'റോഡ് ഷോയിൽ പങ്കെടുക്കാത്തത് ഡല്‍ഹിയിലായിരുന്നതിനാൽ': പാലക്കാട് BJPയിലെ തർക്കം തള്ളി നേതാവ് ഇ.കൃഷ്ണദാസ്
ശോഭ സുരേന്ദ്രന്റെ ഫ്‌ലക്‌സ് കത്തിച്ചതിൽ പാർട്ടിക്ക് പങ്കില്ലെന്ന് കൃഷ്ണദാസ്
പാലക്കാട്: പാലക്കാട് ബിജെപിയിലെ തർക്കം തള്ളി ബിജെപി സംസ്ഥാന ട്രഷറർ ഇ.കൃഷ്ണദാസ്. പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോയിൽ പങ്കെടുക്കാതിരുന്നത് താൻ പാര്‍ട്ടിയുടെ മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലായിരുന്നത് കൊണ്ടാണെന്നും കൃഷ്ണദാസ് പറഞ്ഞു. ശോഭ സുരേന്ദ്രന്റെ ഫ്‌ലക്‌സ് കത്തിച്ചതിൽ പാർട്ടിക്ക് പങ്കില്ലെന്നും കൃഷ്ണദാസ് മീഡിയവണ്ണിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന സി.കൃഷ്ണകുമാറിന്‍റെ റോഡ് ഷോയിൽ നിന്ന് സംസ്ഥാന ഭാരവാഹി ഉൾപ്പെടെ വിട്ടു നിന്നിരുന്നു. ശോഭാ സുരേന്ദ്രൻ പക്ഷവും പാലക്കാട് നഗരസഭയിലെ ഭൂരിഭാഗം ബിജെപി കൗൺസിലർമാരും റോഡ് ഷോയിൽ എത്തിയിരുന്നില്ല.
പാലക്കാട് നഗരസഭാ ഓഫീസിന് മുന്നിൽ വെച്ച ശോഭ സുരേന്ദ്രന്റെ ഫ്ലക്സ് കത്തിച്ച സംഭവവും വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. മണ്ഡലം കമ്മിറ്റി യോഗവും ശോഭ പക്ഷം ബഹിഷ്കരിച്ചിരുന്നു. 70ലേറെ പേർ പങ്കെടുക്കേണ്ട യോഗത്തിന് 21 പേർ മാത്രമാണ് എത്തിയത്.
നഗരസഭ കൗൺസിലര്‍മാരിൽ ഭൂരിഭാഗം പേരും യോഗത്തിൽ പങ്കെടുത്തില്ല. തെരെഞ്ഞെടുപ്പ് കമ്മിറ്റി ഏകപക്ഷീയമായി, ശോഭാ പക്ഷ നേതാക്കളെ ഒഴിവാക്കിയതിലായിരുന്നു പ്രതിഷേധം. സി. കൃഷ്ണകുമാർ പക്ഷവും ശോഭാ സുരേന്ദ്രൻ പക്ഷവും കാലങ്ങളായി രണ്ടു ചേരികളായാണ് പാലക്കാട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
Adjust Story Font
16