തെരഞ്ഞെടുപ്പ് കോഴക്കേസ്; നിരപരാധിത്വം തെളിയിക്കുമെന്ന് കെ. സുരേന്ദ്രന്‍, ആരോപണത്തിൽ ഉറച്ച് പ്രസീത
കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തി സുരേന്ദ്രനും ജെ.ആർ.പി നേതാവ് പ്രസീത അഴീക്കോടും ശബ്ദ സാമ്പിള്‍ നൽകി.
സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ തനിക്കും പാർട്ടിക്കും എതിരായ അന്വേഷണം നിലനിൽക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കള്ളക്കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിരപരാധിത്വം തെളിയിക്കുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
കൊച്ചി കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തിയാണ് സുരേന്ദ്രനും ജെ.ആർ.പി നേതാവ് പ്രസീത അഴീക്കോടും ശബ്ദ സാമ്പിള്‍ നൽകിയത്. സുരേന്ദ്രനെതിരായ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നതായി പ്രസീത പറഞ്ഞു. കേസിൽ ബത്തേരി മജിസ്ട്രേറ്റ് കോടതിയാണ് കെ സുരേന്ദ്രന്‍റെയും പ്രസീത അഴീക്കോടിന്‍റെയും ശബ്ദ സാമ്പിള്‍ ശേഖരിക്കാന്‍ അനുമതി നല്‍കിയത്.
ജനാധിപത്യ രാഷ്ട്രീയ പാർട്ടി നേതാവ് സി.കെ ജാനുവിനെ ബത്തേരി നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിയാക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കോഴ നൽകിയെന്നതാണ് കേസ്. ഇരുവരുടെയും ശബ്ദ സാമ്പിള്‍ പരിശോധനക്ക് അനുമതി തേടി ക്രൈംബ്രാഞ്ചാണ് കോടതിയെ സമീപിച്ചത്.
ജെ.ആർ.പി ട്രഷറർ പ്രസീത അഴീക്കോടും കെ.സുരേന്ദ്രനും തമ്മിലെ ഫോൺ സംഭാഷണത്തിന്റെ ആധികാരികത ഉറപ്പുവരുത്താനാണ് ശബ്ദ പരിശോധന. കേസിലെ ഒന്നാം പ്രതിയാണ് കെ സുരേന്ദ്രൻ. 2021 മാർച്ച് മാസം തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് 10 ലക്ഷം രൂപയും ബത്തേരിയിലെ ഹോംസ്റ്റേയിൽ വെച്ച് 25 ലക്ഷം രൂപയും സി.കെ ജാനുവിന് കൈമാറിയെന്നാണ് ആരോപണം.
Adjust Story Font
16