സത്യം ജയിക്കും, പിന്നില്‍ ഇന്ത്യയിലെ വലിയ രാഷ്ട്രീയ പാര്‍ട്ടി: ബിനീഷ് കോടിയേരി
കേരളത്തിലെത്തിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്ന് ബിനീഷ് കോടിയേരി
സത്യം ജയിക്കുമെന്ന് ജയില്‍മോചിതനായ ബിനീഷ് കോടിയേരി. കേസിനു പിന്നില്‍ ഇന്ത്യയിലെ വലിയ രാഷ്ട്രീയ പാര്‍ട്ടിയാണ്. ഇ.ഡി ആവശ്യപ്പെട്ട പേരുകള്‍ പറഞ്ഞിരുന്നെങ്കില്‍ 10 ദിവസത്തിനകം പുറത്തിറങ്ങാമായിരുന്നു. കേരളത്തിലെത്തിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും ബിനീഷ് കോടിയേരി പ്രതികരിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം 2020 ഒക്ടോബർ 29നാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത്. ബിനീഷ് അറസ്റ്റിലായി വെള്ളിയാഴ്ച ഒരു വർഷം തികയുന്നതിന്‍റെ തൊട്ടുതലേ ദിവസമാണ് ജാമ്യം ലഭിച്ചത്. 2020 ഒക്ടോബർ 29ന് അറസ്റ്റിലായി 14 ദിവസം ഇ.ഡി കസ്റ്റഡിയിൽ ചോദ്യം ചെയ്തശേഷം 2020 നവംബർ 11 മുതൽ ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു ബിനീഷ് കോടിയേരി. ഇ.ഡി അന്വേഷിക്കുന്ന കേസിൽ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി.
2021 ഫെബ്രുവരിയിൽ ബംഗളൂരുവിലെ പ്രത്യേക കോടതി ജാമ്യാപേക്ഷ രണ്ടു തവണ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 2021 ഏപ്രിലിലാണ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷയിൽ വാദം ആരംഭിക്കുന്നത്. ജാമ്യ ഹരജി പരിഗണിക്കുന്നതിനിടെ മൂന്നു തവണയാണ് ഹൈക്കോടതി ബെഞ്ച് മാറിയത്. പല തവണയായി നീണ്ടുപോയ ഏഴുമാസത്തെ വാദ പ്രതിവാദങ്ങൾക്കൊടുവിലാണ് ബിനീഷിന് അനുകൂലമായി കോടതി വിധിയുണ്ടായത്.
Adjust Story Font
16