മരിച്ച യുവാവിന്റെ പാർട്ടിയെച്ചൊല്ലി ബി.ജെ.പി-സി.പി.എം പ്രവർത്തകർ ഏറ്റുമുട്ടി; മൃതദേഹം സംസ്‌കരിച്ചത് പൊലീസ് കാവലിൽ
ഇന്നലെ രാത്രിയാണ് ഇരിട്ടി കുയിലൂരിൽ യുവാവിന്റെ സംസ്‌കാര ചടങ്ങിനിടെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്
കണ്ണൂർ: കുയിലൂരിൽ യുവാവിന്റെ സംസ്‌കാര ചടങ്ങിനിടെ ബി.ജെ.പി-സി.പി.എം പ്രവർത്തകർ ഏറ്റുമുട്ടി. മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാനുള്ള ശ്രമത്തിനിടെയായിരുന്നു തർക്കവും കയ്യാങ്കളിയും. തുടർന്ന് വൻ പൊലീസ് സംഘത്തിന്റെ കാവലിലാണ് മൃതദേഹം സംസ്‌കരിച്ചത്.
ഇന്നലെ രാത്രിയാണ് ഇരിട്ടി കുയിലൂരിൽ യുവാവിന്റെ സംസ്‌കാര ചടങ്ങിനിടെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ചന്ദ്രോത്ത് വീട്ടിൽ എൻ.വി പ്രജിത്തിന്റെ സംസ്‌കാര ചടങ്ങിനിടെയാണ് സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിലടിച്ചത്.
നേരത്തെ ബി.ജെ.പി പ്രവർത്തകനായിരുന്നു പ്രജിത്ത്. എന്നാൽ ഇയാളുടെ കുടുംബം സി.പി.എം അനുഭാവികളാണ്. പൊതുദർശനത്തിന് ശേഷം മൃതദേഹം ദഹിപ്പിക്കാൻ എടുക്കുന്നതിനിടെ ബി.ജെ.പി പ്രവർത്തകർ ശാന്തി മന്ത്രം ചൊല്ലി. ഇത് അവഗണിച്ച് സി.പി.എം പ്രവർത്തകർ മൃതദേഹമെടുത്ത് സംസ്‌കരിക്കാനായി നീങ്ങി. ഇതിനെ ബി.ജെ.പി പ്രവർത്തകർ എതിർത്തത്തോടെ മൃതദേഹത്തിനായി പിടിവലിയായി. പിന്നാലെ പോർവിളിയും സംഘർഷവും നടന്നു. തുടർന്ന് ഇരിട്ടി, ഉളിക്കൽ, കരിക്കോട്ടക്കിരി സ്റ്റേഷണുകളിൽ നിന്നായി മുപ്പത്തിലധികം പൊലീസുകാർ സ്ഥലത്ത് എത്തി. രാത്രി വൈകി ചിത കത്തി തീരും വരെ സ്ഥലത്ത് പൊലീസ് കാവൽ നിന്നു. സംഘർഷം വ്യാപിക്കാതിരിക്കാൻ ഇന്ന് കുയിലൂരിൽ പൊലീസ് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
Adjust Story Font
16