ബ്ലാക്ക് ഫംഗസ്; സംസ്ഥാനത്ത് ഒരു മരണം, കോഴിക്കോട് ഒരാഴ്ചക്കിടെ 10 പേര്‍ക്ക് രോഗം
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരിച്ചത് പത്തനംതിട്ട സ്വദേശിനി
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ഒരാൾ മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ച പത്തനംതിട്ട സ്വദേശിനിക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് മരണം കൂടുന്നതും ആശങ്ക വർധിപ്പിക്കുന്നു. ഇന്നലെ മാത്രം 128 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്..
കന്യകുമാരിയിൽ അധ്യാപികയായ പത്തനംതിട്ട സ്വദേശിനി അനീഷക്ക് ഈ മാസം ഏഴിനാണ് കോവിഡ് സ്ഥിരീകരിച്ചത്. നാഗര്‍കോവില്‍ മെഡിക്കല്‍ കോളജിൽ ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവ് ആയെങ്കിലും ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പച്ചു. എന്നാൽ മരണം സംഭവിക്കുകയായിരുന്നു . തുടർന്ന് നടത്തിയ പരിശോധനയിലാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. അനീഷയുടെ ഭർത്താവും കോവിഡ് പോസിറ്റീവ് ആയിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗികളില്‍ ബ്ലാക്ക് ഫംഗസ് ബാധ കൂടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരാഴ്ചക്കിടെ പത്ത് പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 10 പേരാണ് ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് ചികിത്സയിലുള്ളത്. ഇന്നലെ മാത്രം മൂന്ന് പേരാണ് ചികിത്സ തേടിയത്. ആറ് മാസത്തിനിടെ 14 കേസുകള്‍. കോവിഡ് നെഗറ്റീവായവരിലും പോസിറ്റീവായി തുടരുന്നവരിലും ബ്ലാക്ക് ഫംഗസ് കാണുന്നുണ്ട്.
പ്രമേഹരോഗികളിലാണ് രോഗം ഗുരുതരമാകുന്നത്. ഫംഗസ് ബാധയെ തുടര്‍ന്ന് രക്തയോട്ടമില്ലാത്ത ഭാഗങ്ങള്‍ നീക്കം ചെയ്യേണ്ടിവരും. ചികിത്സയിലിരിക്കുമ്പോള്‍ ബ്ലാക്ക് ഫംഗസിന്‍റെ ലക്ഷണങ്ങള്‍ കാണുന്നുണ്ടോയെന്ന് നിരീക്ഷിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് കേസുകളിൽ നേരിയ കുറവ് ഉണ്ടാകുമ്പോഴും മരണനിരക്ക് ഉയരുകയാണ്. 128 പേരുടെ മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്. ആകെ മരണം 6652 ആയി. കടുത്ത നിയന്ത്രണങ്ങളുള്ള മലപ്പുറത്തും തിരുവനന്തപുരത്തും രോഗവ്യാപനം ഇപ്പോഴും രൂക്ഷമാണ്.
Adjust Story Font
16