ഭാരത് ജോഡോ യാത്ര അവസാന ഘട്ടത്തിലേക്ക്; രാഹുൽ ഗാന്ധിക്ക് സുരക്ഷ വർധിപ്പിക്കും
ഡൽഹിയിൽ നിന്ന് യാത്ര പുനരാരംഭിക്കും
ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര അവസാന ഘട്ടത്തിലേക്ക്. ഒമ്പത് ദിവസത്തെ ഇടവേളക്ക് ശേഷം ഡൽഹിയിൽ നിന്ന് യാത്ര ഇന്ന് പുനരാരംഭിക്കും. രാഹുൽ ഗാന്ധിയുടെ സുരക്ഷ വർധിപ്പിക്കാൻ ഡൽഹി പൊലീസ് തീരുമാനിച്ചു.
ഡൽഹി കശ്മീരി ഗേറ്റിലെ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് രാഹുൽ ഗാന്ധി യാത്ര ആരംഭിക്കുക. 2020 ൽ കലാപമുണ്ടായ വടക്ക് കിഴക്കൻ ഡൽഹിയിലെ സീലംപൂർ, മോജ് പൂർ, ഗോകുൽപുരി വഴി ഉത്തർപ്രദേശിലേക്ക് പ്രവേശിക്കും. ഗോകുൽ പുരിക്ക് സമീപം വച്ച് ഉത്തർപ്രദേശ് പി.സി.സി ജോഡോ യാത്രയെ സ്വീകരിക്കും.
ഡൽഹിയിൽ സുരക്ഷ വീഴ്ച ഉണ്ടായി എന്ന് കോൺഗ്രസ് ആരോപിച്ച പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിക്ക് ചുറ്റും സുരക്ഷ വർധിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു. രാഹുൽ ഗാന്ധിക്കടുത്തേക്ക് അനധികൃതമായി ആരും എത്താതിരിക്കാൻ പ്രത്യേക വലയം തീർക്കും. സുരക്ഷ വീഴ്ച സംബന്ധിച്ച് രണ്ട് തവണ പരാതി നൽകിയിട്ടും കേന്ദ്ര സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ഇന്ന് ഉച്ചയോടെ ഉത്തർ പ്രദേശിൽ പ്രവേശിക്കുന്ന യാത്ര വരും ദിവസങ്ങളിൽ ഹരിയാനയും പഞ്ചാബും പിന്നിട്ട് ജമ്മു കാശ്മീരിൽ എത്തും. ഈ മാസം 30 ന് ശ്രീനഗറിലാണ് ജോഡോ യാത്രയുടെ സമാപനം.
Adjust Story Font
16