പ്രവര്‍ത്തകരും കൈയൊഴിഞ്ഞു; ചാണ്ടി പ്രഭാവത്തില്‍ മുങ്ങിപ്പോയ ബി.ജെ.പി
പുതുപ്പള്ളിയില്‍ ബി.ജെ.പി മത്സരിക്കുന്നുവെന്ന പ്രതീതി പോലും ഉണ്ടാക്കാന്‍ ലിജിന്‍ ലാലിന് കഴിഞ്ഞില്ല
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാര്‍ട്ടി നേതൃത്വത്തിനൊപ്പം ഉച്ചഭക്ഷണം കഴിക്കുന്ന ലിജിന്‍ ലാല്‍
കോട്ടയം: പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി വികാരവും സി.പി.എം മുന്നോട്ടുവച്ച വികസനവും തമ്മില്‍ മത്സരിച്ചപ്പോള്‍ അപ്രസക്തമായിപ്പോയത് ബി.ജെ.പിയാണ്. വിജയസാധ്യത ഒട്ടുമില്ലാതിരുന്നതിനാല്‍ പാർട്ടി പ്രവർത്തകര്‍ പോലും ബി.ജെ.പി സ്ഥാനാർഥിയെ കയ്യൊഴിയുകയായിരുന്നു. മിത്ത് വിവാദവും നരേന്ദ്ര മോദിയുമൊന്നും ബി.ജെ.പിയെ സഹായിക്കാനെത്തിയില്ല. 6,500 വോട്ടാണ് പുുതുപ്പള്ളിയിൽ ബി.ജെ.പിക്ക് ആകെ ലഭിച്ചത്.
ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെ ഒഴിവുവന്ന പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ബി.ജെ.പി അപകടം മണത്തതാണ്. വിദൂര മൂന്നാം സ്ഥാനക്കാരായ ബി.ജെ.പിക്ക് ഒരു രാഷ്ട്രീയ പ്രാധാന്യവുമില്ലാത്തതിനാല്‍ പ്രവർത്തകരുടെയും അനുഭാവികളുടെയും വോട്ട് പിടിച്ചുനിർത്തുന്നതിനെ കുറിച്ചാണ് ബി.ജെ.പി ആശങ്കപ്പെട്ടത്. സംഘ്പരിവാർ വോട്ടെങ്കിലും ലഭിക്കാന്‍ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം തയ്യാറായില്ല.
ഒടുവില്‍ ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്‍റ് ലിജിന്‍ ലാലിനെ സ്ഥാനാർഥിയാക്കി. ഉമ്മന്‍ ചാണ്ടി വികാരം, ഇന്ധന വിലക്കയറ്റം, കേന്ദ്രസർക്കാരിന്റെ മോശം പ്രതിച്ഛായ ഇതെല്ലാം ബി.ജെ.പിക്ക് എതിരായ ഘടകങ്ങളായിരുന്നു. മണിപ്പൂർ കലാപത്തിന് പിറകെ ശക്തമായ ക്രൈസ്തവരുടെ അമർഷവും ബി.ജെ.പിക്ക് കാര്യങ്ങള്‍ എതിരാക്കി.
പുതുപ്പള്ളിയില്‍ ബി.ജെ.പി മത്സരിക്കുന്നുവെന്ന പ്രതീതി പോലും ഉണ്ടാക്കാന്‍ ലിജിന്‍ ലാലിന് കഴിഞ്ഞില്ല. കേവലം 6,558 വോട്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്. കഴിഞ്ഞ തവണ ലഭിച്ചതിന്റെ നേർപകുതിയാണിത്. തെരഞ്ഞെടുപ്പ് ഫലം കേന്ദ്രസർക്കാരിനെതിരായ വിലയിരുത്തല്‍ കൂടിയാണ്. പാർട്ടി വോട്ടുകള്‍ പോലും ഒലിച്ചുപോയതിനെക്കുറിച്ച് വിശദീകരിക്കാന്‍ പോലുമാകാത്ത സ്ഥിതിയിലാണു സംസ്ഥാന നേതൃത്വം.
Summary: BJP became irrelevant in Puthuppally bypoll when the Oommen Chandy sentiment and the development proposed by the CPM competed.
Adjust Story Font
16