സംസ്ഥാനത്ത് ബാറുകൾ ഇന്ന് മുതൽ അടച്ചിടും
ബെവ്കോയില്‍ നിന്ന് വില്‍പ്പനയ്ക്കായി മദ്യം വാങ്ങുമ്പോൾ ഈടാക്കുന്ന വെയര്‍ഹൌസ് മാര്‍ജിന്‍ വർധിപ്പിച്ചതിന് പിന്നാലെയാണ് മദ്യവിൽപ്പനയിലെ പ്രതിസന്ധി.
സംസ്ഥാനത്ത് ഇന്ന് മുതൽ ബാറുകൾ അടച്ചിടും. വെയർ ഹൗസ് മാർജിൻ വർധിപ്പിച്ച ബെവ്കോ നടപടിയിൽ പ്രതിഷേധിച്ചാണ് അടച്ചിടുന്നത്. ബെവ്കോ നിരക്കിൽ തന്നെ ബാറുകളിൽ നിന്ന് മദ്യം പാഴ്സൽ നൽകുന്നത് നഷ്ടമാണെന്നും എംആർപി നിരക്ക് വർധിപ്പിക്കണമെന്നും ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ തീരുമാനമാകുന്നത് വരെ ബാറുകളിൽ മദ്യ വിൽപന നടത്തേണ്ടെന്നാണ് അസോസിയേഷൻ തീരുമാനം.
ബെവ്കോയില്‍ നിന്ന് വില്‍പ്പനയ്ക്കായി മദ്യം വാങ്ങുമ്പോൾ ഈടാക്കുന്ന വെയര്‍ഹൌസ് മാര്‍ജിന്‍ വർധിപ്പിച്ചതിന് പിന്നാലെയാണ് മദ്യവിൽപ്പനയിലെ പ്രതിസന്ധി. കണ്‍സ്യൂമര്‍ ഫെഡിന്‍റേത് 8ല്‍ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് ഉയർത്തിയത്. വെയര്‍ഹൌസ് മാര്‍ജിന്‍ വര്‍ധിപ്പിക്കുമ്പോഴും എംആര്‍പി നിരക്കില്‍ നിന്ന് വിലകൂട്ടി വില്‍ക്കാന്‍ അനുവാദമില്ലാത്തതാണ് കണ്‍സ്യൂമര്‍ ഫെഡിനും ബാറുകള്‍ക്കും തിരിച്ചടിയായത്.
ബാറുകൾ ഉൾപ്പെടുന്ന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരുന്നു. പ്രശ്നം പരിശോധിച്ച് തീരുമാനിക്കാമെന്ന് സർക്കാർ ഉറപ്പുനൽകി. എന്നാൽ പരിഹാരം ഉണ്ടാകുന്നതുവരെ ബാറുകൾ അടച്ചിടാൻ അസോസിയേഷൻ യോഗം തീരുമാനിക്കുകയായിരുന്നു. പുതിയ ഉത്തരവ് മൂലം ബാറുകൾക്ക് വൻ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന് യോഗം വിലയിരുത്തി.
കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റുകളിലും മദ്യവില്‍പന പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ചെറിയ ലാഭം പോലുമില്ലാതെ മദ്യവില്‍പ്പന നടത്താന്‍ കഴിയില്ലെന്നാണ് കണ്‍സ്യൂമര്‍ ഫെഡ് നിലപാട്. മദ്യ വില്‍പ്പനയിലെ ലാഭം ഉപയോഗിച്ച് നല്‍കുന്ന കണ്‍സ്യൂമര്‍ ഫെഡിന്‍റെ കിറ്റ് വിതരണത്തെയും ഇത് ബാധിക്കും.
Adjust Story Font
16