കുടുംബത്തിലായിരുന്നു. സ്വാലിഹും സഹോദരനും പിതാവും മരണത്തിന് കീഴടങ്ങി. എഞ്ചിനീയറിംഗ് ബിരുദധാരിയായ സ്വാലിഹിന്റെ പഠനത്തിനായി 2012ലാണ് വായ്പയെടുക്കുന്നത്. സ്വാലിഹിന്റെ മരണത്തിന് പിന്നാലെ വായ്പയെഴുതിത്തള്ളാമെന്ന് നിരവധി വാഗ്ദാനങ്ങളുണ്ടായെങ്കിലും ഒന്നും നടപടിയായില്ല.
സ്വാലിഹിന്റെയും പിതാവിന്റെയും പേരിലായിരുന്നു ലോൺ. ഇത് തിരിച്ചടയ്ക്കാത്തതിനാൽ മറിയത്തിനും സ്വാലിഹിന്റെ അനുജനുമെതിരെ കേസ് ഫയൽ ചെയ്തിരിക്കുകയാണ് ബാങ്ക്.
Adjust Story Font
16