'മൂന്ന് വർഷമായി പാലക്കാട് താമസം, ഇരട്ടവോട്ട് ഒഴിവാക്കേണ്ടത് കമ്മിഷൻ'- കെ.എം ഹരിദാസ്
"നേതാക്കന്മാർ എവിടെയാണോ ഉള്ളത്, അവിടെ വോട്ട് ചേർക്കുന്നത് ഇതാദ്യത്തെ സംഭവമല്ല... അത് പ്രശ്‌നമാണെങ്കിൽ കുറേയധികം വ്യാജവോട്ടുകളുണ്ടാകും"
പാലക്കാട്: വ്യാജവോട്ട് ആരോപണത്തിൽ കുടുങ്ങി ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എം ഹരിദാസ്. ഹരിദാസിന് പട്ടാമ്പിയിലും പാലക്കാട്ടും വോട്ടുണ്ടെന്നായിരുന്നു സിപിഎമ്മും കോൺഗ്രസും ആരോപിച്ചത്. എന്നാൽ താൻ മൂന്ന് വർഷമായി പാലക്കാട് താമസിക്കുന്നതിനാലാണ് പാലക്കാട് മണ്ഡലത്തിൽ വോട്ട് ചേർത്തത് എന്നാണ് ഹരിദാസിന്റെ വിശദീകരണം. ഇരട്ട വോട്ട് ഒഴിവാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണെന്നും ഹരിദാസൻ മീഡിയവണിനോട് പറഞ്ഞു.
ഹരിദാസന്റെ പ്രതികരണം:
"കഴിഞ്ഞ കുറച്ച് കാലങ്ങളായി പാലക്കാട് കേന്ദ്രീകരിച്ചാണ് എന്റെ പ്രവർത്തനം. മൂന്ന് വർഷമായി താമസവും പാലക്കാടാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പട്ടികയിൽ പേര് ചേർക്കാൻ കൊടുത്തെങ്കിലും കയറിയില്ല. അതിന് ശേഷം കൊടുത്തപ്പോൾ കയറി, അത്രേയുള്ളൂ. ഇരട്ടവോട്ട് എത്രയോ ആളുകൾക്കുണ്ട്. അതൊഴിവാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ജോലിയല്ലേ. മാത്രമല്ല ഇരട്ടവോട്ട് ചെയ്താലല്ലേ കുഴപ്പമുള്ളു. ഇവിടെ താമസിക്കുന്നത് കൊണ്ട് ഇവിടെ വോട്ട് ചേർത്തു, അത്ര തന്നെ.
മൂന്ന് വർഷമായി ബിജെപി ജില്ലാ ഓഫീസിലാണ് താമസം. അതിനാലാണ് വോട്ട് ഇവിടെ ചേർത്തത്. നേതാക്കന്മാർ എവിടെയാണോ ഉള്ളത്, അവിടെ വോട്ട് ചേർക്കുന്നത് ഇതാദ്യത്തെ സംഭവമല്ല. അത് പ്രശ്‌നമാണെങ്കിൽ കുറേയധികം വ്യാജവോട്ടുകളുണ്ടാകും. നിയമപരമായ ഒരു തെറ്റും അതിൽ കാണുന്നില്ല".
Adjust Story Font
16