'കൊമ്പുകളിലല്ല, വേരുകള്‍ക്ക് ബലം നല്‍കാന്‍ ശ്രദ്ധിക്കൂ'; വിവാദങ്ങളില്‍ നജീബ് കാന്തപുരം
ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയായതോടെ നജീബ് കാന്തപുരം പോസ്റ്റ് പിന്‍വലിച്ചു
കോഴിക്കോട്: മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിയെ മുന്‍നിര്‍ത്തിയുള്ള ലീഗ് നേതാവ് പി.കെ ഫിറോസിന്‍റെയും എം.കെ മുനീര്‍ എം.എല്‍.എയുടെയും വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി നജീബ് കാന്തപുരം. 'കൊമ്പുകളിലല്ല, വേരുകള്‍ക്ക് ബലം നല്‍കുന്നതിലാണ് ശ്രദ്ധ വേണ്ടതെന്നും കൊമ്പുകളെ വിടൂ, പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ വേരുകളിലേക്ക് ശ്രദ്ധ ചെലുത്തൂവെന്നും നജീബ് കാന്തപുരം ആവശ്യപ്പെട്ടു. വന്‍ മരങ്ങളെ പോലും കടപുഴക്കുന്ന കൊടുങ്കാറ്റുകള്‍ക്കിടയില്‍ അകന്നുനില്‍ക്കുന്ന മരങ്ങളുടെ വേരുകള്‍ പോലും മണ്ണിനടിയില്‍ കെട്ടിപ്പിടിച്ചു നില്‍ക്കാന്‍ വെമ്പുകയാണെന്നും നജീബ് ഫേസ്ബുക്കില്‍ കുറിച്ചു.
അതെ സമയം ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയായതോടെ നജീബ് കാന്തപുരം പോസ്റ്റ് പിന്‍വലിച്ചു. അനാവശ്യ വിവാദം ഒഴിവാക്കണമെന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പിലൂടെ ഉദ്ദേശിച്ചതെന്നും എല്ലാവരും ഒരുമിച്ച് നിന്ന് വേരുകളെ സംരക്ഷിക്കണമെന്നും തെറ്റിദ്ധാരണ സൃഷ്ടിക്കുമെന്ന് കരുതിയതിനാലാണ് പോസ്റ്റ് പിൻവലിച്ചതെന്നും നജീബ് വ്യക്തമാക്കി.
നജീബ് കാന്തപുരത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:
വന്‍ മരങ്ങളെ പോലും കടപുഴക്കുന്ന കൊടുങ്കാറ്റുകള്‍ക്കിടയില്‍ അകന്നുനില്‍ക്കുന്ന മരങ്ങളുടെ വേരുകള്‍ പോലും മണ്ണിനടിയില്‍ കെട്ടിപ്പിടിച്ചു നില്‍ക്കാന്‍ വെമ്പുകയാണ്. കൊമ്പുകളിലല്ല, വേരുകള്‍ക്ക് ബലം നല്‍കുന്നതിലാണ് ശ്രദ്ധ വേണ്ടത്. കൊമ്പുകളെ വിടൂ, പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ വേരുകളിലേക്ക് ശ്രദ്ധ ചെലുത്തൂ..കിളികള്‍ പറന്ന് പോകും. മരം ബാക്കിയാവും. മരം ബാക്കിയാവുക തന്നെ വേണം.
കെ.എം ഷാജിക്കെതിരെ മുസ്‌ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ വിമർശനമുയർന്നിരുന്നു. പാർട്ടി വേദികളിൽ അല്ലാതെ പാർട്ടിക്കെതിരെ ഷാജി വിമർശനം ഉന്നയിക്കുന്നുവെന്നും ഷാജിക്കെതിരെ നടപടി വേണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. സൗദിയിലെ ഒരു പരിപാടിയിൽ പോലും പ്രധാന നേതാക്കളെ ഉന്നം വയ്ക്കുന്ന രീതിയിൽ ഷാജി പ്രസംഗിച്ചു എന്നാണ് യോഗത്തിൽ പ്രധാനമായും വിമർശനമുയർന്നത്. ചാനൽ അഭിമുഖങ്ങളിലും മറ്റും പാർട്ടിക്കെതിരെ ഷാജി വിമർശനമുന്നയിച്ചിരുന്നു. ലീഗിന്‍റെ ഉന്നതാധികാര സമിതി എന്ന ബോഡി ഭരണഘടനാനുസൃതമല്ലെന്ന വിമർശനമടക്കം കെ.എം ഷാജിയുടെ ഭാഗത്തുണ്ടായിരുന്നു.
തുടര്‍ന്ന് കെ.എം ഷാജിയെ പരോക്ഷമായി വിമര്‍ശിക്കുന്ന സ്വഭാവത്തിലാണ് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് ആദ്യം രംഗത്തുവന്നത്. മുസ്‌ലിം ലീഗ് ഒരു വലിയ വടവൃക്ഷമാണെന്നും അതിന്‍റെ കൊമ്പിൽ നിന്നും വീഴുന്നവർക്ക് മാത്രമാണ് പരിക്കേൽക്കുകയെന്നുമായിരുന്നു പി.കെ ഫിറോസ് പാർട്ടി പരിപാടിയിൽ പറഞ്ഞത്. വടവൃക്ഷത്തിന്‍റെ കൊമ്പിൽ കയറി വല്ലാതെ കസർത്ത് കളിച്ചാൽ ചിലപ്പോൾ കൊമ്പൊടിയുമെന്നും മറ്റു ചിലപ്പോൾ കൊമ്പിൽ നിന്ന് തെന്നിവീഴുമെന്നും രണ്ടായാലും വീഴുന്നവർക്ക് മാത്രമാണ് പരിക്കെന്നും ഈ വടവൃക്ഷത്തിന് ഒരു പരിക്കും ഏൽക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വടവൃക്ഷത്തിന്‍റെ കൊമ്പിൽ നമ്മളൊക്കെ ഇരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൊട്ടുപിന്നാലെ കെ.എം ഷാജിയെ പിന്തുണച്ച് എം.കെ മുനീര്‍ എം.എല്‍.എ രംഗത്തുവന്നു. കെ.എം ഷാജിയുടെ പ്രസ്താവനയുടെ പേരില്‍ ലീഗില്‍ പൊട്ടിത്തെറി ഉണ്ടാകില്ലെന്നും ഷാജി കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാളാണെന്നും എം കെ മുനീര്‍ പറഞ്ഞു. ഷാജിയുടെ പ്രസംഗത്തിന്‍റെ ഒരു ഭാഗം മാത്രമാണ് പുറത്തു വന്നത്.ലീഗ് എന്ന വട വൃക്ഷത്തില്‍ കയറി കസര്‍ത്തു നടത്തുന്നവര്‍ വീണാല്‍ അവര്‍ക്കു പരുക്കേല്‍ക്കുമെന്ന ഫിറോസിന്‍റെ പരാമര്‍ശം ഫിറോസ് ഉള്‍പ്പെടെ എല്ലാവര്‍ക്കും ബാധകമാണെന്നും മുനീര്‍ പറഞ്ഞു.
Adjust Story Font
16