എംപുരാന്റെ സെൻസറിങ്ങിൽ ആർഎസ്എസ് നോമിനികൾക്ക് വീഴ്ചയുണ്ടായെന്ന് ബിജെപി
ഫേസ്ബുക്ക് പോസ്റ്റിട്ടത് ഉള്ളടക്കത്തെ പിന്തുണച്ചല്ലെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: എമ്പുരാന്റെ സെൻസറിങ്ങിൽ ആർഎസ്എസ് നോമിനികൾക്ക് വീഴ്ച ഉണ്ടായെന്ന് ബിജെപി. കോർ കമ്മിറ്റി യോഗത്തിലാണ് സെൻസറിങ്ങിനെതിരെ ബിജെപിയുടെ വിമർശനം. എംപുരാനെതിരായ പ്രചരണം ബിജെപി ഏറ്റെടുക്കേണ്ടതില്ലെന്ന് കോർ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു. ഉള്ളടക്കത്തെ പിന്തുണച്ചല്ല തന്റെ ഫേസ്ബുക്ക് പോസ്റ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ഗോധ്രാ കലാപമടക്കം എംപുരാനിൽ ഉൾപ്പെട്ടത് സെൻസറിങ്ങിലെ വീഴ്ചയാണെന്നാണ് കോർ കമ്മിറ്റി യോഗത്തിലെ ബിജെപി വിമർശനം. ഇക്കാര്യത്തിൽ സെൻസർ ബോർഡിലെ നോമിനികൾക്ക് വീഴ്ച സംഭവിച്ചു. തപസ്യ ജനറൽ സെക്രട്ടറി ജി.എം മഹേഷ് അടക്കം നാല് പേരാണ് സ്ക്രീനിങ്ങ് കമ്മിറ്റിയിലുണ്ടായിരുന്ന അംഗങ്ങൾ. ഇവർക്കെതിരെ സംഘടനാതല നടപടിയുണ്ടാകുമെന്ന സൂചന ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകി.
ബിജെപിയുടെ നോമിനികൾ സെൻസർ ബോർഡിൽ ഇല്ലെന്ന് മുൻ അധ്യക്ഷൻ കെ. സുരേന്ദ്രൻ വിശദീകരിച്ചു. എംപുരാനെതിരായ പ്രചരണം ബിജെപി നടത്തുന്നില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രതികരിച്ചു. ചില വ്യക്തികൾ നടത്തുന്നതിന് സംഘടനയുമായി ബന്ധമില്ലെന്നും ബിജെപി വ്യക്തമാക്കി.
സിനിമയ്ക്ക് പിന്തുണ അറിയിച്ചു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനെ രാജീവ് ചന്ദ്രശേഖരൻ ന്യായീകരിച്ചു. സിനിമയുടെ ഉള്ളടക്കത്തെ അല്ല പിന്തുണയ്ക്കുന്നത്. മോഹൻലാൽ നല്ല സുഹൃത്താണെന്ന് രാജീവ് ചന്ദ്രശേഖർ കോർ കമ്മിറ്റി യോഗത്തിൽ പറഞ്ഞു. ഒരു വിഭാഗം നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ സിനിമയെ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതിനിടയിലാണ് സിനിമയ്ക്കെതിരായ പ്രചരണം ബിജെപി ഏറ്റെടുക്കേണ്ടതില്ലെന്ന തീരുമാനം കോർ കമ്മിറ്റിയിൽ ഉണ്ടായത്. ഇന്നലെ മുതൽ വലിയ സൈബർ ആക്രമണമാണ് സിനിമയുടെ അണിയറ പ്രവർത്തകർക്ക് നേരെ സംഘപരിവാർ അനുകൂലികൾ സമൂഹമാധ്യമത്തിൽ നടത്തുന്നത്.
Adjust Story Font
16