നടിയെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്തു
ഡി.വൈ.എസ്.പി ബൈജു പൗലോസും എസ്.പി മോഹനചന്ദ്രനും സംഘത്തിലുണ്ടായിരുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്തു. തിരുവനന്തപുരത്തെ ഭാഗ്യലക്ഷ്മിയുടെ ഫ്ലാറ്റിലെത്തിയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മൊഴിയെടുത്തത്. ഡി.വൈ.എസ്.പി ബൈജു പൗലോസും എസ്.പി മോഹനചന്ദ്രനും സംഘത്തിലുണ്ടായിരുന്നു. ദിലീപിന്‍റെയും മഞ്ജു വാര്യരുടെയും വിവാഹമോചനത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ചാണ് ഉദ്യോഗസ്ഥർ ചോദിച്ചതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
മഞ്ജു വാര്യര്‍ കരിക്കകം ക്ഷേത്രത്തില്‍ നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ട് ദിലീപ് തന്നെ രാത്രി ഒന്നരയ്ക്ക് ഫോണില്‍ വിളിച്ചുവെന്നായിരുന്നു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍, പരിപാടിയില്‍ പങ്കെടുക്കുമെന്ന് മഞ്ജു തീരുമാനിക്കുകയും ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി പ്രതിഫലം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം ഉണ്ടായ അന്ന് രാത്രിയാണ് ദിലീപ് തന്നെ വിളിച്ചതെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി, മഞ്ജുവിനെ നീക്കത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കഴിയില്ലെന്ന് തീര്‍ത്തുപറഞ്ഞപ്പോഴാണ് തന്നോട് ആക്രോശിച്ചതെന്നും വെളിപ്പെടുത്തിയിരുന്നു.
അതേസമയം ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസില്‍ നടി മഞ്ജു വാര്യരുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ദിലീപിന്‍റെ സഹോദരന്‍ അനൂപും ദിലീപിന്‍റെ അഭിഭാഷകനും തമ്മിലുള്ള സംഭാഷണത്തിന്‍റെ ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. അനൂപിനെ അഭിഭാഷകന്‍ പറഞ്ഞു പഠിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ഡാൻസ് പ്രോഗ്രാമുകളുടെ പേരിൽ ദിലീപുമായി മഞ്ജു പ്രശ്‌നമുണ്ടാക്കിയെന്നും മഞ്ജു മദ്യപിക്കുമെന്ന് പറയണമെന്നും അഭിഭാഷകന്‍ നിര്‍ദേശിച്ചു. ശ്രീകുമാർ മേനോനും ലിബർട്ടി ബഷീറും ശത്രുവാണെന്ന് പറയണം. ശ്രീകുമാർ മേനോനും മഞ്ജുവും തമ്മിൽ അടുപ്പമുണ്ടെന്ന് പറയണമെന്നും അനൂപിനെ അഭിഭാഷകന്‍ പഠിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ഈ സാഹചര്യത്തിലാണ് മഞ്ജു വാര്യരുടെ മൊഴിയെടുത്തത്.
Adjust Story Font
16