'പിണറായിയെ വെട്ടിനുറുക്കി പട്ടിക്കിട്ട് കൊടുക്കും'; കൊലവിളി മുദ്രാവാക്യം വിളിച്ച ബിജെപി പ്രവർത്തകർ അറസ്റ്റിൽ
കൊടുങ്ങല്ലൂരിൽ സത്യേഷ് അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിലാണ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ കൊലവിളി മുദ്രാവാക്യം ഉയർത്തിയത്
കൊടുങ്ങല്ലൂരിൽ മുഖ്യമന്ത്രിക്കെതിരൈ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.500 ഓളം ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച്ച കൊടുങ്ങല്ലൂരിൽ സത്യേഷ് അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിലാണ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ കൊലവിളി മുദ്രാവാക്യം ഉയർത്തിയത്.
'ഡിവൈഎഫ്ഐ നാറികളേ, കണ്ണൂരിലെ തരിമണലിൽ, പിണറായിയെ വെട്ടിനുറുക്കി, പട്ടിക്കിട്ട് കൊടുക്കും ഞങ്ങൾ' എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം വിളി. പ്രകടനം പാർട്ടി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഫേസ്ബുക്ക് ലൈവ് വീഡിയോ വഴി പങ്കുവച്ചിരുന്നു. സ്ത്രീകൾ ഉൾപ്പടെ നൂറുകണക്കിന് പേരാണ് പ്രകടനത്തിൽ പങ്കെടുത്തത്.
2006ൽ കൊല്ലപ്പെട്ട ബിജെപി മുനിസിപ്പൽ ഏരിയാ സെക്രട്ടറി സത്യേഷിന്റെ സ്മരണാർഥമാണ് റാലി സംഘടിപ്പിച്ചത്. ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ അനീഷ് കുമാർ, ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ.ആർ.ഹരി, ജസ്റ്റിൻ ജേക്കബ്, കൊടുങ്ങല്ലൂർ മണ്ഡലം അധ്യക്ഷൻ കെ.എസ് വിനോദ്, ജില്ലാ ഉപാധ്യക്ഷൻ സർജു തൈക്കാവ് തുടങ്ങിയവർ പങ്കെടുത്തു.
ഡിസംബറിൽ തലശ്ശേരിയിൽ ആർഎസ്എസ് നടത്തിയ റാലിയിലും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തിയിരുന്നു. നിസ്‌കരിക്കാൻ പള്ളികൾ ഉണ്ടാകില്ലെന്നും ബാങ്ക് വിളി കേൾക്കേണ്ടി വരില്ലെന്നുമാണ് ഒരു സംഘം പ്രവർത്തകർ ആക്രോശിച്ചിരുന്നത്. ആർഎസ്എസ് ഉയർത്തിയത് കേരളത്തിൽ കേൾക്കാത്ത മുദ്രാവാക്യമാണ് എന്നും അതംഗീകരിക്കാൻ ആകില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
നേരത്തെ, കോഴിക്കോട്ട് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിൽ മുഖ്യമന്ത്രിക്കെതിരെ മുസ്ലിം ലീഗ് പ്രവർത്തകർ വിളിച്ച മുദ്രാവാക്യവും വിവാദമായിരുന്നു. ചെത്തുകാരൻ കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം, ഓർത്തു കളിച്ചോ സൂക്ഷിച്ചോ, സമുദായത്തിനു നേരെ വന്നാൽ കത്തിക്കും എന്നിങ്ങനെയാണ് റാലിയിൽ ചില പ്രവർത്തകർ ആക്രോശിച്ചിരുന്നത്.
Adjust Story Font
16