രൂപവും ശബ്ദവും വ്യാജമായി നിര്‍മിച്ച് പണം തട്ടല്‍; എ.ഐ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വ്യാജകോളുകൾ ലഭിച്ചാല്‍ സൈബർ ഹെൽപ് ലൈൻ നമ്പര്‍ 1930ൽ അറിയിക്കണം
തിരുവനന്തപുരം: നിര്‍മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവം കേരളത്തില്‍ ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് പൊലീസ്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാജകോളുകൾ ലഭിച്ചാല്‍ ഉടന്‍ ആ വിവരം കേരളാ സൈബർ ഹെൽപ് ലൈൻ നമ്പരായ 1930ൽ അറിയിക്കണം. ഈ സേവനം 24 മണിക്കൂറും ലഭ്യമായിരിക്കുമെന്നും പൊലീസ് അറിയിച്ചു.
എഐ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ പൊലീസ് നല്‍കുന്ന മുന്നറിയിപ്പുകള്‍
സുഹൃത്തുകളുടെയും ബന്ധുക്കളുടെയും സമൂഹ മാധ്യമ അക്കൌണ്ടുകളില്‍ നിന്ന് ഫോട്ടോ ശേഖരിച്ചാണ് തട്ടിപ്പ് നടത്തുന്നത്
ഇത്തരത്തില്‍ കിട്ടുന്ന ഫോട്ടോകള്‍ എ.ഐ സംവിധാനത്തിലൂടെ വീഡിയോ കോളിന് ഉപയോഗിക്കുന്നു. കാണുമ്പോള്‍ നമ്മളുടെ പ്രിയപ്പെട്ടവരാണെന്ന് തോന്നും
പരിചയമില്ലാത്ത നമ്പരില്‍ നിന്നുള്ള വോയിസ് അല്ലെങ്കില്‍ വീഡിയോ കോള്‍ വഴിയുള്ള സാമ്പത്തിക അഭ്യര്‍ഥനകള്‍ പൂര്‍ണമായും നിരസിക്കുക
അത്തരം കോളുകള്‍ വന്നാല്‍ പ്രസ്തുത വ്യക്തിയുടെ നിങ്ങളുടെ കൈവശമുള്ള നമ്പറിലേക്ക് വിളിച്ച് ഇക്കാര്യം ഉറപ്പാക്കുക
വ്യാജകോളുകള്‍ ലഭിച്ചാല്‍ ആ വിവരം സൈബർ ഹെൽപ് ലൈൻ നമ്പരായ 1930ൽ അറിയിക്കണം
എ.ഐ വഴി സുഹൃത്തിന്റെ വ്യാജദൃശ്യം സൃഷ്ടിച്ച് തട്ടിപ്പ്; കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് 40,000 രൂപ
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് വഴി സുഹൃത്തിന്റെ ദൃശ്യം വ്യാജമായി സൃഷ്ടിച്ച് പണം തട്ടിയ കേസിൽ സൈബര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബാങ്ക് അക്കൗണ്ടും വാട്ട്സ്ആപ്പ് നമ്പറും കേന്ദ്രീകരിച്ചാണ് അന്വേഷണം. എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡീപ് ഫേക് ടെക്നോളജിയിലൂടെയാണ് തട്ടിപ്പ് നടത്തിയത്. കോഴിക്കോട് പാലാഴി സ്വദേശി പി.എസ് രാധാകൃഷ്ണനാണ് തട്ടിപ്പിനിരയായത്.
കൂടെ ജോലി ചെയ്ത ആളാണെന്നും ബന്ധുവിന്‍റെ സര്‍ജറിക്കായി 40,000 രൂപ ഗൂഗിൾപേ ചെയ്തു തരണമെന്നും ആവശ്യപ്പെട്ടാണ് തനിക്ക് കോള്‍ വന്നതെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. ഇങ്ങനെ ഒരുപാട് തട്ടിപ്പുകൾ നടക്കുന്നുണ്ട്. തന്‍റെ സുഹൃത്തുതന്നെയാണ് വിളിക്കുന്നതെന്ന് എങ്ങനെ വിശ്വസിക്കുമെന്ന് രാധാകൃഷ്ണൻ ചോദിച്ചു. ഉടനെ തന്നെ വീഡിയോ കോൾ ചെയ്തു. കോളിൽ മുഖം കണ്ടതോടെ ഗൂഗിള്‍ പേ വഴി പണമയച്ചു. പരിചയമില്ലാത്ത നമ്പറില്‍ നിന്നാണ് വീഡിയോ കോള്‍ വന്നത്. 30,000 രൂപ കൂടി അയക്കാമോ എന്ന് വീണ്ടും ചോദിച്ചപ്പോള്‍ സുഹൃത്തിന്‍റെ, തന്‍റെ കയ്യിലുള്ള നമ്പറിലേക്ക് വിളിച്ചു. അപ്പോഴാണ് സുഹൃത്ത് പണം ആവശ്യപ്പെട്ടിട്ടില്ലെന്നും പറ്റിക്കപ്പെട്ടെന്നും മനസ്സിലായത്.
എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് സുഹൃത്തിന്‍റെ രൂപം വ്യാജമായി നിര്‍മിച്ചാവാം തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. നേരത്തെ മെസേജ് വഴി സഹായം അഭ്യര്‍ഥിച്ച് സാമ്പത്തിക തട്ടിപ്പുകള്‍ സജീവമായിരുന്നു. ആദ്യമായാണ് വ്യാജ ദൃശ്യം സൃഷ്ടിച്ച് പണം തട്ടിയ കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
Adjust Story Font
16