'ഇടുക്കി ഡിസിസി പ്രസിഡണ്ടിന്റെ മുടിവെട്ടില്ല'; ബാർബർമാരുടെ സംഘടന
വിവാദ പരാമർശത്തെക്കുറിച്ച് പ്രതികരിക്കാൻ സിപി മാത്യു തയ്യാറായില്ല
ബാർബർ തൊഴിലാളികളെ അപമാനിച്ച ഇടുക്കി ഡിസിസി പ്രസിഡന്റിന്റെ മുടിവെട്ടില്ലെന്ന് ബാർബർമാരുടെ സംഘടന. പ്രതിഷേധ പരിപാടിക്കിടെ നടത്തിയ പരാമർശമാണ് കേരള ബാർബർ ബ്യൂട്ടീഷൻ അസോസിയേഷനെ ചൊടിപ്പിച്ചത്.
വണ്ടിപ്പെരിയാറിൽ കഴിഞ്ഞ ദിവസം നടന്ന സമരത്തിനിടെയാണ് ഡിസിസി പ്രസിഡന്റ് സിപി. മാത്യു വിവാദ പരാമർശം നടത്തിയത്. 'മണ്മറഞ്ഞുപോയ രക്തസാക്ഷിയെ ഈ മണ്ണിൽപ്പോലും കിടക്കാൻ അനുവദിക്കില്ലെങ്കിൽ ഞങ്ങൾ ചെരയ്ക്കാനല്ല നടക്കുന്നത്' എന്നായിരുന്നു സി പി മാത്യുവിന്റെ പ്രസംഗം. തൊട്ടുപിന്നാലെ പ്രതിഷേധവുമായി ബാർബർ ബ്യൂട്ടീഷ്യൻ അസോസിയേഷൻ രംഗത്തെത്തി. പരാമർശത്തിൽ മാപ്പുപറയണമന്ന് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ലെന്നാണ് ആരോപണം. ഇതോടെ താലൂക്ക് ആസ്ഥാനങ്ങളിൽ പ്രകടനം നടത്തിയ തൊഴിലാളികൾ നയം പ്രഖ്യാപിച്ചു.
വിവാദ പരാമർശത്തെക്കുറിച്ച് പ്രതികരിക്കാൻ സിപി മാത്യു തയ്യാറായില്ല. വണ്ടിപ്പെരിയാർ രക്തസാക്ഷി മണ്ഡപത്തിന് സമീപം നിർമിച്ച മാലിന്യക്കുഴി മാറ്റണം എന്നാവശ്യപ്പെട്ടായിരുന്നു കോൺഗ്രസ് സമരം.
Adjust Story Font
16