'ചെന്നിത്തല ഒന്ന് മാന്തിയാൽ അതിൽ കയറി കൊത്താനൊന്നും തന്നെ കിട്ടില്ല, രമേശ് കോൺഗ്രസ് നോക്കിയാൽ മതി' ചെന്നിത്തലക്ക് മറുപടിയുമായി ബിനോയ് വിശ്വം
'സതീശനും രമേശനും സുധാകരനുമൊക്കെ ഒന്നിച്ച് നിൽക്കാൻ തന്നെ ബുദ്ധിമുട്ടാനാണ്, അത്തരമൊരു പാർട്ടി എൽഡിഎഫിനെ പഠിപ്പിക്കാൻ വരേണ്ട'

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ വിമർശനത്തിനെതിരെ മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 'രമേശ് ഒന്ന് മാന്തിയാൽ അതിൽ കയറി കൊത്താനൊന്നും തന്നെ കിട്ടില്ലെന്നും, ചെന്നിത്തല കോൺഗ്രസ് നോക്കിയാൽ മതിയെന്നുമാണ്' ബിനോയ് വിശ്വം പറഞ്ഞത്.
എൽഡിഎഫിനെ കുറിച്ച് പറയാനുള്ള അർഹത കോൺഗ്രസ്സിനില്ലെന്നും കോൺഗ്രസ് പാർട്ടിയുടെ അവസ്ഥ എന്താണെന്നും ബിനോയ് ചോദിച്ചു. സതീശനും രമേശനും സുധാകരനുമൊക്കെ ഒന്നിച്ച് നിൽക്കാൻ തന്നെ ബുദ്ധിമുട്ടാനാണ്, അത്തരമൊരു പാർട്ടി എൽഡിഎഫിനെ പഠിപ്പിക്കാൻ വരേണ്ടെന്നാണ് ബിനോയ് മാധ്യമങ്ങളോട് പറഞ്ഞത്. 'മദ്യം നിർമിക്കുന്നതിന് എൽഡിഎഫ് എതിരല്ല. കുടിവെള്ളത്തിനേയും കൃഷിയെയും ബാധിക്കുന്ന മദ്യനിർമാണം വേണ്ട എന്നതിലാണ് എൽഡിഎഫിൽ ഭിന്നിപ്പുണ്ടായത്. ഇത് രണ്ടിനെയും ബാധിക്കാത്ത തരത്തിൽ പദ്ധതി നടപ്പിലാക്കാനാണ് എൽഡിഎഫ് തീരുമാനം. ഇതിൽ പരിശോധനയും ഉണ്ടാവും.' ബിനോയ് വിശ്വം വ്യക്തമാക്കി.
മണിക്കൂറുകൾക്ക് മുൻപാണ് ബ്രൂവറി വിഷയത്തിൽ 'സിപിഐ സംസ്ഥാന സെക്രട്ടറിയുടെ വാ മുഖ്യമന്ത്രി അടപ്പിച്ചു' എന്ന പരാമർശവുമായി ചെന്നിത്തല എത്തിയത്. ബിനോയ് വിശ്വത്തിന്റെ വാക്കിന് ഒരു വിലയുമില്ലാതായെന്നും പഴയ സിപിഐ- അല്ല ഇപ്പോഴത്തെ സിപിഐയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Adjust Story Font
16