മുഖ്യമന്ത്രിക്കെതിരെ വഴിനീളെ പ്രതിഷേധം, കരിങ്കൊടി പ്രയോഗം; കോഴിക്കോട്ട് വന്‍ സുരക്ഷ
മുഖ്യമന്ത്രിയുടെ യാത്ര എളുപ്പമാക്കുന്നതിന് കോഴിക്കോട്ടെ പ്രധാന ജംഗ്ഷനുകളിൽ മാത്രമാണ് പൊലീസ് അൽപസമയം വാഹനങ്ങൾ തടഞ്ഞുനിർത്തിയത്
കോഴിക്കോട്: മുഖ്യമന്ത്രിയുടെ കോഴിക്കോട്ടെ പരിപാടികളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി പൊലീസ്. പന്തീരങ്കാവിൽ യുവ മോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. കോഴിക്കോട്ടേക്ക് വരുന്ന വഴി കോട്ടയ്ക്കലിൽ യൂത്ത് ലീഗ് പ്രവർത്തകരും കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തി. ജില്ലയിൽ കരിങ്കൊടി പ്രതിഷേധങ്ങൾക്കുള്ള സാധ്യത ഇനിയും നില നിൽക്കുന്നതിനാൽ മുഖ്യമന്ത്രിയുടെ സുരക്ഷ കർശനമാക്കാൻ തന്നെയാണ് പൊലീസിന്റെ തീരുമാനം.
കാരപ്പറമ്പിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുന്നവർ കറുപ്പ് വസ്ത്രവും മാസ്‌കും ധരിക്കരുതെന്ന് പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച നിർദേശം പൊലീസാണ് നൽകിയതെന്ന് സംഘാടകർ വ്യക്തമാക്കി. കറുത്ത മാസ്‌കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ അറിയിച്ചിരുന്നു. സുരക്ഷ കർശനമാക്കിയ സാഹചര്യത്തിൽ പൊലീസ് സ്വീകരിച്ചതാവാം അത്തരം നടപടിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദമാക്കി.
കോഴിക്കോട് ജില്ലയിൽ എല്ലായിടത്തും റോഡുകൾ അടച്ചുകൊണ്ടുള്ള സുരക്ഷ നടപടികൾ പൊലീസ് സ്വീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ യാത്രാ എളുപ്പമാക്കുന്നതിന് വേണ്ടി കോഴിക്കോട്ടെ പ്രധാന ജംഗ്ഷനുകളിൽ മാത്രമാണ് വാഹനങ്ങൾ പൊലീസ് അൽപ്പ സമയം തടഞ്ഞു നിർത്തിയത്. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിലൂടെ ജനങ്ങൾ പ്രയാസപ്പെടുകയാണെന്ന തരത്തിൽ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ അത്തരം ആക്ഷേപങ്ങൾക്ക് വഴിവെക്കുന്ന നടപടികൾ കോഴിക്കോട് ജില്ലയിൽ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.
തവനൂരിൽ മുഖ്യമന്ത്രി പങ്കെടുത്ത ജയിൽ ഉദ്ഘാടന ചടങ്ങിൽ എത്തിയവരോട് കറുത്ത മാസ്‌ക് മാറ്റാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. പകരം പൊലീസ് അവർക്ക് മഞ്ഞ മാസ്‌ക് നൽകി. കനത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രിക്കെതിരെ ഇന്നും പ്രതിപക്ഷ പ്രതിഷേധമുണ്ടാവുകയാണുണ്ടായത്. കുറ്റിപ്പുറം മിനി പമ്പയിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധിച്ചു. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പൊലീസുകാരും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയതിന് ശേഷം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതിനിടെ കറുത്ത മാസ്‌ക് അഴിപ്പിക്കുന്നതിനെ ന്യായീകരിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ രംഗത്തെത്തി. കറുത്ത മാസ്‌കും ഷർട്ടും തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധമെന്ന് ചോദിച്ച ജയരാജൻ, മാധ്യമങ്ങൾ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ അക്രമം നടത്താൻ ലക്ഷ്യമിടുന്നവർക്ക് പ്രോത്സാഹനം നൽകരുതെന്ന് ജയരാജൻ പറഞ്ഞു.
Adjust Story Font
16