Quantcast

''കുട കുത്തിപ്പിടിക്കാനാണ്''; മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തിയ വയോധികനിൽനിന്നും കറുത്ത കുട വാങ്ങിവയ്ക്കാൻ ഉദ്യോഗസ്ഥരുടെ ശ്രമം; കോഴിക്കോട്ടും കനത്ത സുരക്ഷ

കരിങ്കൊടി പ്രയോഗങ്ങളടക്കമുള്ള പ്രതിഷേധ പരിപാടികൾ നടക്കുന്നതിനാൽ കറുത്ത മാസ്‌ക്കിനും കുടകൾക്കുമെല്ലാം മുഖ്യമന്ത്രിയുടെ പരിപാടികളിൽ വിലക്കുണ്ട്

MediaOne Logo

Web Desk

  • Published:

    12 Jun 2022 11:21 AM GMT

കുട കുത്തിപ്പിടിക്കാനാണ്; മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തിയ വയോധികനിൽനിന്നും കറുത്ത കുട വാങ്ങിവയ്ക്കാൻ ഉദ്യോഗസ്ഥരുടെ ശ്രമം; കോഴിക്കോട്ടും കനത്ത സുരക്ഷ
X

കോഴിക്കോട്: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെങ്ങും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെ വൻ സുരക്ഷയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളിൽ ഒരുക്കിയിരിക്കുന്നത്. ഇന്ന് കോഴിക്കോട്ടും കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഒരുക്കിയിരിക്കുന്നത്. കരിങ്കൊടി പ്രയോഗങ്ങളടക്കമുള്ള പ്രതിഷേധ പരിപാടികൾ നടക്കുന്നതിനാൽ കറുത്ത മാസ്‌ക്കിനും കുടകൾക്കുമെല്ലാം മുഖ്യമന്ത്രിയുടെ പരിപാടികളിൽ വിലക്കുണ്ട്.

അതിനിടെ, കോഴിക്കോട്ടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ വയോധികനിൽനിന്ന് കറുത്ത കുട വാങ്ങിവയ്ക്കാൻ സുരക്ഷാ ഉദ്യോഗസ്ഥൻ ശ്രമിച്ചു. കുട ഇവിടെ വച്ചോട്ടെ എന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ ചോദിച്ചപ്പോൾ, കുത്തിപ്പിടിക്കാനാണെന്നായിരുന്നു മറുപടി. ഇതോടെ പരിശോധനകൾക്കു ശേഷം കുട വിട്ടുകൊടുക്കുകയും ചെയ്തു. പരിപാടിക്കെത്തിയവരിൽനിന്ന് കറുത്ത കുടകൾ വേദിക്കു പുറത്ത് വാങ്ങിവച്ചിട്ടുണ്ട്.

ഇതേ സുരക്ഷാ ഉദ്യോസ്ഥൻ തന്നെ നേരത്തെ കറുത്ത മാസ്‌ക് ധരിച്ചായിരുന്നു വേദിയിൽ സുരക്ഷാക്രമീകരണങ്ങൾ പരിശോധിക്കാനെത്തിയത്. പിന്നീട് ഇദ്ദേഹത്തെ കറുത്ത മാസ്‌ക് മാറ്റി ചുവപ്പു മാസ്‌ക് ധരിച്ചുവന്നതു കണ്ട് ഇക്കാര്യം കാമറാമാൻ ചോദിച്ചു. ചിരി മാത്രമായിരുന്നു മറുപടി.

അതിനിടെ, കോഴിക്കോട്ടും മുഖ്യമന്ത്രിക്കെതിരെ വഴിനീളെ പ്രതിഷേധം അരങ്ങേറി. മുഖ്യമന്ത്രി കോഴിക്കോട്ടേക്ക് വരുന്ന വഴി കോട്ടക്കലിൽ യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. പന്തീരങ്കാവിൽ യുവമോർച്ച പ്രവർത്തകരുടെ നേതൃത്വത്തിലും മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ കരിങ്കൊടി പ്രയോഗം നടന്നു. കാരപ്പറമ്പിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുന്നവർ കറുപ്പ് വസ്ത്രവും മാസ്‌കും ധരിക്കരുതെന്ന് പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്. പൊലീസാണ് ഇതു സംബന്ധിച്ച നിർദേശം നൽകിയതെന്നാണ് സംഘാടകരുടെ വിശദീകരണം. കറുത്ത മാസ്‌കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ അറിയിച്ചിരുന്നു. സുരക്ഷ കർശനമാക്കിയ സാഹചര്യത്തിൽ പൊലീസ് സ്വീകരിച്ചതാവാം അത്തരം നടപടിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

Summary: Officials try to get a black umbrella from an elderly man who came to the CM's event; Heavy security in Kozhikode

TAGS :

Next Story