Quantcast

വിവാദ പ്രസ്താവനക്ക് മുമ്പ് ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ബി.ജെ.പി

ബിഷപ്പിന്റെ വിവാദ പ്രസ്താവനക്ക് രണ്ട് ദിവസം മുമ്പായിരുന്നു കൂടിക്കാഴ്ച. ബി.ജെ.പി കണ്ണൂർ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൂടിക്കാഴ്ച നടത്തിയത്

MediaOne Logo

Web Desk

  • Updated:

    2023-03-20 06:13:27.0

Published:

20 March 2023 5:18 AM GMT

BJP leaders met with Joseph Pamplani, breaking news malayalam
X

കണ്ണൂര്‍: തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുമായി ബി.ജെ.പി നേതാക്കൾ കൂടിക്കാഴ്ച നടത്തി. ബിഷപ്പിന്റെ വിവാദ പ്രസ്താവനക്ക് രണ്ട് ദിവസം മുമ്പായിരുന്നു കൂടിക്കാഴ്ച. ബി.ജെ.പി കണ്ണൂർ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൂടിക്കാഴ്ച നടത്തിയത്. റബ്ബറിന്റെ വിലത്തകർച്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായെന്ന് ബി.ജെ.പി വ്യക്തമാക്കി.

ബി.ജെ.പി സഹായിച്ചാൽ തിരിച്ചും സഹായിക്കാൻ മടിയില്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ഇന്നലെ പറഞ്ഞത് ഏറെ വിവാദമായിരുന്നു. മലയോര കർഷകരുടെ ഗതികേടാണ് ഞാൻ പറഞ്ഞത്. രാജ്യം ഭരിക്കുന്ന കക്ഷിയോട് ഒരു സഭയ്ക്കും അകൽച്ചയില്ല. ആരുമായും ചർച്ചയ്ക്ക് തയ്യാറാണെന്നും പാംപ്ലാനി മാധ്യമങ്ങളോട് പറഞ്ഞു.

'ജപ്തി നോട്ടീസുകൾ കുടുംബങ്ങളിൽ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് മലയോര കർഷകർക്ക് മുന്നിലുള്ളത്. സമ്പൂർണ്ണമായ അന്ധകാരം മാത്രമാണ് കർഷകൻറെ മുമ്പിലുള്ളത്. ആകെ കൂടിയുള്ള അവരുടെ വരുമാന മാർഗം റബർ കൃഷിയാണ്.



ആ റബറിനെ ആരാണ് പിന്തുണക്കുന്നത് അവർക്ക് ഞങ്ങൾ പിന്തുണ നൽകും എന്ന് പറയുന്നത് മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഒന്നും വെച്ചു കൊണ്ടല്ല. മറിച്ച് കർഷകന്റെ അവസ്ഥ അത്രമേൽ ദയനീയമാണ് എന്ന് അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുക എന്നുള്ളതാണ് ഞങ്ങൾ ലക്ഷ്യമാക്കിയത്. റബറിന്റെ വിലയെ സ്വാധീനിക്കാൻ ഇപ്പോൾ കഴിയുന്നത് ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസർക്കാരിനാണ്. അത് ഞാൻ എടുക്കുന്ന ഒരു തീരുമാനമായിട്ടല്ല. അത് കുടിയേറ്റ കർഷകരുടെ അല്ലെങ്കിൽ മലയോര കർഷകർ എടുക്കുന്ന തീരുമാനമാണ്'..അദ്ദേഹം പറഞ്ഞു.






കേന്ദ്രസർക്കാർ റബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ ബി. ജെ.പിയെ സഹായിക്കുമെന്നായിരുന്നു ബിഷപ്പ് ജോസഫ് പാംപ്ലാനി കഴിഞ്ഞദിവസം പറഞ്ഞത്. കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കർഷകറാലിയിലായിരുന്നു ആർച്ച് ബിഷപ്പിന്റെ പ്രതികരണം. കേരളത്തിൽ ഒരു എം.പിപോലുമില്ലെന്ന ബി.ജെ.പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരും. ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കർഷകർ തിരിച്ചറിയണം. കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കിൽ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു.


അതേസമയം, ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞത് നൂറ് ശതമാനവും തങ്ങളുടെ നിലാപാടാണെന്ന് കത്തോലിക്ക കോൺഗ്രസും വ്യക്തമാക്കിയത്. സംസ്ഥാന സർക്കാർ വാക്കുപാലിക്കാതെ കർഷകരെ വഞ്ചിച്ചെന്നും കത്തോലിക്ക കോൺഗ്രസ് ദേശീയ ജന സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു.

തലശ്ശേരി ആർച്ച് ബിഷപ് ജോസഫ് പാംബ്ലാനിയുടെ പ്രസ്താവനയെ കേരളത്തിലെ കത്തോലിക്കർ പിന്തുണക്കില്ലെന്ന് ഫാദർ പോൾ തേലക്കാട് വ്യക്തമാക്കി. പത്തുകാശിന് ആത്മാവിനെ വിൽക്കുന്നത് പോലുള്ള നടപടിയാണിത്. റബർവിലയെ അടിസ്ഥാനമാക്കി രാഷ്ട്രീയം തീരുമാനമെടുക്കുന്നത് ആത്മഹത്യാപരമാണെന്നും ഫാദർ പോൾ തേലക്കാട് മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story