വിവാഹപ്രായം 21 ലേക്ക് ഉയർത്തുന്ന ബിൽ; അപ്രഖ്യാപിത ഏക സിവിൽ കോഡ്-വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ
സിവിൽ നിയമമായ വിവാഹത്തെ ക്രിമിനൽ വകുപ്പിലേക്ക് മാറ്റുന്നതും ലൈംഗിക അരാജകത്വത്തിന് വഴിവെക്കുന്നതും ഇന്ത്യയെ ലോകരാജ്യങ്ങളിൽ നിന്ന് ഒറ്റെപ്പെടുത്താൻ ഇടയാക്കുന്നതുമായ തീരുമാനമാണ് ഇതെന്നും ഭാരവാഹികൾ
വിവാഹപ്രായം 21 ലേക്ക് ഉയർത്തുന്ന ബിൽ പ്രതിപക്ഷ എതിർപ്പുകളെ മറികടന്ന് വനിതാ-ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി പാർലിമെന്റിൽ അവതരിപ്പിച്ചത് അപ്രഖ്യാപിത ഏക സിവിൽ കോഡിലേക്കുള്ള ചുവടുവെപ്പാണെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി.എൻ അബ്ദുൽ ലത്തീഫ് മദനി, ജന: സെക്രട്ടറി ടി.കെ അശ്റഫ് എന്നിവർ അഭിപ്രായപ്പെട്ടു.
രാജ്യത്ത് നിലവിലുള്ള ഏഴ് വിവാഹ നിയമങ്ങളിൽ സമൂലമായ മാറ്റം വരുമെന്നും എല്ലാ വ്യക്തിനിയമങ്ങൾക്കും മേലെ വിവാഹനിയമം പുനഃസ്ഥാപിക്കുമെന്നുമാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. വ്യക്തിനിയമത്തിൽ വിള്ളൽ വീഴ്ത്തുന്ന ഈ നിയമനിർമ്മാണം ഭരണഘടനാവിരുദ്ധവും വ്യക്തി സ്വാതന്ത്ര്യത്തിന് എതിരെയുള്ള കയ്യേറ്റവും പേഴ്സണൽ ലോ തകിടം മറിക്കുന്നതുമാണ്.
സിവിൽ നിയമമായ വിവാഹത്തെ ക്രിമിനൽ വകുപ്പിലേക്ക് മാറ്റുന്നതും ലൈംഗിക അരാജകത്വത്തിന് വഴിവെക്കുന്നതും ഇന്ത്യയെ ലോകരാജ്യങ്ങളിൽ നിന്ന് ഒറ്റെപ്പെടുത്താൻ ഇടയാക്കുന്നതുമായ തീരുമാനമാണ് ഇതെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടിരിക്കുന്ന സാഹചര്യത്തിൽ പാർലിമെന്റിനകത്തും പുറത്തും പ്രതിഷേധം ഉയർത്താനും ഇതുവഴി രാജ്യത്തുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും മുഖ്യധാര രാഷ്ട്രീയ പാർട്ടികളും ജനപ്രതിനിധികളും സാംസ്‌കാരിക നായകന്മാരും മുന്നോട്ട് വരണമെന്ന് വിസ്ഡം ഭാരവാഹികൾ ആവശ്യപ്പെട്ടു. പാർലമെന്റിൽ ബില്ലിനെതിരെ ശബ്ദമുയർത്തിയ എം.പിമാരെ അഭിവാദ്യം അറിയിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.
Adjust Story Font
16