മുസ്‍ലിം ലീഗ് വർഗീയ പാർട്ടിയല്ല, അകറ്റി നിർത്തേണ്ട ആവശ്യമില്ല: ബിനോയ് വിശ്വം
'ഇപ്പോൾ നടക്കുന്ന ചർച്ചകൾ അപക്വം'
കോഴിക്കോട്: മുസ്‍ലിം ലീഗ് വർഗീയ പാർട്ടി ആണെന്ന നിലപാട് സി.പി.ഐക്കില്ലെന്ന് ബിനോയ് വിശ്വം എം.പി.'മുസ്‍ലിം ലീഗ് വർഗീയ പാർട്ടി ആണെന്ന നിലപാട് സിപിഐക്കില്ല. മുസ്‍ലിം ലീഗ് എസ്.ഡി.പി.ഐ, പി.എഫ്.ഐ പോലെ വർഗീയ പാർട്ടിയല്ല. ലീഗിനെ വർഗീയ പാർട്ടിയായി അകറ്റി നിർത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ നടക്കുന്ന ചർച്ചകൾ അപക്വമാണ്. ലീഗ് അവരുടെ നിലപാട് പറഞ്ഞു കഴിഞ്ഞുവെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
മുസ്‌ലിം ലീഗിന്റെ ചില നിലപാടുകൾ മതനിരപേക്ഷതയ്ക്ക് അനുകൂലമാണെന്നും ഇടതുമുന്നണി ആരുടെ മുന്നിലും വാതിലടച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഏകസിവിൽ കോഡ്,വിഴിഞ്ഞം, ഗവർണർ വിഷയങ്ങളിൽ ലീഗ് കോൺഗ്രസിനെ തിരുത്തിയിട്ടുണ്ട്. ലീഗിനെ കുറിച്ച് പറഞ്ഞത് തെരഞ്ഞെടുപ്പ് മുന്നിൽകണ്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗിനെ യു.ഡി.എഫിൽ നിന്നും അടർത്തിയെടുക്കാൻ നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'വർഗീയതയ്‌ക്കെതിരായ പോരാട്ടത്തിൽ യോജിക്കാനാവുന്ന എല്ലാ ജനാധിപത്യ ശക്തികളെയും ഉൾക്കൊള്ളുന്ന അതിവിപുലമായ ഒരു ഇടതുപക്ഷ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുക എന്നുള്ളതാണ് ലക്ഷ്യം. മുന്നണിയിലേക്ക് ആരെയെങ്കിലും ക്ഷണിക്കുക എന്നുള്ള നിലപാട് സ്വീകരിച്ചിട്ടേയില്ല. പല വിഷയങ്ങളിലും ലീഗെടുത്തിട്ടുള്ള നിലപാട് കോൺഗ്രസിന് അനകൂലമല്ല. നിയമസഭ പാസ്സാക്കിയ ബില്ലിന് ഒപ്പിട്ട് കൊടുക്കരുതെന്ന് പോലും പ്രതിപക്ഷ നേതാവ് പറഞ്ഞു. കോൺഗ്രസ് ഗവർണർക്ക് പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്''- എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ യു.ഡി.എഫിൽ ഭിന്നതയുണ്ടാക്കാനുള്ള നീക്കം നടക്കില്ലെന്ന് വി.ഡി സതീശനും മറുപടി നല്‍കിയിരുന്നു . എംവി ഗോവിന്ദൻ പറഞ്ഞത് രാഷ്ട്രീയ യാഥാർഥ്യമാണെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളും പ്രതികരിച്ചിരുന്നു.
Adjust Story Font
16