മുതലപ്പൊഴി ബോട്ട് അപകടം: മൂന്ന് പേരെ കണ്ടെത്താനായില്ല
പ്രതികൂല കാലാവസ്ഥ കാരണം രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്.
തിരുവനന്തപുരത്തെ മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. ഇനി രക്ഷപ്പെടുത്താനുള്ളത് മൂന്ന് പേരെയെന്ന് നിഗമനം. പ്രതികൂല കാലാവസ്ഥ കാരണം മണിക്കൂറുകളായി രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്.
മുതലപ്പൊഴിയില്‍ നിന്ന് 23 പേരുമായി മത്സ്യബന്ധനത്തിന് പോയ വള്ളം അപകടത്തില്‍ പെടുന്നത് ഇന്നുച്ചയ്ക്കാണ്. കരയിലേക്ക് തിരിച്ചുവരുന്നതിനിടെ സഫ മർവ എന്ന ബോട്ടാണ് തിരയിൽ പെട്ട് മറിഞ്ഞത്. മറ്റ് ബോട്ടുകളിലായെത്തിയ മത്സ്യത്തൊഴിലാളികൾ 9 പേരെ രക്ഷപ്പെടുത്തി. വർക്കല സ്വദേശികളായ ഷാനവാസ്, നിസാം എന്നിവരുടെ ജീവന്‍ രക്ഷിക്കാനായില്ല. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ആദ്യ ഘട്ടത്തില്‍ വന്ന വിവരം. 9 പേർ നീന്തിരക്ഷപ്പെട്ടെന്ന് പിന്നീട് വിവരം ലഭിച്ചു. വർക്കല സ്വദേശികളായ മുസ്തഫ, ഉസ്മാൻ, സമദ് എന്നിവരെയാണ് കണ്ടെത്താനുള്ളത്.
ശക്തമായ കാറ്റും തിരമാലയും മൂലം രക്ഷാപ്രവര്‍ത്തനം മൂന്ന് മണിയോടെ നിര്‍ത്തി. രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചു. കടലിൽ നിരീക്ഷണം നടത്തുന്ന നാവികസേനയുടെ കപ്പലും കൊച്ചിയിൽ നിന്ന് കോസ്റ്റ് ഗാർഡ് ഹെലികോപ്ടറും രക്ഷാപ്രവർത്തനത്തിന് എത്തുമെന്ന് അറിയിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ തിരിച്ചടിയായി. കാലാവസ്ഥ മോശമായാല്‍ തെരച്ചില്‍ രാവിലെ പുനരാരംഭിക്കാനാണ് തീരുമാനം.
Adjust Story Font
16