Quantcast

വിദ്വേഷ പരാമര്‍ശം: പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

18 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോട്ടയം സെഷന്‍സ് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    18 Jan 2025 1:46 AM

Kottayam Sessions Court to consider BJP leader PC Georges anticipatory bail plea in anti-Muslim hate speech case again today, PC George hate speech, PC George case
X

കോട്ടയം: മുസ്‌ലിം വിരുദ്ധ വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കോട്ടയം സെഷന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുക. 18 വരെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നത്.

ജനുവരി ആറിന് 'ജനം ടിവി'യില്‍ നടന്ന ചര്‍ച്ചയിലായിരുന്നു പി.സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശം. ഇന്ത്യയിലെ മുസ്‌ലിംകള്‍ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊന്നുവെന്നുമായിരുന്നു വിവാദ പരാമര്‍ശം. മുസ്‌ലിംകള്‍ പാകിസ്താനിലേക്കു പോകണമെന്നും ജോര്‍ജ് ചര്‍ച്ചയില്‍ പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി, കെ.ടി ജലീല്‍, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരെല്ലാം ചേര്‍ന്ന് പാലക്കാട്ട് ബിജെപിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. ഈരാറ്റുപേട്ടയില്‍ മുസ്ലിം വര്‍ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും അദ്ദേഹം ചര്‍ച്ചയില്‍ ആരോപിച്ചു.

ഇക്കാര്യങ്ങള്‍ ചുണ്ടിക്കാട്ടി വിഡിയോ സഹിതമാണ് ഈരാറ്റുപേട്ട മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, പിഡിപി തുടങ്ങി സംഘടനകള്‍ പരാതി നല്‍കിയത്. ഏഴോളം പരാതികളാണ് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തത്.

വിദ്വേഷ പരാമര്‍ശത്തില്‍ ഈരാറ്റുപേട്ട പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് പി.സി ജോര്‍ജിനെതിരെ കേസെടുത്തിരുന്നു. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു നടപടി.

പരാതിയില്‍ പൊലീസ് കേസെടുക്കാന്‍ വൈകിയതിലും അറസ്റ്റ് നടപടികള്‍ക്ക് തയാറാകാത്തതിലും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

Summary: Kottayam Sessions Court to consider BJP leader PC George's anticipatory bail plea in anti-Muslim hate speech case again today

TAGS :

Next Story