Quantcast

ഏഴാം ശമ്പള പരിഷ്‌കരണത്തിലൂടെ ലഭിക്കേണ്ട ക്ഷാമബത്ത തടഞ്ഞുവെച്ചു; പ്രതിഷേധവുമായി എയ്ഡഡ് കോളേജ് അധ്യാപകർ

ശമ്പളവിതരണത്തിലെ അനിശ്ചിതത്വം, ക്ഷാമബത്ത കുടിശ്ശിക തീർക്കല്‍ എന്നിവ ഉടനടി നടപ്പിലാക്കിയില്ലെങ്കില്‍ പ്രത്യക്ഷസമരത്തിലേക്ക് കടക്കുമെന്നും അധ്യാപകര്‍ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2023-02-01 02:26:12.0

Published:

1 Feb 2023 1:21 AM GMT

Bereavement Allowance,  Seventh Pay Revision,Aided college teachers, protest,
X

തിരുവനന്തപുരം: ഏഴാം ശമ്പളപരിഷ്കരണത്തിലൂടെ ലഭിക്കേണ്ട ക്ഷാമബത്ത തടഞ്ഞുവച്ചിരിക്കുന്നതില്‍ പ്രതിഷേധവുമായി സംസ്ഥാനത്തെ എയ്ഡഡ്കോളജ് അധ്യാപകര്‍. പി എച്ച് ഡി ഇന്ക്രിമെന്റ് അടക്കമുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകസംഘടനയായ കെ പി സി ടി എയുടെ നേതൃത്വത്തില്‍ ഇന്നലെ വഞ്ചനാദിനം ആചരിച്ചു. ശമ്പളവിതരണത്തിലെ അനിശ്ചിതത്വം, ക്ഷാമബത്ത കുടിശ്ശിക തീർക്കല്‍ എന്നിവ ഉടനടി നടപ്പിലാക്കിയില്ലെങ്കില്‍ പ്രത്യക്ഷസമരത്തിലേക്ക് കടക്കുമെന്നും അധ്യാപകര്‍ അറിയിച്ചു.

2016ലാണ് സംസ്ഥാനത്ത് ഏഴാം ശമ്പളപരിഷകരണം നടപ്പിലാക്കിയത്. എന്നാല്‍ എയ്ഡഡ് കോളേജ് അധ്യാപകര്‍ക്ക് ഇതിന്റെ ഫലം ലഭിച്ചത് 2019 ജൂലൈയിലാണ്. പക്ഷെ ശമ്പളത്തിനോടൊപ്പം ക്ഷാമബത്തയിലും പിഎച്ച് ഡി - എം ഫില്‍ ഇന്‍ക്രിമെന്റുകളിലും നടപ്പിലാവേണ്ട വര്‍ധനവ് ഉണ്ടായിട്ടില്ലെന്നാണ് അധ്യാപകരുടെ പരാതി. 2019 മുതല്‍ കേരളത്തില്‍ ക്ഷാമബത്ത ലഭിക്കാത്ത ഏകവിഭാഗം കോളേജ് അധ്യാപകരാണ്. യുജിസി നിര്‍ദേശപ്രകാരം ശമ്പളം വര്‍ധിപ്പിക്കേണ്ടതിന് പകരം അടിസ്ഥാന ശമ്പളം മാത്രം കൂട്ടിയതിനാല്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട അധിക ബാധ്യതയുടെ 50 ശതമാനവും ലഭിച്ചില്ല. 38 ശതമാനം കേന്ദ്ര ഡി.എ ലഭിക്കേണ്ടിടത്ത് അധ്യാപകര്‍ക്ക് ലഭിക്കുന്നത് 17 ശതമാനമാണ്. ഇതുമൂലം അസിസ്റ്റന്റ് പ്രഫസറുടെ ശമ്പളത്തില്‍ 20000 രൂപയുടേയും അസോസിയേറ്റ് പ്രഫസര്‍ക്ക് 40000 രൂപയുടേയും കുറവുണ്ടാകുമെന്ന് അധ്യാപകര്‍ പറയുന്നു. ശമ്പള പരിഷ്കരണം പൂര്‍ണമായി നടപ്പിലാക്കുക, ക്ഷാമബത്തയടക്കം എല്ലാ ഇന്‍ക്രിമെന്റുകളും മുന്‍കാല പ്രാബല്യത്തില്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

അധ്യാപകരുടെ ശമ്പളവിതരണ സോഫ്റ്റുവെയറായ സ്പാര്‍ക്കിലെ പിഴവുകള്‍ മൂലം ശമ്പളവിതരണത്തില്‍ താളപ്പിഴകളുണ്ടാകുന്നു എന്ന പരാതിയും കെ പി സി ടി എ ഉന്നയിക്കുന്നുണ്ട്. സാങ്കേതികവിജ്ഞാനമില്ലാത്ത താല്‍ക്കാലിക ജീവനക്കാര്‍ സോഫ്റ്റുവെയര്‍ കൈകാര്യം ചെയ്യുന്നതിനാല്‍ പ്രതിസന്ധിയുണ്ടാകുന്നു എന്നാണ് ആരോപണം. അതിനാല്‍ സോഫ്റ്റുവെയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യമുണ്ട്. അല്ലാത്തപക്ഷം പണിമുടക്കടക്കമുള്ള പ്രത്യക്ഷസമരപരിപാടികളിലേക്ക് കടക്കാനാണ് ഒരുവിഭാഗം അധ്യാപകരുടെ തീരുമാനം.

TAGS :

Next Story