ബി.ജെ.പി തൃശൂർ തൊടില്ല; കേരളത്തിൽ ഒരു സീറ്റും പിടിക്കില്ല-എം.വി ഗോവിന്ദൻ
'വലിയ പരിപാടിയും റോഡ്‌ഷോയും നടത്തിയാലും ഇടതുപക്ഷത്തിന്റെ അടിത്തറ ഇളകില്ല; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഒരു സീറ്റും പിടിക്കില്ല'
എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി ഒരു സീറ്റും പിടിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബി.ജെ.പി തൃശൂർ തൊടില്ല. വലിയ പരിപാടിയും റോഡ് ഷോയും ഒക്കെ നടത്തിയാലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ ഇളകില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.
പ്രധാനമന്ത്രി എന്ന നിലയിലല്ല, ബി.ജെ.പി നേതാവ് എന്ന നിലയിലാണ് നരേന്ദ്ര മോദി തൃശ്ശൂരിലെ പരിപാടിയിൽ പങ്കെടുത്തത്. സ്ത്രീ ശാക്തീകരണ പരിപാടി എന്ന പേരിൽ സംഘടിപ്പിച്ചതിൽ കുടുംബശ്രീ എന്ന സംവിധാനത്തെ കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. 45 ലക്ഷത്തിലധികം സ്ത്രീകളുള്ള സംവിധാനമാണ് കുടുംബശ്രീ-എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
സ്വർണ്ണക്കടത്തിന്റെ ഓഫീസ് എവിടെയെന്ന് അറിയാമെന്നാണ് മോദി പറഞ്ഞത്. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് വലിയ തോതിൽ സ്വർണ കള്ളക്കടത്ത് നടക്കുന്നുണ്ട്. ഇതെല്ലാം അന്വേഷിക്കേണ്ടത് കേന്ദ്ര ഏജൻസികളാണ്. എല്ലാം വസ്തുതാപരമായി അന്വേഷിക്കണം. നയതന്ത്ര മേഖലയിൽ ആണല്ലോ കള്ളക്കടത്ത് നടന്നത്. വലിയ പ്രചാരവേലയ്ക്ക് തുടക്കംകുറിക്കുന്നുവെന്നു മാത്രമേയുള്ളൂ. ഇതിന്റെ തലവനാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
''രാമക്ഷേത്രവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ആയുധമാക്കാൻ ബി.ജെ.പി ശ്രമിക്കുന്നു. വിശ്വാസികൾക്ക് അവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള ജനാധിപത്യ സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ. കോൺഗ്രസിന് മൃദുഹിന്ദുത്വ നിലപാടാണ്. ഈ നിലപാടിൽനിന്നു മാറാൻ കോൺഗ്രസ് തയാറല്ല. മതനിരപേക്ഷ ഉള്ളടക്കത്തോടുകൂടി ഈ വർഗീയതയെ ചെറുക്കാൻ കഴിയണം. ഇത് കോൺഗ്രസ് തിരിച്ചറിയണം.
വോട്ട് തട്ടുന്നതിനുവേണ്ടി ബി.ജെ.പി ചില കാര്യങ്ങൾ ഉപയോഗിക്കുന്നു. വനിതാ സംവരണ ബില്ലൊക്കെ അതിന്റെ ഭാഗമാണ്. ഗുസ്തി താരങ്ങളുടെ കാര്യത്തിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ മൗനം പാലിക്കുന്നു. ഇന്ത്യയിലുടനീളം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് അധികവും. ഇതുമായി ബന്ധപ്പെട്ട കണക്കുകൾ ഉയരുകയാണ്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രസംഗമല്ലാതെ പ്രശ്‌നപരിഹാരത്തിന് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നില്ല.''
ബി.ജെ.പി തൃശൂർ തൊടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റും അവർ പിടിക്കില്ല. വർഗീയധ്രുവീകരണമാണ് അവർ ഉദ്ദേശിക്കുന്നത്. ബി.ജെ.പി വലിയ പരിപാടിയും റോഡ്‌ഷോയുമൊക്കെ നടത്തിയാലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ ഇളകില്ലെന്നും സി.പി.എം നേതാവ് വ്യക്തമാക്കി. അതേസമയം, ചാണകവെള്ളം തെളിച്ചുള്ള പ്രതിഷേധം ഫ്യൂഡലിസത്തിന്റെ ഭാഗമാണെന്നും ഇതിലൂടെ നൽകുന്ന സന്ദേശം ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജാതി സെൻസസ് നടത്തണമെന്നാണ് സർക്കാരിന്റെ ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരാണ് സർവേ നടത്തേണ്ടത്. ജാതി സർവേ കൂടി കേന്ദ്രം നടത്തണം. ബിഹാറിൽ നടത്തിയതുപോലെ സർവേ നടത്തിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിക്കുകയും ചെയ്തു ഗോവന്ദൻ. സൂര്യനെപ്പോലെയാണ് മുഖ്യമന്ത്രി. അടുത്തു പോയാൽ കരിഞ്ഞുപോകും. മുഖ്യമന്ത്രിയുടേത് സംശുദ്ധരാഷ്ട്രീയമാണ്. കറ പുരളാത്ത ജീവിതമാണ് അദ്ദേഹത്തിന്റേതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Summary: ''BJP cannot touch Thrissur; Will not get any seat in Kerala in next Loksabha election'': Says CPM state secretory MV Govindan
Adjust Story Font
16