മറ്റു പാര്‍ട്ടികള്‍ വിട്ട് ബിജെപിയിലെത്തുന്നവര്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നതിനെതിരെ പാര്‍ട്ടിയില്‍ കലാപം
എന്‍ഡിഎ കാസര്‍കോട് മണ്ഡലം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷനില്‍ സി.കെ പത്മനാഭനെ തഴഞ്ഞ് പത്മജ വേണുഗോപാലിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചതില്‍ പ്രതിഷേധം ശക്തമാണ്.
തിരുവനന്തപുരം: മറ്റു പാര്‍ട്ടികള്‍ വിട്ട് ബിജെപിയിലെത്തുന്നവര്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നതിനെതിരെ ബിജെപിയില്‍ കലാപം. ബി ജെ പിക്ക് വേണ്ടി കാലങ്ങളായി പ്രവര്‍ത്തിക്കുന്നവരെ പാര്‍ട്ടി തഴയുന്നെന്നാണ് ആക്ഷേപം. എന്‍ഡിഎ കാസര്‍കോട് മണ്ഡലം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷനില്‍ സി.കെ പത്മനാഭനെ തഴഞ്ഞ് പത്മജ വേണുഗോപാലിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചതില്‍ പ്രതിഷേധം ശക്തമാണ്.
കഴിഞ്ഞ ദിവസം നടന്ന എന്‍ഡിഎ കാസര്‍കോട് മണ്ഡലം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ പാര്‍ട്ടി ആദ്യം നിശ്ചയിച്ചിരുന്നത് ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ സി.കെ.പത്മനാഭനെയായിരുന്നു. എന്നാല്‍ നിലവിളക്കു കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ സംഘാടകര്‍ വേദിയിലേക്കു ക്ഷണിച്ചത് പത്മജയെ ആയിരുന്നു. ഇതിലുള്ള തന്റെ നീരസം പരസ്യമായി തന്നെ സി.കെ.പത്മനാഭന്‍ പ്രകടിപ്പിച്ചു. പത്മജ നിലവിളക്കു കൊളുത്തുമ്പോള്‍ മറ്റ് നേതാക്കള്‍ ചുറ്റും എഴുന്നേറ്റ് നിന്നെങ്കിലും സി.കെ.പത്മനാഭന്‍ കസേരയില്‍ നിന്ന് എഴുന്നേറ്റില്ല. പത്മജ പ്രസംഗം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ സി.കെ.പത്മനാഭന്‍ വേദി വിട്ട് ഇറങ്ങുകയും ചെയ്തു. പാര്‍ട്ടി ഒന്നുമല്ലാതിരുന്നപ്പോള്‍ ത്യാഗം ചെയ്ത നേതാക്കളെ അവഗണിച്ച് മറ്റു പാര്‍ട്ടിയില്‍ നിന്നു വരുന്നവര്‍ക്ക് പ്രത്യേക സ്ഥാനമാനങ്ങള്‍ നല്‍കുന്നതില്‍ പ്രവര്‍ത്തകര്‍ക്കും അമര്‍ഷമുണ്ട്.
Adjust Story Font
16